കണ്ണൂർ: കടലിൽ ജീവൻ രക്ഷിക്കാൻ ഗാർഡുകളില്ല; ഉള്ളവർക്ക് ഉപകരണവുമില്ല
text_fieldsകണ്ണൂർ: ജില്ലയിലെ ബീച്ചുകളിൽ ആവശ്യത്തിന് ജീവൻ രക്ഷാഗാർഡുകളില്ല. കടലിൽ മുങ്ങിയുള്ള അപകടങ്ങളും മരണവും വർധിക്കുമ്പോഴും വർഷങ്ങൾക്ക് മുമ്പുള്ള അനുപാതക്കണക്കിലാണ് ലൈഫ് ഗാർഡുകളെ നിയമിക്കുന്നത്. പയ്യാമ്പലത്ത് ഞായറാഴ്ച വൈകീട്ട് കടലിൽ മുങ്ങിയ 13കാരനെ ഏറെ പാടുപെട്ടാണ് പുറത്തെടുത്തത്.
നിലവിൽ പയ്യാമ്പലത്ത് നാലു ലൈഫ് ഗാർഡുകളാണുള്ളത്. മുഴപ്പിലങ്ങാട് അഞ്ച്, മീൻകുന്ന് ചാൽ ബീച്ചിൽ മൂന്ന്, ധർമടത്ത് രണ്ട്, ചൂട്ടാട് ബീച്ചിൽ രണ്ടു പേരുമാണ് ലൈഫ് ഗാർഡുകളായുള്ളത്. ഇവരിൽ ചൂട്ടാടും മീൻകുന്നിലും പ്രാദേശികമായി ഡി.ടി.പി.സി നിയമിച്ചവരാണുള്ളത്. കടൽതീരങ്ങളിൽ 200 മീറ്ററിന് ഒരാൾ എന്ന നിലയിൽ ലൈഫ് ഗാർഡുകൾ വേണമെന്നാണ്. ഇതുപ്രകാരം പയ്യാമ്പലത്ത് മാത്രം 20 പേർ വേണ്ടതാണ്. ഈ സ്ഥാനത്താണിപ്പോൾ നാലു പേർ സേവനമനുഷ്ഠിക്കുന്നത്.
മുഴപ്പിലങ്ങാട് ഡ്രൈവിങ് ബീച്ച് അടക്കം ജില്ലയിലെ ബീച്ചുകൾ ലോകപ്രശസ്തമാണ്. പുറത്തുനിന്നും ആഭ്യന്തര സഞ്ചാരികളുമായി ആയിരക്കണക്കിന് പേരാണ് അവധിദിനങ്ങളിലും അല്ലാതെയും ഇവിടങ്ങളിലെത്തുന്നത്. ആവശ്യത്തിന് സുരക്ഷ ഉപകരണങ്ങളും സൗകര്യങ്ങളുമില്ലാത്തതിനാൽ ലൈഫ് ഗാർഡുമാർ ജീവൻ പണയം വെച്ചാണ് അപകടത്തിൽ പെടുന്നവരെ രക്ഷിക്കാൻ കടലിലിറങ്ങുന്നത്. മുഴപ്പിലങ്ങാട്, ചാൽ, ചൂട്ടാട് തുടങ്ങി വിനോദ സഞ്ചാര പ്രാധാന്യമുള്ള ബീച്ചുകളിലെല്ലാം ഇതു തന്നെയാണ് അവസ്ഥ.
പയ്യാമ്പലത്ത് മുങ്ങിയ വിദ്യാർഥിക്കായി 10 മിനിറ്റിലേറെയാണ് ലൈഫ് ഗാർഡ് ഡേവിഡ് ജോൺസൺ മുങ്ങിത്തപ്പിയത്. രക്ഷപ്പെടുത്താനായെന്ന ആശ്വാസത്തിലായിരുന്നുവെങ്കിലും വാരം ചതുരക്കിണർ സ്വദേശിയായ വിദ്യാർഥി ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ചു.
റെസ്ക്യൂ ട്യൂബ് അടക്കം ആവശ്യമായ ജീവൻ രക്ഷാഉപകരണങ്ങളൊന്നും എവിടെയുമില്ല. പയ്യാമ്പലത്ത് നിലവിൽ പഴക്കം ചെന്ന രണ്ടു ട്യൂബുകളാണുള്ളത്. കിലോമീറ്ററുകൾ പരന്നുകിടക്കുന്ന ബീച്ചിൽ പരസ്പരം ആശയവിനിമയത്തിനുള്ള വാക്കിടോക്കി, നിരീക്ഷണത്തിന് വാച്ച് ടവർ ബൈനോക്കുലർ ഒന്നുമില്ല. അപകടമുണ്ടായാൽ പരസ്പരം വിവരമറിയിക്കാനും സഹായിക്കാനും കഴിയുന്നില്ല.
ലൈഫ് ജാക്കറ്റുകളും വസ്ത്രങ്ങളുമടക്കം സൂക്ഷിച്ചുവെക്കാനും പ്രാഥമിക കൃത്യങ്ങൾക്ക് പോലും സൗകര്യമില്ലെന്ന് ലൈഫ് ഗാർഡുകൾ പരാതിപ്പെടുന്നു. അപകട ഇൻഷുറൻസ് പോലുമില്ലാത്തതും ഇവരെ പ്രയാസത്തിലാക്കുന്നു. പയ്യാമ്പലത്ത് നടപ്പാതയുള്ള ഒരു കിലോമീറ്ററാണ് ബീച്ചിന്റെ ദൈർഘ്യമെങ്കിലും പള്ളിയാമ്മൂല വരെ നാലു കിലോമീറ്ററുണ്ട്. ഇതിൽ നീർക്കടവ് വരെ ഇപ്പോൾ സന്ദർശകർ എത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

