കണ്ണൂർ ദസറയിൽ തൃശൂര്‍ പൂരം; ആസ്വദിക്കാൻ വിദേശികളും
text_fields1. കണ്ണൂർ ദസറയുടെ ഭാഗമായുള്ള സാംസ്കാരിക സമ്മേളനം എഴുത്തുകാരൻ കൽപറ്റ നാരായണൻ ഉദ്ഘാടനം ചെയ്യുന്നു 2. കണ്ണൂർ ദസറയിൽ അവതരിപ്പിച്ച പാണ്ടിമേളം
കണ്ണൂർ: ദസറയുടെ മൂന്നാംദിനം മേളപ്പെരുക്കത്തിന്റെ പെയ്തിറക്കമായി ആസ്വാദക മനം കവർന്നു. പരിപാടികൾ ആസ്വദിക്കുന്നതിനായി വിദേശ വിനോദ സഞ്ചാരികളും എത്തിയത് കൗതുകക്കാഴ്ചയായി. കണ്ണൂര്‍ കോർപറേഷന് ഒരുക്കുന്ന കണ്ണൂര്‍ ദസറയുടെ മൂന്നാം ദിനമായ ചൊവ്വാഴ്ച സാസ്കാരിക സമ്മേളനത്തോടെ ആരംഭിച്ച പരിപാടി എഴുത്തുകാരൻ കൽപറ്റ നാരായണൻ ഉദ്ഘാടനം ചെയ്തു.
ലോകം യുദ്ധമുഖത്ത് നിൽക്കുമ്പോൾ എല്ലാവരും ഒരുമിക്കുന്ന കണ്ണൂർ ദസറ ലോക സമാധാനത്തിന് വലിയ സമ്മാനമായി മാറുന്ന വേദിയായി മാറണമെന്ന് അദ്ദേഹം പറഞ്ഞു. ഇത് ഹൃദയങ്ങളുടെ ഉത്സവമാണ്. കൊറോണക്കു ശേഷം എല്ലാം അവസാനിച്ചെന്ന് കരുതിയേടത്തു നിന്നുള്ള ഉയിർത്തെഴുന്നേൽപ്പാണ്. ഇവിടെ വിഭാഗീയ ചിന്തകൾക്ക് സ്ഥാനമില്ല.
അപര വിദ്വേഷത്തിനെതിരെയുള്ളതാണ് ആഘോഷം. സമൂഹത്തിലെ എല്ലാ വിദ്വേഷത്തിനും പ്രതിവിധി ഉത്സവമാണെന്നും അദ്ദേഹം പറഞ്ഞു. കൗൺസിലർ കൂക്കിരി രാജേഷ് അധ്യക്ഷത വഹിച്ചു. മനുഷ്യാവകാശ കമീഷന് ആക്ടിങ് ചെയര്മാന് കെ. ബൈജുനാഥ്, പെരുവനം കുട്ടൻ മാരാർ എന്നിവർ മുഖ്യാതിഥികളായി.
മുണ്ടേരി ഗംഗാധരന്, ഇ.വി.ജി. നമ്പ്യാര്‍, ഒ. അശോക് കുമാര്‍, സി. മനോഹരന്, കൗണ്‍സിലര്‍ വി. ബാലകൃഷ്ണന്, മിനി അനിൽകുമാർ സംസാരിച്ചു.
തുടര്‍ന്ന് ദേവിക സജീവന് അവതരിപ്പിച്ച ഭരതനാട്യം, കണ്ണൂര്‍ കോർപറേഷന് ജീവനക്കാര്‍ അവതരിപ്പിച്ച ഡാന്‍ഡിയ നൃത്തം, ഫ്ലവേഴ്സ് ടി.വി ടോപ് സിങ്ങര്‍ ഫൈനലിസ്റ്റ് സിദ്നാന്‍ താജ് അവതരിപ്പിച്ച ഗാനങ്ങൾ, കോർപറേഷൻ ബഡ്സ് സ്കൂൾ വിദ്യാർഥികൾ അവതരിപ്പിച്ച ഗ്രൂപ ഡാൻസ് എന്നിവ അരങ്ങേറി. ശേഷം പത്മശ്രീ പെരുവനം കുട്ടന് മാരാര്‍ നയിച്ച പാണ്ടിമേളം അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

