കർണാടകയുടെ വാരാന്ത്യ ലോക്ഡൗൺ: അതിർത്തി കടക്കാൻ പാടുപെടും
text_fieldsകണ്ണൂർ: കർണാടക പ്രഖ്യാപിച്ച വാരാന്ത്യ ലോക്ഡൗണിനെ തുടർന്ന് ശനി, ഞായർ ദിവസങ്ങളിൽ കൂട്ടുപുഴ അതിർത്തി കടന്നുള്ള യാത്രക്ക് അനുമതിയില്ല. ഓണം, മുഹറം അവധികൾ അടുത്തുവന്ന സാഹചര്യത്തിൽ കർണാടകത്തിെൻറ പുതിയ നിയന്ത്രണം ആയിരക്കണക്കിന് മലയാളികൾക്ക് തിരിച്ചടിയായി. ഓണം ആഘോഷിക്കാൻ നാട്ടിലെത്താനുള്ളവർക്ക് ദുരിതം വിതക്കുന്നതാണ് തീരുമാനം.
രണ്ടുദിവസം അതിർത്തിവഴിയുള്ള യാത്ര പൊതുജനങ്ങൾ ഒഴിവാക്കണമെന്ന് ജില്ല കലക്ടർ ടി.വി. സുഭാഷ് അറിയിച്ചു. ചികിത്സ ആവശ്യങ്ങൾക്കുള്ള അടിയന്തര യാത്രകൾക്ക് മാത്രമായിരിക്കും അതിർത്തി കടക്കാൻ അനുവാദം. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അതിർത്തിയിലെ വാരാന്ത്യ ലോക്ഡൗൺ തുടരുമെന്നും കലക്ടർ അറിയിച്ചു. സ്വാതന്ത്ര്യ ദിനത്തെ തുടർന്ന് കേരളത്തിൽ ഈ ഞായറാഴ്ച ലോക്ഡൗൺ ഒഴിവാക്കിയിട്ടുണ്ട്.
ഇതേത്തുടർന്ന് നിരവധി വിദ്യാർഥികളും ബംഗളൂരുവിലടക്കം ജോലി ചെയ്യുന്നവരും ഓണം അവധിക്കായി നാട്ടിലേക്ക് വരാനുള്ള തയാറെടുപ്പിലായിരുന്നു. ഇതിനിടെയാണ് നിയന്ത്രണം തിരിച്ചടിയായത്.
കർണാടകയിലെ അടച്ചിടൽ നിമിത്തം ആഗസ്റ്റ് 16 വരെ കെ.എസ്.ആർ.ടി.സി കൂട്ടുപുഴ വഴിയുള്ള സർവിസ് നിർത്തിവെച്ചിരിക്കുകയാണ്. സുൽത്താൻ ബത്തേരി വഴി മാത്രമാണ് നിലവിൽ കെ.എസ്.ആർ.ടി.സിയുടെ കർണാടക സർവിസുള്ളത്. കർണാടകയിൽനിന്നുള്ള ട്രാൻസ്പോർട്ട് ബസും നിലവിൽ കേരളത്തിലേക്ക് സർവിസ് നടത്തുന്നില്ല.
ഇപ്പോൾ തന്നെ കേരളത്തിൽ നിന്ന് വരുന്നവർക്കുള്ള കർണാടക സർക്കാറിെൻറ നിയന്ത്രണം കടുത്ത പ്രയാസമാണ് സൃഷ്ടിക്കുന്നത്. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരെപോലും അതിർത്തി കടക്കാൻ അനുവദിക്കുന്നില്ല. ആർ.ടി.പി.സി.ആർ പരിശോധനയിലുടെ നെഗറ്റിവ് സർട്ടിഫിക്കറ്റുള്ളവരെ മാത്രമാണ് കർണാടകയിലേക്ക് പ്രവേശിക്കാൻ അനുവദിച്ചത്. ഇതിനിടെയാണ് ഈ ആഴ്ചയിലെ വാരാന്ത്യ ലോക്ഡൗൺ പ്രഖ്യാപനവും.
കേരളത്തിലേക്ക് വരുന്നവർക്ക് കോവിഡ് ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്ത് ആർ.ടി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റ് വേണമെന്നാണ് നിബന്ധന. നെഗറ്റിവ് സർട്ടിഫിക്കറ്റ് ഇല്ലാത്തവർ 14 ദിവസത്തെ ക്വാറൻറീനിൽ കഴിയണമെന്നും നിർദേശമുണ്ട്.