ആറളത്തെ കെ.എം വൺ മോഴയാന; മയക്കുവെടിവെച്ച് പിടികൂടാൻ ശ്രമം തുടങ്ങി
text_fieldsആറളത്തെ ഉപദ്രവകാരിയായ മോഴയാനയെ മയക്കുവെടിവെച്ച് പിടികൂടുന്നതിന് മുന്നോടിയായി നോർത്തേൺ സർക്കിൾ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ബി.എൻ. അഞ്ജൻകുമാറിന്റെ അധ്യക്ഷതയിൽ നടത്തിയ യോഗം
കേളകം: ആറളത്തെ ഉപദ്രവകാരിയായ കെ.എം (കണ്ണൂർ മഖ്ന) വൺ - മോഴയാനയെ മയക്കുവെടി വെച്ച് പിടികൂടാൻ നടപടികൾ ആരംഭിച്ചു. ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവ് പ്രകാരം, ആറളം ഫാം, ആദിവാസി പുനരധിവാസ മേഖലകളിൽ നിരന്തരം ജീവഹാനിയും വൻനാശനഷ്ടങ്ങളും വരുത്തുന്ന കണ്ണൂർ മഖ്ന എന്ന മോഴയാനയെ മയക്കുവെടിവെച്ച് പിടികൂടുന്നതിനുള്ള പ്രാരംഭ നടപടികളുടെ ഭാഗമായി വനംവകുപ്പ് തുടർപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ഒരുക്കങ്ങൾ വിലയിരുത്തുന്നതിനുമായി നോർത്തേൺ സർക്കിൾ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ബി.എൻ. അഞ്ജൻ കുമാറിന്റെ അധ്യക്ഷതയിൽ പ്രത്യേക യോഗം ചേർന്നു.
കേന്ദ്ര സർക്കാറിന്റെ മാർഗനിർദേശങ്ങൾക്ക് വിധേയമായി ആനയെ സുരക്ഷിതമായി മയക്കുവെടിവെക്കുന്നതിനായിപ്രത്യേക അഡ്വൈസറി കമ്മിറ്റിക്ക് രൂപം നൽകി. മയക്കുവെടിവെക്കുന്നതിനും തുടർനടപടികൾക്കുമായി നിയോഗിക്കേണ്ട വിദഗ്ധരടങ്ങുന്ന ഫീൽഡ് ഓപറേറ്റിങ് ടീമിനെ യോഗത്തിൽ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ആനയുടെ ആരോഗ്യ നിരീക്ഷണം നടത്തും. മയക്കുവെടി വെക്കുന്നതിന് മുന്നോടിയായി ആനയുടെ ആരോഗ്യനിലയും നിലവിലെ സ്വഭാവരീതികളും സൂക്ഷ്മമായി വിലയിരുത്തേണ്ടതുണ്ട്.
ഇതിനായി ആർ.ആർ.ടി വെറ്ററിനറി ഡോക്ടർ ഇല്യാസ് റാവുത്തറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ചൊവ്വാഴ്ച മുതൽ കാട്ടാനയെ നേരിട്ട് നിരീക്ഷിക്കും. കണ്ണൂരിൽ നടത്തിയ യോഗത്തിൽ കണ്ണൂർ ഡി.എഫ്.ഒ കെ. സജി, ആറളം വൈൽഡ് ലൈഫ് വാർഡൻ വി. രതീശൻ, അസിസ്റ്റൻറ് ഫോറസ്റ്റ് കൺസർവേറ്റർമാരായ ജി. പ്രദീപ്, എം.പി. രവീന്ദ്രനാഥൻ, ആറളം അസിസ്റ്റൻറ് വാർഡൻ രമ്യ രാഘവൻ, കൊട്ടിയൂർ റെയിഞ്ച് ഫോറസ്റ്റ് ഓഫിസർ ടി. നിതിൻരാജ്, വെറ്ററിനറി സർജൻ ഡോ. ഇല്യാസ് റാവുത്തർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

