കണ്ണൂർ വ്യവസായ വാണിജ്യ നിക്ഷേപക സംഗമം രണ്ടിന്
text_fieldsകണ്ണൂർ: ജില്ലയിലെ വിവിധ നിക്ഷേപ സാധ്യതകളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനും നവീന ആശയങ്ങൾ സംരംഭങ്ങളാക്കി മാറ്റുന്നതിനുള്ള സാധ്യതകൾ വിലയിരുത്തുന്നതിനുമായി സംസ്ഥാന വ്യവസായ വകുപ്പിന്റെയും കണ്ണൂർ ജില്ല വ്യസവസായ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ വ്യവസായ വാണിജ്യ നിക്ഷേപ സംഗമം സംഘടിപ്പിക്കുന്നു. ശനിയാഴ്ച രാവിലെ 10ന് മയ്യിൽ സാറ്റ്കോസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന സംഗമം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യുമെന്ന് ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബർട്ട് ജോർജ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. എം.വി. ഗോവിന്ദൻ എം.എൽ.എ അധ്യക്ഷത വഹിക്കും.
സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് വിഭാവനം ചെയ്ത് നടപ്പിലാക്കിയ ‘ഒരു വർഷം ഒരു ലക്ഷം സംരംഭം’പദ്ധതിയുടെ ലക്ഷ്യം സംസ്ഥാനത്ത് 100 ശതമാനം പൂർത്തീകരിച്ചതോടൊപ്പം, കണ്ണൂർ ജില്ല വ്യവസായ കേന്ദ്രവും 100 ശതമാനം ലക്ഷ്യം കൈവരിക്കുകയുണ്ടായി. സംരംഭക വർഷം 2022- 2023 സംസ്ഥാന അവാർഡ് പ്രഖ്യാപിച്ചതിൽ സംസ്ഥാനത്തെ മികച്ച മൂന്നാമത്തെ ജില്ലയായും കണ്ണൂർ തിരഞ്ഞെടുക്കപ്പെട്ടു. സംരംഭക വർഷത്തിന്റെ ഭാഗമായി 10,000 സംരംഭങ്ങൾക്കു മുകളിൽ ലക്ഷ്യം കൈവരിച്ചിട്ടുള്ള ജില്ലകളുടെ പട്ടികയിലും കണ്ണൂർ ഇടംനേടി. ഈ മൂന്ന് വിഭാഗങ്ങളിലും അംഗീകാരം നേടിയിട്ടുള്ള ഏക ജില്ല കണ്ണൂരാണ്.
2022-23 സാമ്പത്തിക വർഷം സംരംഭക വർഷമായി ആചരിച്ചതിന്റെ ഭാഗമായി ജില്ലയിൽ 11,702 പുതിയ യൂനിറ്റുകളും അതുവഴി 698.41 കോടി രൂപയുടെ നിക്ഷേപവും 23,910 തൊഴിലവസരവും സൃഷ്ടിച്ചു. ഈ സാമ്പത്തിക വർഷത്തിൽ ഇതുവരെ ജില്ലയിൽ 6,913 പുതിയ യൂനിറ്റുകളും അതുവഴി 488.97 കോടി രൂപയുടെ നിക്ഷേപവും 13,839 തൊഴിലവസരവും സൃഷ്ടിച്ചു.
ജില്ല വ്യവസായ കേന്ദ്രവും ജില്ല പഞ്ചായത്തും കൂടി വ്യവസായ ടൂറിസം മേഖലയിൽ സംഘടിപ്പിച്ച എൻ.ആർ.ഐ സമ്മിറ്റിന്റെ ഫലമായി 41 പുതിയ പ്രോജക്ടുകൾ വന്നു. ഇതിലൂടെ 1,404 കോടി രൂപയുടെ നിക്ഷേപ സാധ്യതയും 14,040 തൊഴിലവസരങ്ങളും പ്രതീക്ഷിക്കുന്നു. ടൂറിസം മേഖലയിൽ 33 പുതിയ േപ്രോജക്ടുകളും 7,240 തൊഴിലവസരവും 724 കോടി രൂപയുടെ നിക്ഷേപവുമാണ് പ്രതീക്ഷിക്കുന്നത്.
ജില്ലയിൽ ഇതുവരെ 2,203 പേർ മൂന്ന് വർഷത്തേക്കുളള കെ-സ്വിഫ്റ്റ് അക്നോളജ്മെന്റ് സർട്ടിഫിക്കറ്റ് എടുത്ത് സംരംഭം തുടങ്ങിയിട്ടുണ്ട്. സിംഗിൾ വിൻഡോ ക്ലിയറൻസ് ഓൺലൈൻ പോർട്ടൽ വഴി 582 സ്ഥാപനങ്ങൾക്ക് ലൈസൻസ് അനുവദിച്ചിട്ടുണ്ട്. ജില്ല വ്യവസായ കേന്ദ്രം മാനേജർമാരായ രഞ്ചു മണി, ഇ.ആർ. നിതിൻ എന്നിവരും വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

