ഓണം കഴിഞ്ഞിട്ടും പൂത്തുലഞ്ഞ് ചെണ്ടുമല്ലി; വിപണി ലഭിക്കാതെ തൊഴിലാളികൾ
text_fieldsആറളം ഫാമിലെ ചെണ്ടുമല്ലിപ്പാടത്തെ പൂ വസന്തം
കേളകം: ഓണക്കാലം കഴിഞ്ഞ ശേഷം പൂത്ത ആറളത്തെ ചെണ്ടുമല്ലിക്ക് വിപണി ലഭിക്കാതെ തൊഴിലാളികൾ. കൃഷിവകുപ്പ്, ആറളം പഞ്ചായത്ത്, ടി.ആർ.ഡി.എം, തൊഴിലുറപ്പ് പദ്ധതി എന്നിവ സംയുക്തമായി ആറളം ഫാം പുനരധിവാസ മേഖലയിൽ നടപ്പാക്കിയ ഫ്ലോറി വില്ലേജിലാണ് ചെണ്ടുമല്ലി പൂക്കൾ പൂത്തത്. ടണ്ണോളം ചെണ്ടുമല്ലി പൂക്കളാണ് വിളവെടുപ്പിന് പാകമായി നിൽക്കുന്നത്.
ഓണം വിപണി ലക്ഷ്യമാക്കി ആരംഭിച്ച ചെണ്ടുമല്ലി കൃഷിയിൽ പ്രതീക്ഷിച്ചതിൽ കൂടുതൽ വിളവ് ലഭിച്ചിരുന്നു. ഒരു ടണ്ണിന് മുകളിൽ ചെണ്ടുമല്ലി പൂക്കളാണ് ഓണത്തിന് വിറ്റത്. ഓണത്തിന് ശേഷം ലഭിച്ച തെളിഞ്ഞ കാലാവസ്ഥയിൽ വീണ്ടും ചെണ്ടുമല്ലികൾ ധാരാളമായി പൂവിടുകയായിരുന്നു.
ചെണ്ടുമല്ലി പൂക്കൾ വിൽക്കാൻ പുതിയ വഴികൾ തേടുന്നതിന്റെ ഭാഗമായി ആറളം കൃഷിഭവൻ അസി. കൃഷി ഓഫിസർ സി.കെ. സുമേഷിന്റെ നേതൃത്വത്തിൽ കീഴ്പ്പള്ളിയിൽ 50 രൂപയുടെ മാലകളാക്കി ടാക്സി സ്റ്റാൻഡിൽ നടത്തിയ വിൽപന പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ് ഉദ്ഘാടനം ചെയ്തു. മികച്ച പ്രതികരണം ലഭിച്ചതോടെ ജനപ്രതിനിധികളുടെയും വിദ്യാർഥികളുടെയും എൻ.എസ്.എസിന്റെയും സഹായത്തോടെ ഇരിട്ടി, മട്ടന്നൂർ, കണ്ണൂർ ഉൾപ്പെടെ വിവിധ മാർക്കറ്റുകളിൽ ചെണ്ടുമല്ലി ചലഞ്ച് നടത്താൻ ഒരുങ്ങുകയാണ് കൃഷി വകുപ്പും തൊഴിലാളികളും.