കണ്ണൂരിന്റെ ഉറക്കം കളഞ്ഞ നഗ്നനായ കള്ളൻ പിടിയിൽ
text_fieldsഅബ്ദുൽ കബീർ
കണ്ണൂർ: ഒരുമാസത്തിലേറെയായി ജില്ലയിൽ വിവിധ ഭാഗങ്ങളിൽ നഗ്നനായി കവർച്ച നടത്തിയിരുന്ന മോഷ്ടാവ് പൊലീസ് പിടിയിൽ. മലപ്പുറം മഞ്ചേരി സ്വദേശിയായ അബ്ദുൽ കബീർ എന്ന വാട്ടർ മീറ്റർ കബീറിനെയാണ് (56) ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്. നിലവിൽ ഗൂഡല്ലൂർ ബിതർക്കാടാണ് താമസം.
കോഴിക്കോട് നിന്ന് കണ്ണൂരിൽ മോഷണം നടത്താനായി എത്തിയപ്പോൾ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപത്തു നിന്നാണ് ഇയാൾ പിടിയിലായത്. മോഷ്ടാവിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
ഇയാൾക്കെതിരെ കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലായി 11 മോഷണക്കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. നഗ്നനായി മോഷണം നടത്തുന്നതാണ് രീതി. ആൾതാമസമില്ലാത്തതും പ്രായമായവർ ഒറ്റക്ക് കഴിയുന്ന വീടുകളുമാണ് ഇയാൾ ഉന്നംവെച്ചിരുന്നത്.
നഗ്നനായി രാത്രി വീട്ടുമുറ്റത്ത് എത്തിയ മോഷ്ടാവിന്റെ ദൃശ്യം വീടുകളിലെ സി.സി.ടി.വികളിൽ പതിഞ്ഞിരുന്നു. നഗ്നനായി തലയിൽ തുണിചുറ്റി മോഷ്ടാവ് വിലസുമ്പോഴും പൊലീസിന് പിടികൂടാനാവാത്തതിൽ നാട്ടുകാർക്ക് ആശങ്കയും പ്രതിഷേധവുമുണ്ടായിരുന്നു.
കഴിഞ്ഞമാസം 20ന് താവക്കര മേഖലയിലാണ് മോഷണം നടന്നത്. രണ്ട് വീടുകളിൽനിന്ന് പണവും സ്വർണവും നഷ്ടമായി. താളിക്കാവ്, മാണിക്യക്കാവ്, താണ ഭാഗങ്ങളിലും മോഷ്ടാവെത്തി. കമ്പിപ്പാര ഉപയോഗിച്ച് വീടിന്റെ ഗ്രിൽ കുത്തിത്തുറക്കുന്നതടക്കമുള്ള ദൃശ്യങ്ങൾ നിരീക്ഷണ കാമറകളിൽ പതിഞ്ഞിരുന്നു.