കണ്ണൂർ ടൗണ്‍ സ്ക്വയര്‍ മുഖം മിനുക്കുന്നു
text_fieldsകണ്ണൂർ ടൗൺ സ്ക്വയർ
കണ്ണൂർ: കണ്ണൂര്‍ ടൗണ്‍ സ്ക്വയറിന് പുതിയ മുഖമൊരുങ്ങുന്നു. സൗന്ദര്യവത്കരണ പദ്ധതിയുടെ ഭാഗമായി ടൗണ്‍ സ്ക്വയറില്‍ നടപ്പാക്കുന്ന വിവിധ പ്രവൃത്തികളുടെ ഉദ്ഘാടനം മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി നിര്‍വഹിച്ചു. ജില്ലയിലെ റോഡുകളും സ്കൂളുകളും ഹൈടെക് ആവുമ്പോള്‍ നഗര കേന്ദ്രവും മികച്ച സൗകര്യങ്ങളോട് കൂടിയതാവാണം. സൗന്ദര്യവത്കരണ പദ്ധതികള്‍ നടപ്പാക്കുമ്പോള്‍, പരിസരം വൃത്തിഹീനമാക്കുന്ന പ്രവൃത്തികളില്‍ നിന്നും ആളുകള്‍ മാറിനില്‍ക്കണമെന്നും മന്ത്രി പറഞ്ഞു.
മന്ത്രിയുടെ എം.എല്‍.എ ആസ്തി വികസന ഫണ്ടില്‍ നിന്നും ഒരു കോടി രൂപയാണ് സൗന്ദര്യവത്കരണത്തിനായി അനുവദിച്ചത്. ജില്ല ടൂറിസം പ്രമോഷന് കൗണ്‍സിലാണ് പദ്ധതി നടപ്പിലാക്കുക. പാര്‍ക്കിങ് സ്ഥലത്തോടനുബന്ധിച്ച് പുതിയ സ്റ്റേജ്, പന്തല്‍ എന്നിവയാണ് ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്നത്. സ്റ്റേജിന് മേല്‍ക്കൂരയും അനുബന്ധമായി ഗ്രീന്‍ റൂമും നിര്‍മിക്കും. കലാ, സംസ്കാരിക, സാഹിത്യ പരിപാടികള്‍ക്ക് സ്ഥിരം വേദിയാവുന്ന ടൗണ്‍ സ്ക്വയറിന് മുതല്‍ക്കൂട്ടാവുന്നതാണ് പദ്ധതി.
ഉദ്ഘാടന ചടങ്ങിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് പി.പി. ദിവ്യ അധ്യക്ഷത വഹിച്ചു. എ.ഡി.എം ഇ.പി. മേഴ്സി, കെ.പി. സുധാകരന്, വെള്ളോറ രാജന്, എം.പി. രാജേഷ്, കെ.കെ. ജയപ്രകാശ്, കെ. രതീഷ്, പ്രഫ. ജോസഫ് തോമസ്, പൊതുമരാമത്ത് കെട്ടിട വിഭാഗം അസി. എക്സി. എൻജിനീയര്‍ പ്രഭാകരന്, ഡി.ടി.പി.സി സെക്രട്ടറി കെ.സി. ശ്രീനിവാസന് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.