കണ്ണൂര്‍ പുഷ്പോത്സവത്തിന് തുടക്കം
text_fieldsകണ്ണൂർ: ജില്ല അഗ്രിഹോര്‍ട്ടി കൾചറല്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന കണ്ണൂര്‍ പുഷ്പോത്സവത്തിന് കണ്ണൂര്‍ പൊലീസ് മൈതാനിയിൽ തുടക്കമായി. സ്പീക്കര്‍ അഡ്വ. എ.എന്‍. ഷംസീര്‍ ഉദ്ഘാടനം ചെയ്തു.
കണ്ണിന് മധുരം നൽകുന്ന നിരവധി കാഴ്ചകളാണ് പുഷ്പോത്സവത്തിൽ ഒരുക്കിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജില്ല അഗ്രിഹോര്‍ട്ടി കൾചറല്‍ സൊസൈറ്റിയും ഡി.ടി.പി.സിയും യോജിച്ച് മുന്നോട്ടുപോയാൽ വരുംവർഷങ്ങളിൽ കൂടുതൽ ദിവസങ്ങൾ നീളുന്ന രീതിയിൽ പുഷ്പോത്സവം നടത്താൻ കഴിയുമെന്നും സ്പീക്കർ പറഞ്ഞു.
40 ഓളം ഇനം ശുദ്ധജല സസ്യങ്ങള്‍ ഉപയോഗിച്ച് അക്വേറിയത്തിന്റെ മാതൃകയിലുള്ള ഡിസ്പ്ലേയാണ് പുഷ്പോത്സവത്തിന്റെ മുഖ്യ ആകര്‍ഷണം. ഫുഡ് കോര്‍ട്ടും, കുട്ടികള്‍ക്ക് അമ്യൂസ്മെന്റ് പാര്‍ക്കും സെൽഫി പോയന്റും ഒരുക്കിയിട്ടുണ്ട്.
കേരളത്തിലെയും ഇതര സംസ്ഥാനങ്ങളിലെയും നഴ്സറികളുടെ വൈവിധ്യമാര്‍ന്ന സ്റ്റാളുകളാണ് മേളയിലുള്ളത്. ചെടികള്‍, ഫലവൃക്ഷത്തൈകള്‍, മറ്റു നടീല്‍ വസ്തുക്കള്‍, ഔഷധ സസ്യങ്ങള്‍ തുടങ്ങിയവ മിതമായ നിരക്കിൽ ലഭിക്കും. സെമിനാറുകള്‍, കുട്ടി കര്‍ഷക സംഗമം, ഹരിതകര്‍മ സേനാംഗങ്ങളെ ആദരിക്കല്‍, സംസ്ഥാന കലോത്സവ വിജയികളെ ആദരിക്കല്‍, കാർഷിക മേഖലയിലെ മൂല്യവര്‍ധിത സംരംഭങ്ങള്‍ നടത്തുന്നവരുമായുള്ള സംവാദം, ബഡ്സ് സ്കൂള്‍ കുട്ടികളുടെ കലാമേള എന്നിവയും വിവിധ ദിവസങ്ങളായി നടക്കും. 60 രൂപയാണ് പ്രവേശന ഫീസ്. അഞ്ചു വയസ്സിന് താഴെയുള്ളവര്‍ക്കും 80 വയസ്സ് കഴിഞ്ഞവര്‍ക്കും പ്രവേശനം സൗജന്യമാണ്. ജില്ല കലക്ടര്‍ അരുണ്‍ കെ. വിജയന് അധ്യക്ഷത വഹിച്ചു. ഡിസ്പ്ലേ മേയര്‍ മുസ് ലിഹ് മഠത്തില്‍ ഉദ്ഘാടനം ചെയ്തു. പത്മശ്രീ ജേതാവായ കര്ഷകന് സത്യനാരായണ ബേളേരിയെ സ്പീക്കർ ആദരിച്ചു.
സംഘാടക സമിതി ജനറൽ കൺവീനർ വി.പി. കിരൺ, പ്രിൻസിപ്പൽ കൃഷി ഓഫിസർ ബി.കെ. അനിൽ, കൺവീനർ ഡോ. കെ.സി. വത്സല പങ്കെടുത്തു. ഉദ്ഘാടന പരിപാടിയോടനുബന്ധിച്ച് കൊല്ലം ഷാഫിയുടെ നേതൃത്വത്തിലുള്ള ഗാനമേളയും അരങ്ങേറി. പുഷ്പോത്സവം 19ന് സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

