കരിയാപ്പ് സംരക്ഷണ സമിതിയുടെ സമരപ്പന്തൽ കത്തിച്ചു
text_fieldsകണ്ണൂര്‍: മത്സ്യസംസ്കരണ യൂനിറ്റിനെതിരെയുള്ള ജനകീയ സമരസമിതിയുടെ സമരപ്പന്തല്‍ കത്തിച്ചു. കാങ്കോൽ ആലപടമ്പ് പഞ്ചായത്തിലെ കരിയാപ്പിലാണ് ‘സാഗർ സീ ഫുഡ്’ മത്സ്യസംസ്കരണ യൂനിറ്റിൽ നിന്നുള്ള മാലിന്യത്തിനെതിരെ സമരം നടക്കുന്നത്. കരിയാപ്പ് സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ സമരം.
കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയാണ് അജ്ഞാത സംഘം സമരപ്പന്തല്‍ പൊളിച്ചു മാറ്റി തീയിട്ടത്. സംഭവത്തിൽ പെരിങ്ങോം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മത്സ്യസംസ്കരണ കേന്ദ്രത്തിനു മുന്നിലെ സമരപ്പന്തലാണ് തീയിട്ടത്. പന്തല്‍ പൊളിച്ച് മറ്റൊരു സ്ഥലത്ത് കൂട്ടിയിട്ട ശേഷം തീവെക്കുകയായിരുന്നു.
പ്രതീകാത്മക സമരപ്പന്തല്‍ പൊളിച്ച് കത്തിച്ചതിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. സംഭവത്തിൽ സമരസമിതി രേഖാമൂലം പൊലീസിന് പരാതി നൽകിയിട്ടില്ല. അരാജക വാദികളാണ് പന്തൽ കത്തിച്ചതിന് പിന്നിലെന്നാണ് സി.പി.എമ്മിന്റെ വിശദീകരണം.
പ്രദേശത്തെ മത്സ്യസംസ്കരണ യൂനിറ്റിനെതിനെതിരെ നാളുകളായി ജനകീയ സമരം നടക്കുകയായിരുന്നു. നാട്ടുകാരുടെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തില്‍ സ്ഥിരമായി ആളുകള്‍ പന്തലില്‍ ഇരിക്കാറില്ല. പ്രതീകാത്മക പന്തലാണ് ഒരുക്കിയത്. സമര സമിതി കൺവീനർ ജോബി പീറ്ററിനെ സി.പി.എം ലോക്കല്‍ സെക്രട്ടറി ഭീഷണിപ്പെടുത്തിയത് വിവാദമായിരുന്നു.
ടി.ഐ. മധുസൂദനനെതിരെയുള്ള വാർത്ത വാട്സ്ആപ്പിൽ ഷെയര്‍ ചെയ്തതതിനെതിരെയായിരുന്നു ഭീഷണി. ഇതിനു പിന്നാലെയാണ് സമരപ്പന്തല്‍ അജ്ഞാതര്‍ തീവെച്ച് നശിപ്പിച്ചത്. ഒന്നര വർഷമായി പ്രദേശത്ത് പ്രവർത്തിക്കുന്ന മത്സ്യ കമ്പനിയിൽ നിന്ന് അസഹ്യമായ ദുർഗന്ധവും മാലിന്യവുമാണ് പുറന്തള്ളുന്നത്.
ഒരു മലിനീകരണ നിയന്ത്രണവുമില്ലാതെ പ്രവർത്തിക്കുന്ന കമ്പനിക്ക് പഞ്ചായത്തിന്റെയും സി.പി.എം പ്രാദേശിക നേതൃത്വത്തിന്റെയും പൂർണ പിന്തുണയുണ്ടെന്നാണ് സമര സമിതി ഭാരവാഹികളുടെ ആരോപണം. കമ്പനിയിൽ നിന്ന് പുറന്തള്ളുന്ന മാലിന്യം ആലപ്പടമ്പ് മുതൽ കവ്വായി കായൽ വരെയുള്ള ജലാശയങ്ങളെ മുഴുവൻ മലിനമാക്കുകയും പ്രദേശവാസികളിൽ ആരോഗ്യ പ്രശ്നത്തിന് കാരണമാകുകയും ചെയ്യുന്നുണ്ട്.
പ്രതിഷേധത്തെ തുടർന്ന് കമ്പനിയുടെ പ്രവർത്തനം ഒരുമാസമായി നിർത്തിവെച്ചിരിക്കുകയാണ്. മാലിന്യ പ്രശ്നം പരിഹരിക്കാതെ കമ്പനി തുറന്നു പ്രവർത്തിച്ചാൽ സമരവുമായി വീണ്ടും മുന്നോട്ടുപോകുമെന്നും ജോബി പീറ്റർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

