കണ്ണൂർ ജില്ല കലക്ടർ എസ്. ചന്ദ്രശേഖർ പടിയിറങ്ങുന്നു; അരുൺ കെ. വിജയൻ പുതിയ കലക്ടർ
text_fieldsഎസ്. ചന്ദ്രശേഖർ
കണ്ണൂർ: കോവിഡ് നിയന്ത്രണങ്ങളിൽ ഏറെക്കുറെ ഇളവുകൾ വരുന്ന കാലത്താണ് എസ്. ചന്ദ്രശേഖർ ജില്ല കലക്ടറായി കണ്ണൂരിലെത്തുന്നത്. നാടിനെ അറിയുന്ന സൗമ്യൻ എന്നായിരുന്നു കണ്ണൂരുകാർക്ക് അദ്ദേഹത്തെ അടയാളപ്പെടുത്താനുണ്ടായിരുന്നത്. ജില്ല കലക്ടറായി രണ്ടു വർഷം പൂർത്തിയാക്കിയ ശേഷം എസ്. ചന്ദ്രശേഖർ മടങ്ങുമ്പോൾ വിവിധ പദ്ധതികൾക്കായുള്ള സ്ഥലമേറ്റെടുക്കൽ അടക്കം അദ്ദേഹം നാടിന് നൽകിയ വികസനപ്രവർത്തനങ്ങൾ ഏറെയാണ്.
കണ്ണൂരിൽ അസി. കലക്ടറായും തലശ്ശേരിയിൽ സബ് കലക്ടറായും പ്രവർത്തിച്ച അനുഭവസമ്പത്തുമായാണ് ടി.വി. സുഭാഷിൽനിന്ന് അദ്ദേഹം ജില്ല കലക്ടറുടെ ചുമതലയേറ്റത്. ദേശീയപാത, അന്താരാഷ്ട്ര ആയുർവേദ ഗവേഷണകേന്ദ്രം തുടങ്ങിയ വൻകിട പദ്ധതികൾക്കായി ഭൂമിയേറ്റെടുക്കൽ അടക്കമുള്ള വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയാണ് മടക്കം.
തമിഴ്നാട് സേലം സ്വദേശിയായ ചന്ദ്രശേഖർ തിരുവല്ല, ആലപ്പുഴ എന്നിവിടങ്ങളിലും സബ് കലക്ടറായും എംപ്ലോയ്മെന്റ് ആൻഡ് ട്രെയിനിങ്, നൈപുണ്യ വികസന മിഷൻ, ഐ.ടി മിഷൻ എന്നിവയുടെ ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മസൂരിയിലെ നാഷനൽ അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷനിൽ പ്രവർത്തിക്കാനായി അദ്ദേഹം സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. വൈകാതെ മസൂരിയിൽ പുതിയ ചുമതലയേൽക്കും. പ്രവേശന പരീക്ഷാ കമീഷണർ അരുൺ കെ. വിജയനാണ് പുതിയ കണ്ണൂർ കലക്ടർ. തൃശൂർ മാള സ്വദേശിയായ അരുൺ 2016 ബാച്ച് ഐ.എ.എസ് ഓഫിസറാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

