കൊട്ടിയൂർ-വയനാട് ചുരം റോഡിൽ;കെ.എസ്.ആർ.ടി.സിക്ക് പഴഞ്ചൻ ബസുകൾ
text_fieldsകേളകം: പഴകിയ ബസുകൾ സർവിസ് നടത്താൻ വിധിക്കപ്പെട്ട കൊട്ടിയൂർ-വയനാട് ചുരം റോഡിൽ കെ.എസ്.ആർ.ടി.സിക്ക് വലിമുട്ടുന്നു. മലപ്പുറം, കാസർകോട്, വയനാട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ വിവിധ ഡിപ്പോകളിൽ നിന്നായി അമ്പതിലറെ ബസുകൾ സർവിസ് നടത്തുന്ന കൊട്ടിയൂർ-വയനാട് ചുരം റോഡിൽ പഴകിയ ബസുകളാണ് കൂടുതലായി നിരത്തിലുള്ളത്.
നിലമ്പൂർ, പയ്യന്നൂർ, കണ്ണൂർ, തലശ്ശേരി, മാനന്തവാടി, സുൽത്താൻ ബത്തേരി ഡിപ്പോകളിൽ നിന്നായി വിവിധ ഭാഗങ്ങളിലേക്ക് അമ്പതിലേറെ ബസുകളാണ് യാത്രക്കാരുമായി ചുരം റോഡിലൂടെ സഞ്ചരിക്കുന്നത്. നിരന്തരം സർവിസുകൾ റദ്ദാക്കുന്നതിനെ തുടർന്ന് ബസുകളിൽ കുത്തിനിറച്ചാണ് യാത്രക്കാർ പോകുന്നത്. ഇതുമൂലം ചുരം പാതയിൽ ബസുകൾ വലിമുട്ടുന്നതും യാത്രക്കാർ ഇറങ്ങിക്കയറുന്നതും പതിവ് കാഴ്ചകൾ.
വിവിധ ഡിപ്പോകളിലേക്ക് പുതുതായി അനുവദിക്കപ്പെടുന്ന ബസുകൾ കൊട്ടിയൂർ-വയനാട് ചുരം റോഡ് വഴി സർവിസ് നടത്താൻ അനുവദിക്കാത്തതിനെതിരെ യാത്രക്കാർ പലതവണ അധികൃതർക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. കൊടും വളവുകളും ചെൻകുത്തായ മലനിരകളുമുള്ള പാതയിൽ കെ.എസ്.ആർ.ടി.സി ബസുകൾ അപകടത്തിൽ പെടുന്നത് പതിവാണ്.
കെ.എസ്.ആർ.ടി.സി ബസുകൾ ലാഭകരമായി സർവിസ് നടത്തുന്ന അപൂർവം റൂട്ടുകളിലൊന്നാണ് കൊട്ടിയൂർ വയനാട് ചുരം പാത. കെ.എസ്.ആർ.ടി.സി ബസുകൾ മാത്രം സർവിസ് നടത്തുന്ന പാതയിൽ പഴകിയ ബസുകൾ പിൻവലിച്ച് പുതിയ ബസുകൾ അനുവദിക്കണമെന്ന് കേളകം കെ.എസ്.ആർ.ടി.സി സംരക്ഷണ സമിതി, പാസഞ്ചേഴ്സ് അസോസിയേഷനും യാത്രക്കാരും അധികൃതരോട് ആവശ്യപ്പെടുന്നുണ്ടെങ്കിലും ഫലമുണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

