ആവേശം ചോരാതെ കൊട്ടിക്കലാശം
text_fieldsകേളകത്ത് നടന്ന എൽ.ഡി.എഫ്, യു.ഡി.എഫ് കൊട്ടിക്കലാശത്തിൽനിന്ന്
കേളകം: ഒരുമാസത്തിലേറെ നീണ്ട തെരഞ്ഞെടുപ്പ് പ്രചാരണം കലാശക്കൊട്ടോടെ അവസാനിച്ചു. ഇനിയുള്ള മണിക്കൂറുകൾ നിശബ്ദ പ്രചരണത്തിന്റേത്. പ്രചാരണത്തിന്റെ അവസാന മണിക്കൂറുകൾ ആവേശകൊടുമുടിയിലാക്കിയാണ് ഇടത്-യു.ഡി.എഫ് മുന്നണികൾ കലാശകൊട്ടിൽ അണിനിരന്നത്. തദ്ദേശ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണസമാപനത്തിന്റെ ഭാഗമായി മലയോരത്തെ പ്രധാന ടൗണുകൾ കേന്ദ്രീകരിച്ച് കൊട്ടികലാശം നടന്നു. പരസ്യപ്രചാരണത്തിന് സമാപനം കുറിച്ച് സംഘർഷങ്ങൾ ഒഴിവാക്കാൻ രാഷ്ട്രീയ പാർട്ടികൾക്ക് പ്രത്യേക സ്ഥലം നിശ്ചയിച്ചിരുന്നു. പ്രചാരണങ്ങൾ അതിരുവിടാതിരിക്കാൻ പൊലീസിന്റെ സുരക്ഷയും ഒരുക്കിയിരുന്നു.
പൊലീസിന്റെയും രാഷ്ട്രീയ പാർട്ടികളുടെയും തീരുമാനപ്രകാരം കൊട്ടികലാശം വൈകീട്ട് അഞ്ചു മണിയോടെ ആരംഭിച്ചു. കേളകത്തും കൊട്ടിയൂരിലും കണിച്ചാറിലും ഇരു മുന്നണികളുടെ നേതൃത്വത്തിൽ കൊട്ടിക്കലാശം നടന്നു. പേരാവൂരിൽ പ്രവാസി ലീഗ് നേതാവും മാധ്യമ പ്രവർത്തകനുമായ തറാൽ ഹംസയുടെ നിര്യാണത്തെ തുടർന്ന് യു.ഡി.എഫ് കൊട്ടിക്കലാശ പരിപാടി ഉപേക്ഷിച്ചു. കേളകത്ത് എൽ.ഡി.എഫിന് ബസ് സ്റ്റാൻഡിലും യു.ഡി.എഫിന് അടക്കാത്തോട് ജങ്ഷനിലുമാണ് കൊട്ടിക്കലാശത്തിന് സ്ഥലം അനുവദിച്ചത്.
കേളകത്ത് യു.ഡി.എഫ് കൊട്ടിക്കലാശത്തിന് സന്തോഷ് മണ്ണാർകുളം, ലിസി ജോസഫ്, വിപിൻ ജോസഫ്, വർഗീസ് ജോസഫ്, യൂസുഫ് ചിറക്കൽ എന്നിവരും എൽ.ഡി.എഫ് നേതൃത്വത്തിലുള്ള കൊട്ടിക്കലാശത്തിന് സി.ടി. അനീഷ്, കെ.പി. ഷാജി മാസ്റ്റർ എന്നിവരും എൻ.ഡി.എക്കായി പൈലി വാത്യാട്ട്, കെ.വി. അജി, സന്തോഷ് പ്ലാക്കാട്ട്, റോയി തോമസ് പൂവത്തിൻ മൂട്ടിൽ, കൊട്ടിയൂരിൽ യു.ഡി.എഫ് നേതാക്കളായ റോയി നമ്പുടാകം, എ.ടി. തോമസ്, പി.സി. രാമകൃഷ്ണൻ എന്നിവരും എൽ.ഡി.എഫിനായി കെ.ജെ. ജോസഫ്, പി. തങ്കപ്പൻ മാസ്റ്റർ, ടി. വിജയൻ എന്നിവരും എൻ.ഡി.എക്കായി കൊട്ടിയൂർ ശശി, അരുൺ ഭരത് എന്നിവരും കണിച്ചാറിൽ യു.ഡി.എഫിന് ചാക്കോ തൈക്കുന്നേൽ, വിനോയ് തോമസ് എന്നിവരും എൽ.ഡി.എഫിന് ആന്റണി സെബാസ്റ്റ്യൻ, പി.വി. പ്രഭാകരൻ, ഇ. ശ്രീധരൻ എന്നിവരും നേതൃത്വം നൽകി.
ആവേശം തിരതല്ലി അടക്കാത്തോട്ടിലും കൊട്ടിക്കലാശം നടത്തി. യു.ഡി.എഫിന് വേണ്ടി ലിസി ജോസഫ്, യൂസുഫ് ചിറക്കൽ, എൽ.ഡി.എഫിന് വേണ്ടി എ.എ. സണ്ണി, ജോർജ് കുട്ടി കുപ്പക്കാട് എന്നിവർ നേതൃത്വം നൽകി. എല്ലാ സ്ഥലത്തും കനത്ത പൊലീസ് കാവലിലായിരുന്നു കൊട്ടിക്കലാശം. പേരാവൂർ ഡിവൈ.എസ്.പി കെ.വി. പ്രമോദന്റെയും കേളകം എസ്.എച്ച്.ഒ ഇതിയാസ് താഹ, പ്രിൻസിപ്പൽ എസ്.ഐ വർഗീസ് തോമസ് എന്നിവരുടെ നേതൃത്വത്തിൽ കനത്ത സുരക്ഷയിലായിരുന്നു കൊട്ടിക്കലാശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

