ആദിവാസി ഉന്നതികളിൽ മൃതദേഹം സംസ്കരിക്കുന്നത് അടുക്കള പൊളിച്ച്
text_fieldsവാളുമുക്ക് ഉന്നതിയിൽ മരിച്ച വനംവകുപ്പ് മുൻ വാച്ചർ ലക്ഷ്മണനെ സംസ്കരിക്കാൻ വീടിന്റെ അടുക്കളയോട് ചേർന്ന് കുഴിമാടമൊരുക്കുന്നു
കേളകം: പൊതുശ്മശാനമില്ലാത്തതിനാൽ മലയോരത്തെ ആദിവാസി ഉന്നതികളിൽ മൃതദേഹം അടക്കം ചെയ്യുന്നത് വീട്ടുമുറ്റത്തും അടുക്കള പൊളിച്ചും. ചൊവ്വാഴ്ച മരിച്ച കേളകം പഞ്ചായത്ത് അടയ്ക്കാത്തോടിലെ വാളുമുക്ക് ഉന്നതിയിലെ എഴുപത്തെട്ടുകാരനായ മുൻ വനംവാച്ചർ കുളങ്ങരത്ത് ലക്ഷ്മണന്റെ മൃതദേഹം വീടിന്റെ അടുക്കളയോട് ചേർന്ന സ്ഥലത്താണ് സംസ്കരിച്ചത്.
മലയോരത്തെ ആദിവാസി ഉന്നതികളിലെ പ്രശ്നം 'മാധ്യമം' വാർത്തയിലൂടെ ശ്രദ്ധയിൽപ്പെട്ട മനുഷ്യാവകാശ കമീഷൻ കേസെടുക്കുകയും പൊതുശ്മശാനം സ്ഥാപിക്കാൻ കേളകം പഞ്ചായത്തിന് ഉത്തരവ് നൽകി വർഷം രണ്ട് പിന്നിട്ടിട്ടും പരിഹാരമായില്ല. അന്ത്യനിദ്രക്കായി ആറടിമണ്ണിനും ഗതിയില്ലാതെയാണ് മലയോരത്തെ ആദിവാസികളുടെ പ്രശ്മത്തിന് ഇനിയും പരിഹാരമുണ്ടാക്കുന്നതിൽ അധികൃതർ വിമുഖത തുടരുന്നത്.
കാൻസർ രോഗബാധിതനായാണ് ലക്ഷ്മണൻ മരിച്ചത്. വാളുമുക്ക് ഉന്നതിയിലെ 60 സെന്റ് ഭൂമിയിലുള്ള മുപ്പതിലധികം വീടിനു ചുറ്റും നൂറിലേറെ കുഴിമാടങ്ങളുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. ഇവക്കിടയിൽ ഞെരുങ്ങി അംഗൻവാടി കെട്ടിടവും കിണറുകളും വേറേ. ഒരു വീടിനു ചുറ്റും അഞ്ചു കുഴിമാടങ്ങൾ വരെയുണ്ട്. കൊട്ടിയൂർ പഞ്ചായത്തിൽ 17 ഉന്നതിയിലായി 260 കുടുംബങ്ങളും കേളകം പഞ്ചായത്തിൽ 14 ഉന്നതിയിലായി 292 കുടുംബങ്ങളും കണിച്ചാർ പഞ്ചായത്തിൽ 33 ഉന്നതിയിലായി 603 കുടുംബങ്ങളുമുണ്ട്.
എന്നാൽ, ഒരിടത്തും ശ്മശാനമില്ല. മലയോരത്തെ ഉന്നതിയിൽ ആരെങ്കിലും മരിച്ചാൽ വീട്ടുമുറ്റങ്ങളിലാണ് പലരും അടക്കം ചെയ്യുന്നത്. കണിച്ചാർ പഞ്ചായത്തിലെ ആറ്റാംചേരി, അണുങ്ങോട്, കേളകം പഞ്ചായത്തിലെ അടയ്ക്കാത്തോട് വാളുമുക്ക്, കരിയം കാപ്പ്, വാള് മുക്ക് ഉന്നതിയിലെ വീടുകൾക്കു ചുറ്റും കുഴിമാടങ്ങളാണ്.
അടുക്കള പൊളിച്ചുമാറ്റിയിട്ടുപോലും മൃതദേഹങ്ങൾ മറവുചെയ്ത സംഭവങ്ങളുണ്ടായിട്ടുണ്ടെന്ന് വാളുമുക്ക് നിവാസികൾ പറഞ്ഞു. പഞ്ചായത്തുകളിൽ പൊതുശ്മശാനത്തിനു ഫണ്ട് നീക്കിവെച്ചിട്ടുണ്ടെങ്കിലും പദ്ധതി യാഥാർഥ്യമായില്ല. നിലവിൽ വീട്ടുമുറ്റത്തും മറ്റും മൃതദേഹങ്ങൾ സംസ്‌കരിക്കുന്നതു കുടിവെള്ള സ്രോതസുകൾ മലിനമാകാനും രോഗങ്ങൾ പടരാനും കാരണമാകുമെന്നാണ് ആശങ്ക. ഉന്നതികളിലെ ഭൂമി അളന്ന് തിട്ടപ്പെടുത്തുകയും നഷ്ടപ്പെട്ട ഭൂമി തിരിച്ചുപിടിച്ചാൽ അത് ശ്മശാനമായി ഉപയോഗിക്കാമെന്നുമാണ് ഇവരുടെ പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

