സൂപ്പര്‍ ലീഗിനായി കണ്ണൂർ ജവഹര്‍ സ്റ്റേഡിയം ഒരുങ്ങി
text_fieldsസൂപ്പര്‍ ലീഗ് മത്സരങ്ങൾക്കായി കണ്ണൂര്‍ മുനിസിപ്പിൽ ജവഹര്‍ സ്റ്റേഡിയത്തിൽ പുല്ല് വെച്ചുപിടിപ്പിച്ചപ്പോൾ
കണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരളയിലെ കണ്ണൂര്‍ വാരിയേഴ്സ് ഫുട്ബാള്‍ ക്ലബിന്റെ ഹോം സ്റ്റേഡിയമായ കണ്ണൂര്‍ മുനിസിപ്പൽ ജവഹര്‍ സ്റ്റേഡിയത്തില്‍ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. സൂപ്പര്‍ ലീഗ് മത്സരത്തിന് അനുയോജ്യമായ രീതിയില്‍ സ്റ്റേഡിയത്തെ ഒരുക്കുക എന്ന ലക്ഷ്യത്തോടെ ഗ്രൗണ്ടില്‍ പുല്ല് വെച്ചുപിടിപ്പിക്കുന്ന രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
ആദ്യഘട്ടം ഇതിനകം പൂര്‍ത്തിയായി സൂപ്പര്‍ ലീഗില്‍നിന്നുള്ള പ്രത്യേക ടെക്നിക്കല്‍ സംഘം വന്ന് പരിശോധന നടത്തി അതൃപ്തിയും അറിയിച്ചിരുന്നു. ഗ്രൗണ്ടിന് ചുറ്റുമുള്ള കാടുകള്‍ വെട്ടി വൃത്തിയാക്കുന്ന പ്രവൃത്തിയും തുടങ്ങി.
മരച്ചില്ലകൾ വെട്ടിയൊതുക്കി. സൂപ്പര്‍ ലീഗ് ടെക്നിക്കല്‍ സംഘം അതൃപ്തി അറിയിച്ചതിനെ തുടർന്ന് സ്റ്റേഡിയത്തിന് അകത്ത് നിർത്തിയിട്ട വാഹനങ്ങള്‍ നീക്കം ചെയ്യാന്‍ കോർപറേഷന്റെ അനുമതി ലഭിച്ചു. വാഹനങ്ങള്‍ ഉടന്‍ തന്നെ നീക്കം ചെയ്യുമെന്ന് ക്ലബ് അധികൃതര്‍ അറിയിച്ചു.
വ്യാഴാഴ്ച കോഴിക്കോട് സൂപ്പര്‍ ലീഗിന് തിരിതെളിഞ്ഞു. ഒക്ടോബര്‍ അഞ്ചിന് തിരുവനന്തപുരം ചന്ദ്രശേഖര്‍ നായര്‍ സ്റ്റേഡിയത്തില്‍ തിരുവനന്തപുരം കൊമ്പന്‍സിനെതിരെയാണ് കണ്ണൂര്‍ വാരിയേഴ്സിന്റെ ആദ്യ മത്സരം.
ഷിബിന്‍ സാദ് വാരിയേഴ്സില്‍
കണ്ണൂര്‍: കൊല്‍ക്കത്തന്‍ ക്ലബ് ഭവാനിപുര്‍ എഫ്.സിയില്‍നിന്ന് ഷിബിന്‍ സാദിനെ ടീമിലെത്തിച്ച് കണ്ണൂര്‍ വാരിയേഴ്സ് ഫുട്ബാള്‍ ക്ലബ്. സെന്റര്‍ ബാക്കിൽ കളിക്കുന്ന താരമാണ് ഷിബിന്‍.
കണ്ണൂർ എസ്.എന്‍ കോളജിനായി കളിച്ചുതുടങ്ങിയ ഷിബിന്‍ 2018ല്‍ ഓള് ഇന്ത്യ സര്‍വകലാശാല ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാം സ്ഥാനം നേടിയ കണ്ണൂര്‍ സര്‍വകലാശാല ടീമില്‍ അംഗമായിരുന്നു. കണ്ണൂര്‍ മുണ്ടയാട് സ്വദേശിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

