ആറളത്ത് ആനമതില്‍ നിര്‍മാണത്തിന് 53 കോടി
text_fieldsകേളകം: കാട്ടാനശല്യം തടയാന്‍ ആറളം ഫാമിൽ ആന പ്രതിരോധ മതില് നിർമിക്കാൻ പട്ടികവര്‍ഗ വികസന വകുപ്പ് 53.23 കോടി രൂപയുടെ ഭരണാനുമതി. നേരത്തേ 10 കിലോമീറ്റര്‍ ദൂരത്ത് മതില് നിര്‍മാണം പൂര്‍ത്തിയായിരുന്നു.Aralam farm
എന്നാല്‍ ആദിവാസി പുനരധിവാസ മേഖലയും വന്യജീവി സങ്കേതവുമായി അതിരിടുന്ന വളയംചാല്‍ മുതല്‍ പൊട്ടിച്ചിറപാറ വരെയുള്ള 10.5 കിലോമീറ്റര്‍ ദൂരം മതില് കെട്ടാനായിരുന്നു ബാക്കിയുണ്ടായിരുന്നത്. വന്യമൃഗ ശല്യം രൂക്ഷമായതോടെ ആറളത്ത് മന്ത്രിതല യോഗം ചേര്‍ന്നാണ് മതില് നിര്‍മാണം വേഗത്തിലാക്കാന്‍ തീരുമാനിച്ചത്. നിലവിലെ മതില് പൊളിച്ചുനീക്കിയാണ് പുതിയത് നിര്‍മിക്കുക.
ജനവാസ കേന്ദ്രങ്ങളില്‍ കയറിയ ആനകളെ കാട്ടിലേക്ക് എത്തിക്കാന്‍ ഉരുപ്പുകുന്നു ഭാഗത്ത് ഗേറ്റും സ്ഥാപിക്കും. ആദ്യറീച്ചിലെ പരിപ്പ്തോട് മുതല്‍ പൊട്ടിച്ചിറപ്പാറ വരെയുള്ള 2.5 കിലോമീറ്ററിലെ മരം മുറിക്കല്‍ പ്രവൃത്തി ആരംഭിച്ചു. മതില് കടന്നുപോകുന്ന സ്ഥലങ്ങളില്‍ അടയാളപ്പെടുത്തിയ 390ഓളം മരങ്ങള്‍ക്ക് സോഷ്യല്‍ ഫോറസ്റ്ററി 21 ലക്ഷം രൂപ വില നിശ്ചയിച്ചിരുന്നു.
ലേലം ചെയ്യേണ്ട 390 മരങ്ങളില്‍ 80 ശതമാനത്തോളം പാഴ് മരങ്ങളായതിനാല്‍ ലേലത്തിലെ പ്രായോഗിക ബുദ്ധിമുട്ടുകളും സോഷ്വൽ ഫോറസ്റ്ററി നിര്‍ണയിച്ച 21 ലക്ഷം രൂപക്ക് ലേല നടപടികള്‍ വൈകാനുള്ള സാധ്യതയും കണക്കിലെടുത്ത് ടി.ആര്.ഡി.എം പുതിയ മരം മുറിക്കല്‍ ടെൻഡര്‍ നടപടി പൂര്‍ത്തിയാക്കിയാണ് പ്രവൃത്തി ചെയ്തത്.
നിര്‍മാണ സാമഗ്രികള്‍ എത്തിക്കാന്‍ ഇവിടെ റോഡ് നിര്‍മിക്കും. തൊഴിലാളികളുടെ സുരക്ഷക്കായി വനംവകുപ്പിന്റെ ആര്.ആര്.ടി സേവനം ഉണ്ടാകും. ഫാം സൈറ്റ് മാനേജര്‍, വൈല്‍ഡ്ലൈഫ് വാര്ഡന്, പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയര്‍ എന്നിവരടങ്ങുന്ന പ്രത്യേക സമിതിയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. സെപ്റ്റംബര്‍ 30ന് രാവിലെ 10.30ന് മന്ത്രി കെ. രാധാകൃഷ്ണന് പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിക്കും. മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. മന്ത്രി എ.കെ. ശശീന്ദ്രന് പങ്കെടുക്കും.