ചീങ്കണ്ണിപ്പുഴയോരത്ത് വീണ്ടും ശലഭവസന്തം
text_fieldsചീങ്കണ്ണിപ്പുഴക്കരയിൽ വട്ടമിട്ട വിവിധയിനത്തിൽപ്പെട്ട ശലഭകൂട്ടം
കേളകം: ആറളം വന്യജീവി സങ്കേതത്തിന്റെ അതിർത്തിയായ ചീങ്കണ്ണിപ്പുഴയോരത്ത് വീണ്ടും ശലഭവസന്തം. പതിവ് തെറ്റാതെ ചീങ്കണ്ണിപ്പുഴക്കരയിൽ പൂമ്പാറ്റകളെത്തിയത് മനം കുളിർപ്പിക്കുന്ന കാഴ്ച്ചയായി.
പശ്ചിമഘട്ടത്തിൽനിന്നാണ് ശലഭങ്ങൾ കൂട്ടമായി പുഴയോരത്ത് എത്തുന്നത്. യാത്രക്കിടെ പുഴയോരങ്ങളിൽ കൂട്ടത്തോടെ തങ്ങി ആവശ്യമായ പോഷകങ്ങൾ വലിച്ചെടുക്കുന്ന ചെളിയൂറ്റൽ (Mud Puddling) നടത്തുന്നതാണ് ഇപ്പോൾ കാണാൻ കഴിയുന്നത്. ജനുവരി പകുതിയോടെ കൂടുതൽ പൂമ്പാറ്റകൾ എത്തുന്നതോടെ അടുത്ത സ്ഥലങ്ങളിലേക്കുള്ള ദേശാടനവും തുടങ്ങും. കഴിഞ്ഞ വർഷങ്ങളിൽ ഡിസംബർ പകുതിയോടെ ആൽബട്രോസ് ഇനത്തിൽപ്പെട്ട പൂമ്പാറ്റകൾ കൂട്ടമായെത്തി ദേശാടനം തുടങ്ങിയിരുന്നു.
'ചെളിയൂറ്റൽ' സമയത്ത് നനഞ്ഞ മണ്ണിൽനിന്ന് ഉപ്പും അമിനോ ആസിഡുമാണ് ശേഖരിക്കുക. ചിലയിനം പൂമ്പാറ്റകളിലെ ആൺ ശലഭങ്ങളാണ് സാധാരണ ചെളിയൂറ്റലിൽ ധാരാളമായി കേന്ദ്രീകരിക്കുന്നതെന്ന് ശലഭ നിരീക്ഷകർ കണ്ടെത്തിയിട്ടുണ്ട്.
ആൽബട്രോസ്, ചോക്ലേറ്റ് ആൽബട്രോസ്, നാട്ടുകുടുക്ക, നീലകുടുക്ക, വിലാസിനി, ചോലവിലാസിനി, വൻ ചെഞ്ചിറകൻ, മഞ്ഞപാപ്പാത്തി, അരളി ശലഭം, കടുവാശലഭം തുടങ്ങിയ ഇനത്തിൽപ്പെട്ടവയാണ് ഈ വർഷം ചെളിയൂറ്റലിൽ ഏർപ്പെട്ടിരിക്കുന്ന ശലഭങ്ങളെന്ന് ശലഭനിരീക്ഷകൻ നിഷാദ് മണത്തണ പറഞ്ഞു.
കേളകം പഞ്ചായത്തിലെ ചീങ്കണ്ണിപ്പുഴയോരത്തെ വിവിധ മണൽത്തിട്ടകളാണ് ശലഭങ്ങൾ തങ്ങുന്ന മുഖ്യകേന്ദ്രങ്ങൾ. വരും ദിവസങ്ങളിൽ കൂടുതൽ ശലഭങ്ങൾ ദേശാടനത്തിനെത്തുന്നതോടെ ദൃശ്യം കാണാനും പകർത്താനും ആനമതിലിലൂടെ നടന്ന് മറുകരയിലെ ആറളം വന്യജീവി സങ്കേതത്തിലെ വന്യമൃഗങ്ങളെ അടുത്തുകാണാനും പാലുകാച്ചിമലയിലെത്തി കോടമഞ്ഞിന്റെ സൗന്ദര്യം നുകരാനും സഞ്ചാരികളും ശലഭ നിരീക്ഷകരുമെത്തും. സഞ്ചാരികൾക്ക് ആവശ്യമായ താമസസൗകര്യവും യാത്രാ സൗകര്യവും കേളകം ഇക്കോ ടൂറിസം സോസൈറ്റിയുടെ നേതൃത്വത്തിൽ ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

