Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഓപറേഷൻ കണ്ണൂർ മഖ്‌ന: ആദ്യദിനം ലക്ഷ്യം കണ്ടില്ല; ദൗത്യം തുടരും

text_fields
bookmark_border
ഓപറേഷൻ കണ്ണൂർ മഖ്‌ന: ആദ്യദിനം ലക്ഷ്യം കണ്ടില്ല; ദൗത്യം തുടരും
cancel
camera_alt

ഓപറേഷൻ കണ്ണൂർ മഖ്‌നക്കായി മുത്തങ്ങയിൽനിന്ന് ആറളത്തേക്ക് എത്തിച്ച ഉണ്ണികൃഷ്ണൻ എന്ന കുങ്കിയാന

കേളകം: ആറളം ഫാമിലും പുനരധിവാസ മേഖലയിലും ഭീതി വിതച്ച ‘കണ്ണൂർ മഖ്‌ന -1’ എന്ന മോഴയാനയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള ‘ഓപറേഷൻ കണ്ണൂർ മഖ്‌ന’ ആദ്യദിനം ലക്ഷ്യം കണ്ടില്ല. സർവ സന്നാഹങ്ങളോടെയും ബുധനാഴ്ച പുലർച്ച ആരംഭിച്ച ദൗത്യം അനുയോജ്യമായ സാഹചര്യം ഒത്തുവരാത്തതിനെ തുടർന്ന് താൽക്കാലികമായി നിർത്തിവെച്ചു. ദുർഘട മേഖലയായ കോട്ടപ്പാറയിൽ നിലയുറപ്പിച്ചിരിക്കുന്ന ആനയ്ക്കൊപ്പം മറ്റ് ആനകൾ കൂടി ഉള്ളതാണ് മയക്കുവെടി വെക്കുന്നതിന് പ്രധാന തടസ്സമായത്.

ബുധനാഴ്ച പുലർച്ച അഞ്ചോടെയാണ് മോഴയാന ജനവാസ മേഖലയിലേക്ക് തിരിച്ചെത്തിയത്. ഉടൻതന്നെ പഞ്ചായത്ത് പ്രസിഡന്റിനും പ്രദേശവാസികൾക്കും ജാഗ്രതാ നിർദേശം നൽകി ദൗത്യസംഘം രംഗത്തിറങ്ങി. അരമണിക്കൂറിനുള്ളിൽ വനപാലകർ സ്ഥലത്തെത്തി വിവിധ സംഘങ്ങളായി പിരിഞ്ഞ് നിരീക്ഷണം ആരംഭിച്ചെങ്കിലും, മോഴയ്ക്കൊപ്പം ‘കല്ലേരിക്കൊമ്പൻ’, ‘സുന്ദരി’ എന്ന പിടിയാന എന്നിവ കൂടിയുണ്ടായിരുന്നത് വനംവകുപ്പിന്റെ ആസൂത്രണം തെറ്റിച്ചു.

മറ്റ് ആനകളുടെ സാന്നിധ്യം കാരണം ആദ്യ ശ്രമം മുന്നോട്ട് കൊണ്ടുപോകാൻ സാധിച്ചില്ല. മോഴയെ കൂട്ടത്തിൽനിന്ന് മാറ്റാൻ ശ്രമിച്ചെങ്കിലും മറ്റ് ആനകൾ അതിന് സംരക്ഷണം ഒരുക്കി ഒപ്പം നീങ്ങുകയായിരുന്നു. പിന്നീട് ഓടച്ചാൽ ഭാഗത്തേക്ക് മാറിയെങ്കിലും ഇഞ്ചക്കാട് നിറഞ്ഞ ഇടതൂർന്ന പ്രദേശമായതിനാൽ നിരീക്ഷണ സംഘത്തിന് ആനയുടെ അടുത്തേക്ക് നേരിട്ടെത്താൻ കഴിഞ്ഞില്ല. കനത്ത വെയിലും ചൂടും കാരണം ഉച്ചയോടെ ആനക്കൂട്ടം പൊന്തക്കാടുകളിലേക്ക് മറഞ്ഞതോടെ ദൗത്യം നിർത്തിവെക്കുകയായിരുന്നു.

നിരോധനാജ്ഞയും സുരക്ഷയും

ദൗത്യത്തിന്റെ ഭാഗമായി ആറളം പഞ്ചായത്തിലെ ആറ്, ഏഴ് വാർഡുകളിലും ഫാമിലെ ഏഴ്, ഒമ്പത്, 10, 13 ബ്ലോക്കുകളിലും കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജനങ്ങൾ ഒത്തുകൂടുന്നത് തടയാൻ വൻ പൊലീസ് സന്നാഹമാണ് ഒരുക്കിയിരുന്നത്. കീഴ്പ്പള്ളി - ഓടൻതോട് - വളയംചാൽ റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

ആറളം, ഉളിക്കൽ, കരിക്കോട്ടക്കരി, മട്ടന്നൂർ സ്റ്റേഷനുകളിൽനിന്നുള്ള പൊലീസും ആംബുലൻസ്, മെഡിക്കൽ സംഘവും പ്രദേശത്ത് സജ്ജമാണ്. ആന വന്യജീവി സങ്കേതത്തിലേക്ക് കടക്കാതിരിക്കാൻ ഓടച്ചാൽ മേഖലയിൽ വനംവകുപ്പ് കനത്ത കാവൽ ഏർപ്പെടുത്തി. ദൗത്യം രണ്ടു ദിവസം കൂടി തുടരുമെന്ന് ദൗത്യസംഘം അറിയിച്ചു.

സജ്ജമായി കുങ്കിയാനകളും വൻ സംഘവും

മുത്തങ്ങയിൽനിന്ന് എത്തിച്ച വിക്രം, ഭരത്, ഉണ്ണികൃഷ്ണൻ എന്നീ മൂന്ന് കുങ്കിയാനകൾ വളയംചാലിലെ വനംവകുപ്പ് ഓഫിസിന് മുന്നിൽ തയാറായിരുന്നു. മയക്കുവെടിയേറ്റ മോഴയെ വാഹനത്തിലേക്ക് കയറ്റുന്നതിനാണ് കുങ്കിയാനകളെ എത്തിച്ചിട്ടുള്ളത്. കണ്ണൂർ ഡി.എഫ്.ഒ സജി, ആറളം വൈൽഡ് ലൈഫ് വാർഡൻ വി. രതീശൻ, റേഞ്ചർമാരായ ടി. നിതിൻ രാജ്, സുധീർ നേരത്ത്, അസി. വൈൽഡ് ലൈഫ് വാർഡൻ രമ്യ രാഘവൻ എന്നിവരുടെ നേതൃത്വത്തിൽ നൂറോളം വരുന്ന ദൗത്യസംഘമാണ് ആറളത്ത് നിലയുറപ്പിച്ചിരിക്കുന്നത്. ആറളം പഞ്ചായത്ത് പ്രസിഡന്റ് വി. ശോഭ, വൈസ് പ്രസിഡന്റ് ജിമ്മി അന്തിനാട്ട് എന്നിവരുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Operation Kannur Makhna: Day 1 Fails, Mission to Continue
Next Story