പാചകവാതക ക്ഷാമം; ബുക്ക് ചെയ്തവരുടെ കാത്തിരിപ്പ് നീളുന്നു
text_fieldsബുക്ക് ചെയ്തിട്ടും പാചകഗ്യാസ് ലഭിക്കാത്തതിനെ തുടർന്ന് ഇരിട്ടി
ഗ്യാസ് ഏജൻസിക്ക് മുന്നിലെത്തി പ്രതിഷേധിക്കുന്ന ഉപഭോക്താക്കൾ
കേളകം: പാചകവാതകത്തിന്റെ ലഭ്യതക്കുറവും ബുക്ക് ചെയ്തിട്ടും സിലിണ്ടർ ലഭിക്കാത്തതും പ്രതിഷേധത്തിനിടയാക്കുന്നു. കേളകം ഇൻഡെയിൻ ഗ്യാസ് ഏജൻസിയിൽ ബുക്ക് ചെയ്ത് മാസങ്ങൾ കഴിഞ്ഞിട്ടും സിലിണ്ടർ ലഭിക്കാതെ നൂറുകണക്കിന് ഉപഭോക്താക്കൾ കാത്തിരിക്കുകയാണ്.
നേരത്തെ 45 ദിവസത്തെ ഇടവേളയിലായിരുന്നു ഗ്യാസ് ബുക്ക് ചെയ്യാൻ അനുമതിയുണ്ടായിരുന്നത്. ഇത് 25 ദിവസമായി കുറച്ചതോടെ ഒരേസമയം കൂടുതൽ പേർ ബുക്ക് ചെയ്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് ഏജൻസി അധികൃതർ പറഞ്ഞു. പ്രതിദിനം രണ്ട് ലോഡ് ഗ്യാസ് ആവശ്യമുള്ളപ്പോൾ നിലവിൽ മൂന്ന് ദിവസത്തിലൊരിക്കൽ മാത്രമാണ് ഒരു ലോഡ് എത്തുന്നതെന്നും അധികൃതർ വ്യക്തമാക്കി.
300 സിലിണ്ടറുകൾ വീതമുള്ള രണ്ട് ലോഡെങ്കിലും പ്രതിദിനം ലഭിച്ചാൽ മാത്രമേ ആവശ്യാനുസരണം വിതരണം നടത്താനാകൂ. ഇൻഡെയിൻ സിലിണ്ടർ റീഫില്ലിന് വീണ്ടും ചേളാരി പ്ലാന്റിനെയാണ് ആശ്രയിക്കുന്നത്. പകരം മംഗളൂരു ബോട്ട്ലിങ് പ്ലാന്റിൽനിന്ന് വിതരണം പുനഃസ്ഥാപിച്ച് ക്ഷാമത്തിന് പരിഹാരം കാണണമെന്നാണ് ഉപഭോക്താക്കളുടെ ആവശ്യം.
പാചക വാതക ലഭ്യതക്കുറവിനെതിരെ ഉപഭോക്‌താക്കളുടെ പ്രതിഷേധം
45 ദിവസം എന്നത് 25 ദിവസമായി കുറച്ചതോടെ പാചക ഗ്യാസ് ബുക്ക് ചെയ്തിട്ടും ലഭിക്കാതായതോടെ ഇരിട്ടി ഇൻഡെയിൻ ഗ്യാസ് ഏജൻസിക്ക് മുന്നിൽ ഉപഭോക്താക്കളുടെ പ്രതിഷേധം. കഴിഞ്ഞദിവസം രാവിലെ ഒമ്പതോടെ എത്തിയവരാണ് ഗ്യാസ് ലഭിക്കാതായതോടെ ഏജൻസിക്ക് മുന്നിൽ പ്രതിഷേധിച്ചത്.
45 ദിവസം എന്നത് 25 ദിവസമായി കുറച്ചതോടെ കൂട്ടത്തോടെ ബുക്ക് ചെയ്തവർക്ക് ഗ്യാസ് ലഭിക്കാതായതോടെ ഇവർ ഏജൻസിക്ക് മുന്നിൽ എത്തുകയായിരുന്നു. രണ്ടു ലോഡാണ് ഒരുദിവസം വേണ്ടതെങ്കിൽ മൂന്നു ദിവസം കൂടുമ്പോൾ ഒരു ലോഡ് മാത്രമാണ് ഇപ്പോൾ എത്തുന്നതെന്ന് ഏജൻസി അധികൃതർ പറയുന്നു. 25 ദിവസമായി ബുക്കിങ് സമയം കുറച്ചതോടെ ആളുകൾ കൂട്ടമായി ബുക്ക് ചെയ്തതാണ് പ്രശ്നങ്ങൾക്കിടയാക്കിയത്. ആവശ്യമായ ലോഡ് എത്തുന്നില്ല. ഏജൻസിയിൽ വിളിക്കുന്നവരോട് രാവിലെ വരാൻ പറയാറുണ്ടെന്നും അമ്പതും അറുപതും കുറ്റികൾ ഇവിടെ നിന്നും നൽകാറുമുണ്ടെന്നും എന്നാൽ, സാധാരണ വരാറുള്ളവരെ അപേക്ഷിച്ച് മൂന്നിരട്ടി ഉപഭോക്താക്കളാണ് ശനിയാഴ്ച എത്തിയതെന്നും ഇതാണ് പ്രശ്നങ്ങൾക്കിടയാക്കിയതെന്നും ഏജൻസി അധികൃതർ പറഞ്ഞു. പ്രതിഷേധം കനത്തതോടെ ഇരിട്ടി പൊലീസും സ്ഥലത്തെത്തി. സ്റ്റേഷനിൽ എത്തി പരാതി നൽകാൻ പൊലീസ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

