യാത്രക്കാരുടെ ശ്രദ്ധക്ക്; നിങ്ങൾ ക്യൂവിലാണ്
text_fieldsകണ്ണൂർ: തലശ്ശേരി, പയ്യന്നൂർ റെയിൽവേ സ്റ്റേഷനുകളിൽനിന്ന് ട്രെയിനിൽ കണ്ണൂരിലെത്താൻ 20 മിനിറ്റ് മതി. എന്നാൽ, കണ്ണൂർ സ്റ്റേഷനിൽനിന്ന് നടപ്പാലം കടന്ന് പുറത്തിറങ്ങണമെങ്കിൽ ഇതിലേറെ സമയം വേണം. നൂറുകണക്കിന് യാത്രക്കാർക്ക് കടന്നുപോകാൻ കുപ്പിക്കഴുത്ത് പോലെയുള്ള നടപ്പാലമാണ് രണ്ട്, മൂന്ന് പ്ലാറ്റ്ഫോമുകളിലുള്ളത്. ഒന്നാം പ്ലാറ്റ്ഫോമിൽ ടിക്കറ്റ് കൗണ്ടറിന് സമീപമുള്ള ഈ മേൽപാലം മാത്രമാണ് എല്ലാ പ്ലാറ്റ്ഫോമുകളെയും ബന്ധിപ്പിക്കുന്നത്.
ഒന്നിലേറെ ട്രെയിനുകൾ ഒരുമിച്ചെത്തിയാൽ നടപ്പാലത്തിന് മുന്നിൽ ആൾക്കൂട്ടമാണ്. ആറടി മാത്രം വീതിയുള്ള പാലത്തിലൂടെ ലഗേജുമായി കാൽനട അതിസാഹസികം. ബാഗും തൂക്കി ഉറുമ്പുനീങ്ങും വേഗമുള്ള വരിയിൽ പടികയറാനായി കാത്തിരിക്കണം. രണ്ടും മൂന്നും പ്ലാറ്റ്ഫോമുകളിലേക്ക് ലിഫ്റ്റ് സൗകര്യമുണ്ടെങ്കിലും കയറാനും ഇറങ്ങാനും ഏറെ കാത്തിരിക്കണം. ആറു പേർക്ക് (404 കിലോ) മാത്രമാണ് ഒരുസമയം കയറാനാവുക.
ലഗേജുമായുള്ള യാത്രക്കാരാണെങ്കിൽ മൂന്നുപേർക്ക് കഷ്ടി കയറാം. ഒന്നാം പ്ലാറ്റ്ഫോമിൽനിന്ന് രണ്ടിലേക്ക് ഇറങ്ങാൻ മറ്റൊരു നടപ്പാലമുണ്ടെങ്കിലും സ്റ്റേഷന്റെ കിഴക്കേഭാഗത്തേക്ക് ഇതിലൂടെ കടക്കാനാവാത്തതിനാൽ അധികമാരും ഉപയോഗിക്കാറില്ല. രണ്ട്, മൂന്ന് പ്ലാറ്റ്ഫോമുകളിലേക്ക് എസ്കലേറ്റർ സൗകര്യവുമില്ലാത്തതും യാത്രക്കാർക്ക് ദുരിതമാണ്. ഏറെക്കാലത്തെ കാത്തിരിപ്പിനുശേഷമാണ് കിഴക്കേ കവാടത്തിൽ എസ്കലേറ്റർ നിർമാണം തുടങ്ങിയത്. ഇത് വഴി യാത്രക്കാർക്ക് പുറത്തേക്ക് പോകാനാവും.
ട്രെയിൻ വിട്ടുപോവും
വണ്ടിയിറങ്ങി പുറത്തുകടക്കാനായി മേൽപാലം കയറുന്നവരുടെ തിക്കിലുംതിരക്കിലും പ്ലാറ്റ്ഫോമിൽ ഇറങ്ങാനും ടിക്കറ്റ് കൗണ്ടറിനടുത്ത് എത്താനുമാവാതെ ട്രെയിൻ വിട്ടുപോയ നിരവധി അനുഭവങ്ങളാണ് യാത്രക്കാർ പങ്കുവെക്കുന്നത്. കുടുംബവുമായി യാത്രചെയ്യുന്നവരിൽ എല്ലാവർക്കും ട്രെയിനിൽ കയറാനാവാതെ ഒറ്റപ്പെട്ടുപോയ സംഭവങ്ങളും ഏറെ.
രണ്ടും മൂന്നും പ്ലാറ്റ്ഫോമുകളിൽ ട്രെയിൻ വന്നാൽ പുറത്തുകടക്കാനായി യാത്രക്കാർ നടപ്പാലത്തിലേക്ക് ഇരച്ചുകയറുമ്പോൾ ഇവിടേക്ക് ഇറങ്ങിവരുന്നവർ ഒഴുക്കിൽപെട്ടതുപോലെയാവും. നാലാം പ്ലാറ്റ്ഫോം നിർമിച്ച് വീതി കൂടിയ പുതിയ മേൽപാലം കിഴക്കേ കവാടവുമായി ബന്ധിപ്പിക്കാനായാലും ഈ ഭാഗത്ത് ലിഫ്റ്റും എസ്കലേറ്ററും ഒരുക്കിയാലും യാത്രാക്ലേശത്തിന് പരിഹാരമാകും.
അവധിക്കാലം അതികഠിനം
അവധി ദിവസങ്ങളിലും ഓഫിസ് സമയത്തും ട്രെയിനുകളിൽ തിരക്കുള്ളപ്പോഴും പ്ലാറ്റ്ഫോമിലും നടപ്പാലത്തിലും യാത്രക്കാരെ മുട്ടി നടക്കാനാവില്ല. പെരുന്നാൾ അവധി കഴിഞ്ഞ് തിങ്കളാഴ്ച രാവിലെ കണ്ണൂരിലെത്തിയ യാത്രക്കാർക്കും നാട്ടിൽനിന്ന് ജോലിസ്ഥലങ്ങളിലേക്ക് മടങ്ങുന്നവർക്കും നടപ്പാലത്തിൽ കയറാനായി ഏറെ കാത്തിരിക്കേണ്ടിവന്നു.
ഒന്നാം പ്ലാറ്റ്ഫോമിലെയും കിഴക്കേ കവാടത്തിലെയും ലിഫ്റ്റുകളിൽ 13 പേർക്ക് കയറാമെങ്കിലും രണ്ട്, മൂന്ന് പ്ലാറ്റ്ഫോമുകളിൽ ഇറങ്ങുന്ന ലിഫ്റ്റ് തീപ്പെട്ടി വലുപ്പത്തിലാണ്. രണ്ട് ട്രെയിനുകൾ ഒന്നിച്ചെത്തിയാൽ ലിഫ്റ്റിൽ കയറാൻ ലഗേജുമായി പ്രായമായവരും ശാരീരിക ബുദ്ധിമുട്ടുള്ളവരും അരമണിക്കൂറോളം കാത്തിരിക്കണം. ലിഫ്റ്റിൽ കയറാൻ ബലപ്രയോഗം വേറെയും സഹിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

