അഴീക്കോട്ടെ പയ്യന് വധുവായി ബുദ്ധഗയക്കാരി
text_fieldsഅഴീക്കോട് ഗോവിന്ദപുരം ക്ഷേത്രത്തിൽ വിവാഹിതരായ സിജിയും
പൂജ കുമാരിയും
കണ്ണൂർ: അഴീക്കോട് ഗോവിന്ദപുരം ശ്രീമഹാവിഷ്ണു ക്ഷേത്രം കഴിഞ്ഞ ദിവസം സാക്ഷ്യംവഹിച്ചത് ഒരു അപൂർവ വിവാഹാഘോഷത്തിന്. ബിഹാറിലെ പരമ്പരാഗത ആചാരപ്രകാരമുള്ള കരിമണി മാലയിൽ കോർത്ത മംഗല്യസൂത്രം വധുവിന്റെ കഴുത്തിൽ കെട്ടിയതോടെ ശ്രീബുദ്ധന്റെ ജന്മനാടായ ഗയയിലെ പെൺകുട്ടി അഴീക്കോടിന്റെ മരുമകളായി.
മീൻകുന്നിലെ റിസോർട്ട് വധൂഗൃഹമാക്കി ഒരുക്കി ബിഹാർ കല്യാണത്തിലെ മറ്റു ചടങ്ങുകളും നടത്തിയതോടെ ഇരു കുടുംബങ്ങളും ഭാഷയുടെ അതിരുകൾ മറന്ന് ഒന്നായി. അഴീക്കോട് പുന്നക്കപ്പാറ സ്വദേശി സിജിക്കാണ് ബിഹാർ ബുദ്ധഗയയിലെ പൂജ വധുവായത്. അഴീക്കോട്ടെ പാരമ്പര്യ ലോഹപ്പണിക്കാരനായ പരേതനായ കൊളപ്രത്ത് ചന്ദ്രന്റെയും നളിനിയുടെയും മകനാണ് സിജി. ബിഹാർ ബുദ്ധഗയയിലെ റൗണ്ട് വാ ഗ്രാമത്തിൽ ലോഹപ്പണിക്കാരനായിരുന്ന പരേതനായ നവദീപ് ശർമയുടെയും സുഭദ്ര ദേവിയുടെയും മകളാണ് പൂജ. പൂജയുടെ 20ഓളം കുടുംബാംഗങ്ങളാണ് വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ കണ്ണൂരിലെത്തിയത്.
വൊക്കേഷനൽ ഹയർ സെക്കൻഡറി പഠന ശേഷം ഗൾഫിൽ ഫാബ്രിക്കേറ്ററായി ജോലി നോക്കുകയായിരുന്നു സിജി. പിന്നീട് നാട്ടിൽ തിരിച്ചെത്തി സ്വകാര്യ കമ്പനിയിൽ ജോലിക്കാരനായി. കല്യാണം ആലോചിക്കുന്നതിനിടെ, ബിഹാറിൽനിന്ന് കേരളത്തിൽ ജോലി തേടിയെത്തിയ ആശാരിപ്പണിക്കാരൻ ധർമേന്ദ്രയെ പരിചയപ്പെട്ടതാണ് വഴിത്തിരിവായത്. 12 വർഷം വിവിധ ജില്ലകളിൽ പണിയെടുത്ത ധർമേന്ദ്ര രണ്ടു വർഷം മുമ്പാണ് കണ്ണൂരിലെത്തിയത്. അദ്ദേഹത്തിന്റെ ബന്ധുവാണ് പൂജ കുമാരി. ഗയയിലെ ഗോതമ്പു പാടത്തിന്നരികെയുള്ള വീട്ടിൽ ധർമേന്ദ്ര പറഞ്ഞതനുസരിച്ച് സുഹൃത്തിനൊപ്പം സിജി പെണ്ണുകാണാൻ പോയി. അഴീക്കോട്ടേക്ക് പൂജയെ വിവാഹം കഴിച്ചയക്കാൻ സമ്മതമാണെന്ന് വീട്ടുകാർ അറിയിച്ചു. തുടർന്ന് സഹോദരൻ രാജീവും സഹോദരി വിക്കിയും ഭർത്താവ് രാജുവും മറ്റ് കുടുംബാംഗങ്ങളും പൂജയുമായി അഴീക്കോട്ടെത്തി അഴീക്കോട് ഗോവിന്ദപുരം ശ്രീമഹാവിഷ്ണു ക്ഷേത്രത്തിൽ മേൽശാന്തി ശ്രീകുമാരൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ വിവാഹം നടത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

