കരിയം കാപ്പിൽ പുലിക്ക് പിന്നാലെ കടുവയും; വളർത്തുനായെ ആക്രമിച്ചു
text_fieldsകേളകം: കരിയം കാപ്പിൽ പുലിക്കുപിന്നാലെ കടുവയും ജനവാസ കേന്ദ്രത്തിലെത്തിയത് ഭീതിപരത്തി. ആറാട്ടുകുളം റോയിയുടെ വീട്ടിലെ വളർത്തുനായെയാണ് വന്യജീവി ആക്രമിച്ചത്. ബുധനാഴ്ച പുലർച്ച രണ്ടരയോടെയാണ് സംഭവം.
നായുടെ അലർച്ചകേട്ട് ഓടിയിറങ്ങിയപ്പോൾ കടുവ നായെ വിട്ട് ഓടിപ്പോയതായി റോയി പറയുന്നു. ആന മതിൽ കടന്നെത്തിയ കടുവ ചീങ്കണ്ണിപ്പുഴയിലേക്ക് മടങ്ങിപ്പോവുകയും പുലരും വരെ മുരളുകയും ചെയ്തതായി റോയി പറഞ്ഞു. സെക്ഷൻ ഫോറസ്റ്റർ കെ. പ്രമോദ് കുമാറിന്‍റെ നേതൃത്വത്തിലുള്ള വനംവകുപ്പ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ആക്രമിച്ചത് കടുവയാണെന്ന് സ്ഥിരീകരിച്ചിട്ടില്ല.
പുലി ഇനത്തിൽ പെട്ട ജീവിയാണ് നായെ ആക്രമിച്ചതെന്ന് വനംവകുപ്പുദ്യോഗസ്ഥർ പറഞ്ഞു. തൊട്ടടുത്ത സ്ഥലത്ത് ഒരു മാസത്തിനിടെ രണ്ടു തവണ പുലി ജനവാസ കേന്ദ്രത്തിൽ എത്തിയതും ഭീതി പരത്തിയിരുന്നു. സംഭവ സ്ഥലത്ത് ഇരുപതാം തീയതി മുതൽ പുലിയെ പിടിക്കാൻ കൂട് സ്ഥാപിച്ചെങ്കിലും ഫലമുണ്ടായില്ല. പുലിയും, കടുവയും, കാട്ടുപന്നികളും വട്ടമിടുന്ന മലയോര ജനത ഇതോടെ കടുത്ത ഭീതിയിലാണ് കഴിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

