പരിഹാരം കാണാതെ ഫയൽ തീർപ്പാക്കിയ അസി. എക്സി. എൻജിനീയറെ ഉപരോധിച്ചു
text_fields1. കീഴല്ലൂർ ജലസംഭരണിയുടെ ഷട്ടർ അടച്ചതോടെ വെള്ളം കയറിയ കൃഷിസ്ഥലം 2. കർഷക സംഘത്തിന്റെ നേതൃത്വത്തിൽ കർഷകർ താണയിലെ വാട്ടർ അതോറിറ്റി അസി. എക്സിക്യൂട്ടിവ്എൻജിനീയറെ ഉപരോധിക്കുന്നു
എൻജിനീയറെ ഉപരോധിക്കുന്നു
കണ്ണൂർ: കീഴല്ലൂർ ജലസംഭരണിയിൽനിന്ന് വെള്ളം കയറി കൃഷി നശിക്കുന്നതിൽ പ്രതിഷേധിച്ച് താണ വാട്ടർ അതോറിറ്റി അസി. എക്സിക്യൂട്ടിവ് എൻജിനീയറെ ഉപരോധിച്ചു. കർഷക സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു ഉപരോധം. തലശ്ശേരി, മാഹി പ്രദേശങ്ങളിൽ കുടിവെള്ളം നൽകുന്നത് കീഴല്ലൂർ പുഴയിൽനിന്നാണ്. മഴ നിന്നാൽ ജലസംഭരണിയുടെ ഷട്ടർ അടക്കുന്നത് പതിവാണ്. ഷട്ടർ അടക്കുന്നതോടെ വളയാൽ, പാലയോട് പ്രദേശങ്ങളിൽ വെള്ളം കയറി കൃഷിനശിക്കുന്നത് നിത്യസംഭവമാണ്. ഇവിടങ്ങളിലെ 25ഓളം കർഷകരുടെ ഭൂമിയാണ് വെള്ളംകയറി ഉപയോഗ ശൂന്യമാകുന്നത്. ഇത്തവണ ഒരാഴ്ച മുമ്പ് ഷട്ടർ അടച്ചതോടെ കൃഷിയിടങ്ങളിൽ വെള്ളം കയറി. രണ്ട് വീടുകളിലും വെള്ളം കയറി. ഇവർ താമസം മാറ്റി.
പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ 15 വർഷത്തിലേറെയായി കർഷകർ നിരന്തരം നിവേദനം നൽകാറുണ്ട്. അടുത്തകാലത്തായി മുഖ്യമന്ത്രിക്കും നിവേദനം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ റവന്യൂ, വാട്ടർ അതോറിറ്റി അധികൃതർ സംയുക്ത പരിശോധന നടത്തി. പ്രശ്നം പരിഹരിക്കണമെന്ന് ഉദ്യാഗസ്ഥർക്ക് മുഖ്യമന്ത്രി നിർദേശം നൽകിയിരുന്നു. എന്നാൽ, സംയുക്ത പരിശോധന നടത്താതെ, പ്രശ്നം പരിഹരിച്ചതായി വാട്ടർ അതോറിറ്റി അധികൃതർ മുഖ്യമന്ത്രിക്ക് മറുപടി നൽകി. ഇതേത്തുടർന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് ഫയൽ ക്ലോസ് ചെയ്തു.
നിർദേശത്തിന്മേൽ നടപടിയൊന്നും കാണാത്തതിനെത്തുടർന്ന് കർഷക സംഘം നേതാക്കൾ മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ടപ്പോഴാണ് ഫയൽ തീർപ്പാക്കിയെന്ന കാര്യം അറിഞ്ഞത്. മുഖ്യമന്ത്രി നിർദേശിച്ചിട്ടും പരിഹാരം കാണാതെ പ്രശ്നം പരിഹരിച്ചതായി അറിയിച്ചതാണ് കർഷക സംഘം നേതാക്കളെയും കർഷകരെയും പ്രകോപിതരാക്കിയത്.
സി.പി.എം ലോക്കൽ സെക്രട്ടറി സി. സജീവൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. അനിൽ കുമാർ, കർഷക സംഘം വില്ലേജ് സെക്രട്ടറി പി.പി. സുരേന്ദ്രൻ, സി.പി.എം കുറ്റിക്കര ബ്രാഞ്ച് സെക്രട്ടറി എം.വി. പ്രശാന്തൻ, പഞ്ചായത്ത് മുൻ അംഗം കെ. രാഗേഷ് എന്നിവർ ഉപരോധത്തിന് നേതൃത്വം നൽകി. 13ന് പ്രദേശത്ത് റവന്യൂ, വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെ സംയുക്ത പരിശോധന നടത്താമെന്ന് അസി. എക്സിക്യൂട്ടിവ് എൻജിനീയർ ഉറപ്പുനൽകിയതോടെയാണ് ഉപരോധം അവസാനിച്ചത്.
