കേളകം ടൗൺ ഇനി കാമറക്കണ്ണിൽ
text_fieldsസി.സി.ടി.വി കാമറകളുടെ പ്രവർത്തനോദ്ഘാടനം കേളകം പൊലീസ് സ്റ്റേഷനിൽ കണ്ണൂർ റൂറൽ പൊലീസ് മേധാവി എം. ഹേമലത നിർവഹിക്കുന്നു
കേളകം: കേളകം പൊലീസിന്റെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മയിൽ കേളകം ടൗണിലും പ്രധാനപാതകളിലും സി.സി.ടി.വി നിരീക്ഷണ കാമറകൾ സ്ഥാപിച്ചു. കേളകം എസ്.എച്ച്.ഒ ജാൻസി മാത്യുവിന്റെ നേതൃത്വത്തിൽ കേളകത്തെ വിവിധ വ്യാപാരി സംഘടനകൾ, സാംസ്കാരിക സംഘടനകൾ, മാധ്യമപ്രവർത്തകർ എന്നിവരെ ഉൾപ്പെടുത്തിയ കമ്മിറ്റിയാണ് പദ്ധതി നടപ്പാക്കിയത്.
അഞ്ചുലക്ഷം രൂപയോളം സമാഹരിച്ചാണ് മഞ്ഞളാംപുറം മുതൽ കേളകം വ്യാപാര ഭവൻവരെയുള്ള ഭാഗങ്ങളിൽ 15 കാമറകൾ സ്ഥാപിച്ചത്. ഇതിൽ രണ്ട് കാമറകൾ എ.എൻ.പി.ആർ കാമറകളാണ്.
മഞ്ഞളാം ടൗൺ, കേളകം അടക്കാത്തോട് ജങ്ഷൻ, വ്യാപാരഭവനു സമീപം, കേളകം ബസ് സ്റ്റാൻഡ്, വെള്ളൂന്നി റോഡ് തുടങ്ങിയയിടങ്ങളിലെല്ലാം കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. എല്ലാം കാമറകളിൽനിന്നുള്ള ദൃശ്യങ്ങളും കേളകം പൊലീസ് സ്റ്റേഷനിലാണ് ലഭ്യമാവുക.
തലശ്ശേരി സതേൺ സെക്യൂരിറ്റിസാണ് പ്രവൃത്തി നടത്തിയത്. കേളകം പൊലീസ് സ്റ്റേഷനിൽ നടന്ന കാമറയുടെ പ്രവർത്തനോദ്ഘാടനം കണ്ണൂർ റൂറൽ പൊലീസ് മേധാവി എം. ഹേമലത ഉദ്ഘാടനം ചെയ്തു.
പേരാവൂർ ഡിവൈ.എസ്.പി എ.വി. ജോൺ അധ്യക്ഷത വഹിച്ചു. കേളകം എസ്.എച്ച്.ഒ ജാൻസി മാത്യു പദ്ധതി വിശദീകരണം നടത്തി. കേളകം ഗ്രാമപഞ്ചായത്ത് മെംബർ സുനിത രാജു വാത്യാട്ട്, യുനൈറ്റഡ് മർച്ചന്റ് ചേംബർ കേളകം യൂനിറ്റ് പ്രസിഡന്റ് കൊച്ചിൻ രാജൻ, വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം യൂനിറ്റ് പ്രസിഡന്റ് രജീഷ്, കേളകം പ്രസ് ഫോറം പ്രസിഡന്റ് അബ്ദുൽ അസീസ കണ്ണൂർ, റൂറൽ പൊലീസ് അസോസിയേഷൻ വൈസ് പ്രസിഡന്റ് ഇ.ആർ. സുരേഷ്, കേളകം എ.എസ്.ഐ സുനിൽ വളയങ്ങാടൻ എന്നിവർ സംസാരിച്ചു.