കണ്ണൂരിൽ ഇനി ‘ബീക്കൺ ടൗണുകൾ’; വിവിധ സർക്കാർ വകുപ്പുകളുടെയും ജനകീയ കൂട്ടായ്മകളുടെയും സഹകരണത്തോടെയാണ് പദ്ധതി
text_fieldsകണ്ണൂർ: ശുചിത്വവും സുസ്ഥിരതയും ജനപങ്കാളിത്തവുമുറപ്പാക്കി ജില്ലയിലെ പ്രധാന ടൗണുകളെ മാതൃകാ ടൗണുകളാക്കി മാറ്റുന്നതിനുള്ള ‘പ്രോജക്ട് ബീക്കൺ ടൗൺ പദ്ധതിക്ക് തുടക്കമാകുന്നു. തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വിവിധ സർക്കാർ വകുപ്പുകളുടെയും ജനകീയ കൂട്ടായ്മകളുടെയും സഹകരണത്തോടെയാണ് പദ്ധതി. ‘ശുചിത്വം, സുസ്ഥിരത, ജനപങ്കാളിത്തം’ ആശയത്തെ അടിസ്ഥാനമാക്കിയുള്ള പദ്ധതിയുടെ ജനകീയ സന്ദേശം ‘എന്റെ ടൗൺ, എന്റെ അഭിമാനം’ എന്നതാണ്.
പദ്ധതിയുടെ ആദ്യഘട്ടം ആഗസ്റ്റ് 15 മുതൽ ഒക്ടോബർ രണ്ടുവരെ പെട്ടെന്ന് പൂർത്തിയാക്കാൻ കഴിയുന്ന ശുചിത്വപ്രവർത്തനങ്ങൾക്കാണ് മുൻഗണന. പദ്ധതിപ്രദേശത്ത് ബെയ്സ് ലൈൻ സർവേ നടത്തി ശുചിത്വപ്രശ്നങ്ങളും അടിസ്ഥാനസൗകര്യ വിടവുകളും കണ്ടെത്തി അടിയന്തര കർമപദ്ധതി തയാറാക്കും.
മാലിന്യം വലിച്ചെറിയുന്ന സ്ഥലങ്ങൾ കണ്ടെത്തി ശുചീകരിക്കൽ, പൊതുശൗചാലയങ്ങൾ പ്രവർത്തനക്ഷമമാക്കൽ, പൊതുസ്ഥലങ്ങളിൽ മൂത്രമൊഴിക്കുന്ന ഇടങ്ങൾ ശുചീകരിക്കൽ, മാലിന്യശേഖരണം ശക്തിപ്പെടുത്തൽ, അനധികൃത പോസ്റ്റുകളും ഫ്ലക്സ് ബോർഡുകളും നീക്കംചെയ്യൽ തുടങ്ങിയ പ്രവർത്തനങ്ങൾ ഈ ഘട്ടത്തിൽ പൂർത്തിയാക്കും. 15 മുതൽ ഒക്ടോബർ രണ്ടുവരെ ജനകീയ ക്ലീനിങ് ഡ്രൈവുകളും ഓണം ഉൾപ്പെടെയുള്ള ഉത്സവക്കാലയളവിൽ പ്രത്യേക ശുചിത്വ-ഗ്രീൻ പ്രോട്ടോകോൾ പ്രവർത്തനങ്ങളും സംഘടിപ്പിക്കും.
ഒക്ടോബർ മൂന്നു മുതൽ മാർച്ച് 31വരെ കൂടുതൽ സമയം, ഫണ്ട്, സാങ്കേതികാനുമതി, വകുപ്പുതല ഏകോപനം എന്നീ ആവശ്യമായ പ്രവർത്തനങ്ങൾ നടപ്പാക്കും. നടപ്പാത, ഡ്രെയിനേജ്, തെരുവുവിളക്ക്, കുടിവെള്ളസൗകര്യം, പൊതുശൗചാലയ നവീകരണം, പാർക്കിങ് ക്രമീകരണം, വെണ്ടർ സോണിങ്, പോക്കറ്റ് പാർക്സ്, ലാൻഡ് സ്കേപ്പിങ്, സി.സി.ടി.വി, ഗ്രീൻ വിജിലൻസ് തുടങ്ങിയ പ്രവർത്തനങ്ങൾ ഇതിൽ ഉൾപ്പെടും.
മാലിന്യശേഖരണത്തിന് മുൻഗണന
നൂറു ശതമാനം വാതിൽപടി മാലിന്യശേഖരണം, ഉറവിടമാലിന്യം വേർതിരിക്കൽ, ശാസ്ത്രീയ മാലിന്യസംസ്കരണം എന്നിവ ശക്തിപ്പെടുത്തും. മാലിന്യം വലിച്ചെറിയുന്ന സ്ഥലങ്ങൾ വീണ്ടും രൂപപ്പെടാതിരിക്കാനുള്ള സ്ഥിരം നിരീക്ഷണവും പ്രതിരോധ സംവിധാനവും ഏർപ്പെടുത്തും. പൊതുസ്ഥലങ്ങളിലെ തുപ്പൽ നിയന്ത്രിക്കുന്നതിനും പൊതുസ്ഥലങ്ങളിൽ മൂത്രമൊഴിക്കുന്ന പ്രവണത ഒഴിവാക്കുന്നതിനും ശുചീകരണം, ബോധവത്കരണം, പൊതുശൗചാലയ സൗകര്യം, സൈനേജ്, മോണിറ്ററിങ് എന്നിവ സംയോജിപ്പിച്ചുള്ള ഇടപെടലും ഇതിന്റെ ഭാഗമായി ഉണ്ടാകും.
ജനപങ്കാളിത്തം പദ്ധതിയുടെ കരുത്ത്
ഹരിതകർമസേന, കുടുംബശ്രീ, വ്യാപാരി സംഘടനകൾ, റസിഡന്റ്സ് അസോസിയേഷനുകൾ, യുവജന സംഘടനകൾ, നാഷനൽ സർവിസ് സ്കീം, എൻ.സി.സി സ്റ്റുഡന്റ്സ്, പൊലീസ്, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, സർക്കാർ ഓഫിസുകൾ, പൊതുജനങ്ങൾ എന്നിവയെ പദ്ധതിയുടെ ഭാഗമാക്കും. ബീക്കൺ ടൗൺ വിലയിരുത്തുന്നതിന് മൂല്യനിർണയ സംവിധാനം ഏർപ്പെടുത്തും. ശുചിത്വവും മാലിന്യസംസ്കരണവും, ഹരിത പെരുമാറ്റച്ചട്ടം, പൊതുസൗകര്യങ്ങൾ, പരിസ്ഥിതി പരിപാലനം, ജനപങ്കാളിത്തം, സുസ്ഥിരതയും മോണിറ്ററിങ്ങും എന്നിവയാണ് മാനദണ്ഡങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

