നാടിന്റെ ആവശ്യത്തോട് മുഖംതിരിച്ച് പട്ടാളം; സ്കൂൾ മൈതാനത്ത് വേലികെട്ടി
text_fieldsകണ്ണൂർ സെൻറ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിനു മുന്നിലെ കളിസ്ഥലത്തിനു മുന്നിൽ കമ്പി വേലി കെട്ടി ഉറപ്പിച്ച ശേഷം കാവൽ നിൽക്കുന്ന പട്ടാള ഉദ്യോഗസ്ഥർ
കണ്ണൂർ: വിവാദങ്ങളെ തുടർന്ന് തൽക്കാലം പിൻവാങ്ങിയിരുന്ന പട്ടാളം സെൻറ് മൈക്കൾസ് സ്കൂളിനു സമീപത്തെ മൈതാനത്ത് വേലികെട്ടി. സമീപത്തെ സെൻറ് മൈക്കിൾസ് സ്കൂൾ വിദ്യാർഥികളുടെ സഞ്ചാരസ്വാതന്ത്ര്യം തൽക്കാലം നിഷേധിക്കാതെ മൈതാനത്തിെൻറ മൂന്നു ഭാഗത്തായാണ് പട്ടാളം വേലി കെട്ടിയത്.
പട്ടാളത്തിെൻറ നീക്കത്തിനെതിരെ സെൻറ് മൈക്കിൾസ് സ്കൂൾ അധികൃതർ നൽകിയ കേസ് ഹൈകോടതി തിങ്കളാഴ്ച രാവിലെ പരിഗണിച്ചിരുന്നു. ഇൗ സാഹചര്യത്തിൽ തിങ്കളാഴ്ച പുലർച്ച അഞ്ചരയോടെയാണ് വേലി കെട്ടാൻ തുടങ്ങിയത്. ഒമ്പത് മണിയാകുേമ്പാഴേക്കും മൈതാനത്തിെൻറ മൂന്നു ഭാഗവും വേലികെട്ടി തിരിച്ചു. സ്കൂളിലേക്കുള്ള പ്രവേശനം വരുന്ന ഭാഗം തൽക്കാലത്തേക്ക് വേലികെട്ടുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
കഴിഞ്ഞ വ്യാഴാഴ്ച ഇവിടെ വേലി കെട്ടാനുള്ള ശ്രമം ഏറെ വിവാദമായിരുന്നു. വിവിധ പാർട്ടി നേതാക്കളും ജനപ്രതിനിധികളും സംഭവത്തിൽ ഇടപെട്ടതോടെ താൽക്കാലികമായി പട്ടാളം പിന്മാറുകയായിരുന്നു. ആ പിന്മാറ്റം തികച്ചും താൽക്കാലികമായിരുന്നുവെന്നാണ് തിങ്കളാഴ്ചത്തെ സൈനികനിലപാട് വ്യക്തമാക്കുന്നത്.
രാമചന്ദ്രൻ കടന്നപ്പള്ളി, സംസ്ഥാന സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡൻറ് ഒ.കെ. വിനീഷ്, സെൻറ് മൈക്കിൾസ് സ്കൂൾ പൂർവവിദ്യാർഥി സംഘനയുടെ ചെയർമാനും വ്യവസായിയുമായ സി. ജയചന്ദ്രൻ എന്നിവർ രാവിലെ ഡി.എസ്.സി കമാൻഡൻറ് പുഷ്പേന്ദ്ര കുമാർ ജിങ്കുവാനുമായി ചർച്ച നടത്തി. നിലവിൽ സ്കൂളിെൻറ പ്രവേശനം തടസ്സപ്പെടുത്തിെല്ലന്ന് അദ്ദേഹം ഇവർക്ക് ഉറപ്പുനൽകിയിട്ടുണ്ട്. എന്നാൽ, ഭാവിയിൽ മൈതാനത്ത് നിർമാണ പ്രവർത്തനം നടക്കുേമ്പാൾ സ്കൂളിലേക്കുള്ള വഴി നിലനിർത്തുന്നത് സംബന്ധിച്ച് അദ്ദേഹം ഉറപ്പൊന്നും നൽകിയില്ല.
സ്കൂളിലേക്കുള്ള വഴി സ്കൂൾ തന്നെ കണ്ടെത്തണമെന്ന നിലപാടാണ് അദ്ദേഹം വ്യക്തമാക്കിയത്. മൈതാനം പൂർണമായും വേലികെട്ടി സംരക്ഷിക്കാനാണ് ഉന്നതതലത്തിൽനിന്നുള്ള നിർദേശമെന്നും അദ്ദേഹം വ്യക്തമാക്കി. പിന്നീട് സ്കൂൾ അധികൃതരുമായും കമാൻഡൻറ് ചർച്ച നടത്തി. അതിനിടെ ഇതുസംബന്ധിച്ച കേസ് തിങ്കളാഴ്ച പരിഗണിച്ച ഹൈകോടതി പ്രതിരോധ മന്ത്രാലയത്തിെൻറ വിശദീകരണം തേടി. ഒരാഴ്ചക്കകം വിശദീകരണം സമർപ്പിക്കണമെന്നാണ് കോടതി നിർദേശിച്ചിട്ടുള്ളത്. കേസ് അടുത്തയാഴ്ച വീണ്ടും പരിഗണിക്കും.