ജീവനക്കാരന് കോവിഡ്; കേളകം പഞ്ചായത്ത് ഓഫീസ് അടച്ചു
text_fieldsകേളകം: താൽകാലിക ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതോടെ കേളകം പഞ്ചായത്ത് ഓഫീസ് അടച്ചു. കോവിഡ് രോഗവ്യാപനത്തെ തുടര്‍ന്ന് തിങ്കളാഴ്ച കേളകം ഹൈസ്‌കൂളില്‍ നടത്തിയ ആൻറിജന്‍ പരിശോധനയിലാണ് ആറു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇതിലൊരാള്‍ പഞ്ചായത്തിലെ താൽകാലിക ജീവനക്കാരനും മൂന്നുപേര്‍ ചുമട്ടുതൊഴിലാളികളുമാണ്.
കേളകം, തൊണ്ടിയിൽ എന്നിവിടങ്ങളിൽ നടന്ന പരിശോധനയിൽ മേഖലയിലെ 14 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പൊലീസ്, പഞ്ചായത്ത്, വൈദ്യുതി വകുപ്പ് ജീവനക്കാരിലടക്കം ആൻറിജൻ പരിശോധന നടത്തി. തൊണ്ടിയില്‍ നടത്തിയ ആര്‍.ടി.പി.സി ആര്‍ ടെസ്റ്റില്‍ എട്ടു പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ കേളകം ടൗണിലെ വ്യാപാരിക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റുള്ളവര്‍ ടൗണുമായി ബന്ധപ്പെട്ടവരും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരുമാണെന്നാണ് സൂചന.
പഞ്ചായത്ത് ഓഫീസ് അണുവിമുക്തമാക്കിയ ശേഷം തുറക്കും. താൽകാലികമായി രണ്ടുദിവസത്തേക്ക് അടച്ചിടാനാണ് സേഫ്റ്റി കമ്മിറ്റി യോഗം തീരുമാനിച്ചത്. സമ്പര്‍ക്ക വ്യാപനം ഉണ്ടായ കേളകം പഞ്ചായത്തിൽ സ്ഥിതി സങ്കീർണമാകുന്നതായാണ് ആരോഗ്യ വകുപ്പ് വിലയിരുത്തുന്നത്.

