കണ്ണൂർ സര്‍വകലാശാല കലോത്സവത്തിന് നാളെ തുടക്കം
text_fieldsകണ്ണൂർ സർവകലാശാല കലോത്സവത്തിന്റെ ഭാഗമായി കാസർകോട് നഗരത്തിൽ നടന്ന വിളംബര ജാഥ
കാസർകോട്: കണ്ണൂര്‍ സര്‍വകലാശാല യൂനിയന്‍ കലോത്സവത്തിന് മാർച്ച് 23ന് തുടക്കം. 27വരെ നീളുന്ന മേളയിൽ കാസർകോട്, കണ്ണൂർ, വയനാട് ജില്ലകളിലെ 3000ത്തോളം കലാപ്രതിഭകൾ മാറ്റുരക്കും. മേളയുടെ വരവറിയിച്ച് കാസർകോട് നഗരത്തിൽ വിളംബര ജാഥ നടത്തി. ഒപ്പന, കോല്‍ക്കളി, പരിചമുട്ടുകളി, മുത്തുക്കുട, ശിങ്കാരിമേളം എന്നിവ വിളംബര ജാഥയുടെ മാറ്റുകൂട്ടി.
ഗവ. കോളജ് പരിസരത്തുനിന്നാരംഭിച്ച് നഗരം ചുറ്റി പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് ജാഥ സമാപിച്ചു. കലോത്സവത്തിന് ആതിഥേയത്വം വഹിക്കുന്ന കാസര്‍കോട് ഗവ. കോളജിലെ വിദ്യാര്‍ഥികളുടെ പങ്കാളിത്തംകൊണ്ടും വിളംബര ജാഥ ശ്രദ്ധേയമായി.
സാഹിത്യോത്സവം, ചിത്രോത്സവം, ദൃശ്യ-നാടകോത്സവം, സംഗീതോത്സവം, നൃത്തോത്സവം എന്നിങ്ങനെ വ്യത്യസ്ത മേഖലകളിലാണ് കലോത്സവ ഇനങ്ങള്‍ അരങ്ങേറുക. സ്‌റ്റേജിതര മത്സരങ്ങളായ സാഹിത്യോത്സവം, ചിത്രോത്സവം എന്നിവക്ക് ബുധനാഴ്ച തുടക്കമാകും.
കഥാകൃത്തും മീഡിയവൺ എഡിറ്ററുമായ പ്രമോദ് രാമന്‍ സ്‌റ്റേജിതര മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്യും. സിനിമതാരം ഉണ്ണിരാജ് ചെറുവത്തൂര്‍ മുഖ്യാതിഥിയാവും.
വേദികൾക്ക് ഭാഷകളുടെ പേര്
സപ്തഭാഷ സംഗമഭൂമിയിലെത്തിയ കലോത്സവത്തിന്റെ വിവിധ വേദികളുടെ പേരും വിവിധ ഭാഷകൾ. വേദി ഒന്ന് മലയാളം, രണ്ട് കന്നട, മൂന്ന് തുളു, നാല് കൊങ്കിണി, അഞ്ച് ബ്യാരി, ആറ് ഉർദു, ഏഴ് മറാഠി, എട്ട് കറാഡ എന്നിങ്ങനെയാണ് പേര്. സപ്തഭാഷ ഭൂമിയെന്നാണ് പേരെങ്കിലും അതിലധികം ഭാഷകൾ കാസർകോട്ടുണ്ട്. എല്ലാവരെയും ഒന്നിച്ചുകാണുകയാണ് പേരിലൂടെ ഉദ്ദേശിച്ചതെന്ന് സംഘാടകർ പറഞ്ഞു.