കണ്ണൂരിലേക്ക് വരൂ, ഉത്സവരാവിൽ അലിയാം...
text_fieldsകണ്ണൂർ ദസറയോടനുബന്ധിച്ച് കോർപറേഷൻ പരിധിയിലെ അംഗൻവാടി അധ്യാപികമാരും ഹെൽപർമാരും
സംഘടിപ്പിച്ച മെഗാ ഒപ്പനയിൽനിന്ന്
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന നവരാത്രി ആഘോഷമായ കണ്ണൂര്‍ ദസറ ചൊവ്വാഴ്ച മുതല്‍ ഒക്ടോബര്‍ ഒന്നുവരെ കലക്ടറേറ്റ് മൈതാനിയില്‍ നടക്കും. പരിപാടികൾ കാണാൻ ആളുകൾ നഗരത്തിലേക്ക് ഒഴുകിയെത്തും. ഒമ്പത് ദിവസങ്ങളിലായി നടക്കുന്ന ദസറ വൈകീട്ട് അഞ്ചിന് കെ. സുധാകരന് എം.പി ഉദ്ഘാടനം ചെയ്യും.
നടൻ ഉണ്ണിരാജ് ചെറുവത്തൂര്‍ മുഖ്യാതിഥിയാകും. പരിപാടിയില്‍ വിവിധങ്ങളായ കലാസാംസ്കാരിക പരിപാടികള്‍ അരങ്ങേറും. നഗരത്തിലെ വാണിജ്യ മേഖലയെക്കൂടി ഉത്തേജിപ്പിച്ചിരുന്ന വ്യാപാരോത്സവം കൂടിയാണ് ദസറ ആഘോഷം. ഏറെ ആവേശത്തോടെയാണ് കഴിഞ്ഞ രണ്ടുവര്‍ഷവും ദസറ ആഘോഷം ജനം ഏറ്റെടുത്തത്. ‘പങ്കുവെക്കാം സ്നേഹം പങ്കുചേരാം ദസറ’ എന്നതാണ് ഈ വര്‍ഷത്തെ കണ്ണൂര്‍ ദസറയുടെ മുദ്രാവാക്യം. ഇത്തവണ ഷോപ്പിങ് ഫെസ്റ്റിവലും സംഘടിപ്പിച്ചിട്ടുണ്ട്. കോര്പറേഷന് പരിധിയിലെ വ്യാപാര സ്ഥാപനങ്ങളില്‍നിന്ന് സാധനങ്ങള്‍ വാങ്ങുമ്പോള്‍ കൂപ്പണ്‍ നല്‍കുന്നതാണ് പദ്ധതി.
സൗജന്യ കൂപ്പണ്‍ നറുക്കെടുപ്പില്‍ ബംബര്‍ സമ്മാനമായി ബെലേനൊ കാര്‍, രണ്ടാം സമ്മാനമായി അഞ്ചുപേര്‍ക്ക് ജൂപ്പിറ്റര്‍ സ്കൂട്ടര്‍, മൂന്നാം സമ്മാനമായി 50 പേര്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ എന്നിവ നല്‍കും. എല്ലാ വിഭാഗം ജനങ്ങളെയും ആകര്‍ഷിക്കുന്ന തരത്തില്‍ വിപുലമായ കലാ സാംസ്കാരിക സംഗീത പരിപാടികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് മേയര്‍ മുസ്ലിഹ് മഠത്തില്‍, ഡെപ്യൂട്ടി മേയര്‍ പി. ഇന്ദിര, സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാന്മാരായ പി. ഷമീമ, എം.പി. രാജേഷ്, വി.കെ. ശ്രീലത, സിയാദ് തങ്ങള്‍, ഷാഹിന മൊയ്തീന്, സുരേഷ് ബാബു എളയാവൂര്, കൗണ്‍സിലര്‍മാരായ ടി. രവീന്ദ്രന്, എന്‍. ഉഷ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

