കണ്ണൂർ കോർപറേഷനിലാണ്; പക്ഷേ, തദ്ദേശവോട്ടിനില്ല
text_fieldsകണ്ണൂർ: തലങ്ങും വിലങ്ങും അനൗൺസ്മെന്റ് വാഹനങ്ങളില്ല. വീടുകയറിയിറങ്ങുന്ന സ്ഥാനാർഥികളില്ല. തെരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികളുടെ കാഴ്ചകളില്ല. ഭൂമിശാസ്ത്രപരമായി കണ്ണൂർ കോർപറേഷനിലാണ്. പക്ഷെ ഭരണം കന്റോൺമെന്റ് ബോർഡിനാണ്.
ഇത് കേന്ദ്ര പ്രതിരോധമന്ത്രാലയത്തിന്റെ കീഴിൽ കേരളത്തിലെ ഏക കന്റോൺമെന്റായ കണ്ണൂർ. പാർലമെന്റിലേക്കും നിയമസഭയിലേക്കും കന്റോൺമെന്റ് നിവാസികൾക്ക് വോട്ടുചെയ്യാമെങ്കിലും കണ്ണൂർ കോർപറേഷന് നടുവിൽ സ്ഥിതി ചെയ്യുന്ന കന്റോൺമെന്റ് നിവാസികൾക്ക് തദ്ദേശ തെരഞ്ഞടുപ്പിൽ വോട്ടു ചെയ്യാനാവില്ല. പകരം കന്റോൺമെന്റ് ബോർഡിലേക്ക് പ്രത്യേകമായി അഞ്ചുവർഷത്തിലൊരിക്കൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാം. 2011 കാനേഷുമാരി പ്രകാരം 4798 ആണ് കണ്ണൂർ കന്റോൺമെന്റിലെ ജനസംഖ്യ. ഇതിൽ 1867പേരാണ് സാധാരണ പൗരന്മാരായുള്ളത്. ശേഷിക്കുന്നവർ സൈനിക ഉദ്യോഗസ്ഥരാണ്.
കണ്ണൂർ കന്റോൺമെന്റ് പ്രദേശങ്ങളെ ഉൾപ്പെടുത്തി ആറ് ഇലക്ടറൽ വാർഡുകൾ നിലവിലുണ്ട്. ഈ വാർഡുകളിൽ നിന്നുള്ള ജനപ്രതിനിധികൾക്കായുള്ള തെരഞ്ഞെടുപ്പിൽ കന്റോൺമെന്റ് നിവാസികളായ പൗരന്മാർക്ക് വോട്ട് ചെയ്യാം. തെരഞ്ഞെടുക്കുന്ന ആറു ജനപ്രതിനിധികളും ആറു പട്ടാള ഉദ്യോഗസ്ഥരുമടങ്ങുന്നതാണ് കന്റോൺമെന്റ് ബോർഡ്. ബോർഡിന്റെ പ്രസിഡന്റ് മിലിട്ടറി കമാൻഡന്റ് ആയിരിക്കും. ബോർഡ് വൈസ് പ്രസിഡന്റ് തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികളിൽ ഒരാളായിരിക്കും. സംസ്ഥാനത്തെ മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നിർവഹിക്കുന്ന എല്ലാ ചുമതലകളും സേവനങ്ങളും കന്റോൺമെന്റുകളിലുമുണ്ടെങ്കിലും സംസ്ഥാന സർക്കാറുമായി കന്റോൺമെന്റുകൾക്ക് നേരിട്ട് ബന്ധമില്ല. കന്റോൺമെന്റ് പ്രദേശത്തെ ജനങ്ങളിൽനിന്ന് ലഭിക്കുന്ന വസ്തുനികുതിയും തൊഴിൽ നികുതിയും കേന്ദ്രത്തിൽനിന്ന് ലഭിക്കുന്ന ഗ്രാന്റുകളുമൊക്കെയാണ് പ്രധാന വരുമാന സ്രോതസ്.
2015ലാണ് കന്റോൺമെന്റുകളിലേക്ക് അവസാനമായി തെരഞ്ഞെടുപ്പ് നടന്നത്. 2020ൽ കാലാവധി പൂർത്തിയായ ബോർഡിന് ഒരുവർഷം കൂടി കാലാവധി നൽകിയിരുന്നു. 2021ൽ കാലാവധി കഴിഞ്ഞെങ്കിലും അതിനു ശേഷം തെരഞ്ഞെടുത്ത ഭരണസമിതി ഉണ്ടായിട്ടില്ല. 2023ൽ കന്റോൺമെന്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടത്താൻ കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നുവെങ്കിലും പിന്നീട് തെരഞ്ഞെടുപ്പ് പ്രക്രിയകൾ നിർത്തിവെച്ചതായി പ്രഖ്യാപിച്ച് ഉത്തരവിടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