സി. സജീവൻ (സി.പി.എം ലോക്കൽ സെക്രട്ടറി)
ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി നിർദേശം നൽകിയിരുന്നു. ഇക്കാര്യത്തിൽ കർഷകർക്ക് ഉറപ്പും നൽകിയിരുന്നു. എന്നാൽ, പ്രശ്നം പരിഹരിക്കാതെ, പരിഹരിച്ചെന്ന് ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയുടെ ഓഫിസിനെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തത്. അടിയന്തരമായി പ്രശ്നം പരിഹരിക്കണം. വെള്ളം കയറുന്നതും കൃഷിനശിക്കുന്നതും ആദ്യ കാലങ്ങളിൽ സമ്മതിച്ചിരുന്ന ഉദ്യോഗസ്ഥർ, ഇപ്പോൾ ഒരു പ്രശ്നവുമില്ലെന്ന നിലപാടാണ് സ്വീകരിക്കുന്നത്. കർഷകരുടെ പ്രശ്നം പരിഹരിക്കുംവരെ പ്രതിഷേധം തുടരും.
കെ. അനിൽ കുമാർ (വൈസ് പ്രസിഡന്റ്, കീഴല്ലൂർ പഞ്ചായത്ത്)
പഞ്ചായത്തിനു മാത്രമായി പ്രശ്നം പരിഹരിക്കാൻ സാധിക്കില്ല. തെറ്റായ മറുപടിയാണ് ഉദ്യോഗസ്ഥർ മുഖ്യമന്ത്രിക്ക് നൽകിയത്. അതാണ് പ്രശ്നം കൂടുതൽ വഷളാക്കുന്നത്. ജനങ്ങളെ ബാധിക്കുന്ന വിഷയമാണിത്. ഇനി എന്താണ് പരിഹാരം എന്നാണ് ആലോചിക്കേണ്ടത്. റവന്യൂ, വാട്ടർ അതോറിറ്റി സംയുക്ത പരിശോധന നടത്തി പരിഹാരം കാണണം. പ്രശ്നം പരിഹരിക്കാൻ ഒരു നടപടിയും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടാകാത്തതുകൊണ്ടാണ് പ്രതിഷേധവുമായി വന്നത്. സർക്കാർ നയത്തിന് വിരുദ്ധമായ നിലപാടാണ് ഉദ്യോഗസ്ഥർ സ്വീകരിക്കുന്നത്.
പി.പി. സുരേന്ദ്രൻ (സെക്രട്ടറി, കർഷക സംഘം കീഴല്ലൂർ വില്ലേജ് കമ്മിറ്റി)
വാട്ടർ അതോറിറ്റി അധികൃതർ നിരുത്തരവാദ നിലപാടാണ് സ്വീകരിക്കുന്നത്. അതോറിറ്റിയുടെ സ്ഥലത്താണ് വെള്ളം കയറുന്നതെന്ന വിശദീകരണമാണ് അധികൃതർ മുൻകാലങ്ങളിൽ ഉന്നയിച്ചിരുന്നത്. എന്നാൽ, വെള്ളം കയറുന്ന പ്രദേശങ്ങളിലൊന്നും വാട്ടർ അതോറിറ്റിയുടെ ഒരു സ്ഥലവും ഇല്ലെന്നാണ് വിവരാവകാശ നിയമ പ്രകാരം കിട്ടിയ മറുപടി. ഷട്ടർ അടക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്നം പഠിക്കാൻ സംയുക്ത പരിശോധന വേണമെന്നതാണ് ആവശ്യം. അതിനുശേഷം തടയണ കെട്ടി പ്രശ്നം പരിഹരിക്കണം. ഒന്നുകിൽ ഭൂമി ഏറ്റെടുക്കുകയോ അല്ലെങ്കിൽ, 15 വർഷത്തിലേറെയായി പുഴയിൽ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യുകയോ വേണം.
ഭാസ്കരൻ (കർഷകൻ)
വാഴ, കവുങ്ങ്, തെങ്ങ് എന്നിവയെല്ലാം നശിച്ചു. 20 വർഷത്തോളമായി ഈ പ്രശ്നം കർഷകർ അനുഭവിക്കുകയാണ്. പരിഹരിച്ചുകിട്ടാൻവേണ്ടി ശ്രമിക്കുന്നുണ്ടെങ്കിലും ഒരു ഫലവും ഉണ്ടാകുന്നില്ല. കടം വാങ്ങിയാണ് കൃഷി നടത്തുന്നത്. സ്ഥിതി വളരെ ദയനീയമാണ്. എല്ലാം നശിച്ചു. ഇതിന് പരിഹാരം ഉണ്ടായില്ലെങ്കിൽ കീഴല്ലൂർ ജലസംഭരണിയുടെ പമ്പുഹൗസിൽ ചാടി ആത്മഹത്യ ചെയ്യേണ്ടിവരും. രണ്ടുമീറ്ററോളമാണ് ഇപ്പോൾ വെള്ളം കയറിയത്.