കണ്ണൂർ ദസറക്ക് തിരിതെളിഞ്ഞു; ഇനി രാവുറങ്ങാത്ത ആഘോഷം
text_fieldsകണ്ണൂർ ദസറക്ക് തുടക്കംകുറിച്ച് എഴുത്തുകാരൻ ടി. പത്മനാഭൻ തിരിതെളിയിക്കുന്നു
കണ്ണൂർ: മുനിസിപ്പൽ കോർപറേഷൻ ഒരുക്കുന്ന കണ്ണൂർ ദസറ ആഘോഷത്തിന് തുടക്കമായി. കണ്ണൂർ കലക്ടറേറ്റ് മൈതാനിയിൽ കെ. സുധാകരൻ എം.പി. ഉദ്ഘാടനം ചെയ്തു. ജാതിമത കക്ഷി രാഷ്ട്രീയ ഭേദമന്യേ ജനമനസ്സുകൾ ഒന്നിക്കുന്ന വേദിയായി കണ്ണൂർ ദസറ മാറുകയാണെന്ന് അദ്ദേഹം പറഞ്ഞു.
എല്ലാ ഭിന്നതകളും മറന്നു ജനങ്ങളെ ഒന്നിപ്പിക്കാനുള്ള കോർപറേഷന്റെ നടപടി അഭിനന്ദനീയമാണെന്നും എം.പി പറഞ്ഞു. കഥാകൃത്ത് ടി. പത്മനാഭൻ ദീപം തെളിച്ചു. ദസറയുമായി ബന്ധപ്പെട്ട പഴയ ഓർമകൾ അദ്ദേഹം പങ്കുവെച്ചു. സിനിമാതാരം രമേഷ് പിഷാരടിയുടെ ഹാസ്യാവതരണം സദസ്സിൽ ചിരിയുടെ മാലപ്പടക്കങ്ങൾ തീർത്തു.
കണ്ണൂർ ദസറ കെ. സുധാകരൻ എം.പി ഉദ്ഘാടനം ചെയ്യുന്നു
മേയർ അഡ്വ. ടി.ഒ. മോഹനൻ അധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, സജീവ് ജോസഫ്, ജില്ല കലക്ടർ എസ്. ചന്ദ്രശേഖരൻ തുടങ്ങിയവർ മുഖ്യാതിഥികളായി. വിശിഷ്ടാതിഥികൾക്ക് മേയർ ഗാന്ധി ശിൽപം സമ്മാനിച്ചു. വിവിധ രാഷ്ട്രീയപാർട്ടി നേതാക്കളായ അഡ്വ. റഷീദ് കവ്വായി, അഡ്വ. അബ്ദുൽ കരീം ചേലേരി, എം. പ്രകാശൻ മാസ്റ്റർ, സി.പി. സന്തോഷ് കുമാർ, ടി.സി. മനോജ്, മുൻ മേയർ സുമ ബാലകൃഷ്ണൻ, സുരേഷ് ബാബു എളയാവൂർ തുടങ്ങിയവർ സംസാരിച്ചു.
കോർപറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എം.പി. രാജേഷ്, അഡ്വ. പി. ഇന്ദിര, സിയാദ് തങ്ങൾ, ഷാഹിന മൊയ്തീൻ, കൗൺസിലർമാരായ മുസ് ലിഹ് മഠത്തിൽ, ടി. രവീന്ദ്രൻ, എൻ. ഉഷ, വി.കെ. ഷൈജു, കോർപറേഷൻ സി.ഡി.എസ് ചെയർപേഴ്സൻ വി. ജ്യോതി ലക്ഷ്മി തുടങ്ങിയവർ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

