തണൽ വിരിച്ച് കണ്ണൂരിന് നേട്ടം; 7.31 ലക്ഷം വൃക്ഷത്തൈകൾ നട്ട് സംസ്ഥാനത്ത് ഒന്നാമത്
text_fieldsഒരു തൈ നടാം’ കാമ്പയിനിൽ സംസ്ഥാനത്ത് ഏറ്റവുമധികം തൈകൾ നട്ടതിനുള്ള പുരസ്കാരം തിരുവനന്തപുരത്ത് നടന്ന പരിപാടിയിൽ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന ഡയറക്ടർ
ഡി. രഞ്ജിത്തിൽനിന്ന് ഹരിത കേരളം ജില്ല മിഷൻ കോഓഡിനേറ്റർ ഇ.കെ. സോമശേഖരന്റെ
നേതൃത്വത്തിലുള്ള സംഘം ഏറ്റുവാങ്ങുന്നു
കണ്ണൂർ: മണ്ണിൽ തണൽ വിരിച്ച് നേട്ടവുമായി കണ്ണൂർ. ‘ഒരു തൈ നടാം’ കാമ്പയിനിൽ സംസ്ഥാനത്ത് ഏറ്റവുമധികം തൈകൾ നട്ടതിനുള്ള പുരസ്‌കാരം ജില്ലക്ക് ലഭിച്ചു. ഒക്ടോബർ 15 വരെയുള്ള കാലയളവിൽ 7,31,836 തൈകൾ നട്ടാണ് കണ്ണൂർ ഒന്നാം സ്ഥാനത്തെത്തിയത്.
കൃഷിവകുപ്പ്, തദ്ദേശ സ്ഥാപനങ്ങൾ, കുടുംബശ്രീ അയൽകൂട്ടങ്ങൾ, നാഷനൽ സർവിസ് സ്‌കീം ടീമുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഗ്രന്ഥശാലകൾ, വൃക്ഷത്തൈ നഴ്‌സറികൾ എന്നിവ നൽകിയ തൈകളാണ് പദ്ധതിയുടെ ഭാഗമായി നട്ടത്. ചങ്ങാതിക്കൊരു തൈ എന്ന പേരിലാണ് വിദ്യാലയങ്ങളിൽ പരിപാടി സംഘടിപ്പിച്ചത്.
ഓർമ മരം എന്ന പേരിൽ തദ്ദേശ സ്ഥാപനങ്ങളിൽ മരം നട്ടു. തിരുവനന്തപുരത്ത് നടന്ന പരിപാടിയിൽ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന ഡയറക്ടർ ഡി. രഞ്ജിത്തിൽനിന്ന് ഹരിത കേരളം ജില്ല മിഷൻ കോഓഡിനേറ്റർ ഇ.കെ. സോമശേഖരന്റെ നേതൃത്വത്തിലുള്ള സംഘം പുരസ്കാരം ഏറ്റുവാങ്ങി.
പച്ചത്തുരുത്തുകൾ കൂടി
ഈ വർഷം ജൂൺ അഞ്ചിന് ശേഷം 37 പുതിയ പച്ചത്തുരുത്തുകൾ ജില്ലയിൽ വർധിച്ചു. ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളിൽ 20.08 ഏക്കർ ഭൂമിയിലാണ് ജില്ലയിൽ പച്ചത്തുരുത്തിനായി വൃക്ഷത്തൈകൾ നട്ടത്. ഇതോടെ ജില്ലയിലെ പച്ചത്തുരുത്തിന്റെ വ്യാപ്തി 328.14 ഏക്കറായി വർധിച്ചു. 269 ഇടങ്ങളിൽ സജീവ പച്ചത്തുരുത്തുകളാണ് നിലവിലുള്ളത്. ഇവയിൽ ഭൂരിഭാഗവും ഫലവൃക്ഷത്തൈകൾ വളരുന്നവയാണ്.
ആരാധനാലയങ്ങളുടെ തരിശുഭൂമിയിൽ ദേവഹരിതം പച്ചത്തുരുത്തുകൾ ഒരുക്കുന്ന പദ്ധതിയിൽ 49 പച്ചത്തുരുത്തുകൾ നിലവിലുണ്ട്. പ്രാദേശിക സ്ഥലപ്പേരുകൾ അടയാളപ്പെടുത്തുന്ന വൃക്ഷത്തൈകൾ ശേഖരിച്ച് നട്ടുവളർത്തുന്ന സ്ഥലനാമ പച്ചത്തുരുത്തുകൾ ഒരുക്കാനുള്ള ശ്രമത്തിലാണ് ഹരിതകേരളം മിഷൻ.
പച്ചത്തുരുത്ത് സംസ്ഥാനതല നോമിനേഷൻ നേടിയ തദ്ദേശ ഭരണ സ്ഥാപനങ്ങൾ, പച്ചത്തുരുത്തുകൾ, പച്ചത്തുരുത്തുകൾ ഒരുക്കാൻ കൂടെ നിന്ന വ്യക്തികൾ എന്നിവക്ക് നൽകുന്ന ആദരവും അനുമോദനവും ഒരുതൈ നടാം കാമ്പയിൻ ലക്ഷ്യം നേടിയതിന്റെ പ്രഖ്യാപനവും ഒക്ടോബർ 20ന് രാവിലെ 11ന് തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

