പൂപ്പൽ പിടിച്ച ചുമരുകൾ, പൊളിഞ്ഞുവീഴാറായ മേൽക്കൂര; നിലംപൊത്താറായി ജില്ല ബുക്ക് ഡിപ്പോ
text_fieldsകണ്ണൂർ: ഏതുനിമിഷവും നിലംപതിക്കാറായ കെട്ടിടത്തിൽ ഭീതിപരത്തുന്ന മേൽക്കൂരക്ക് താഴെ തീതിന്ന് കഴിയുകയാണ് പയ്യാമ്പലത്തെ ജില്ല പാഠപുസ്തക ഡിപ്പോ ജീവനക്കാരും പാഠപുസ്തകങ്ങളും. മഴ നനഞ്ഞ് പൂപ്പൽ പിടിച്ച ചുമരുകളും പൊളിഞ്ഞുവീഴാറായ മേൽക്കൂരയും ആരെയും ഭയപ്പെടുത്തും. ആർ.ഡി.ഡി ഓഫിസിനോട് ചേർന്നാണ് ബുക്ക് ഡിപ്പോ പ്രവർത്തിക്കുന്നത്.
വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ മൂക്കിൻ തുമ്പിലാണ് അപകടം വിതക്കാനൊരുങ്ങി നിൽക്കുന്ന കെട്ടിടമുള്ളത്. കാനത്തൂർ അംഗൻവാടിയും പ്രവർത്തിക്കുന്നത് ഇതേ കെട്ടിടത്തിലാണ്. ഇടിഞ്ഞുപൊളിഞ്ഞു വീഴാനായ ചുമരുകൾക്കിടയിലൂടെ വേണം കുട്ടികൾക്ക് അംഗൻവാടിയിലെത്താൻ.
കഴിഞ്ഞദിവസം പെയ്ത മഴയിൽ ഓട് വീണ് അധ്യാപകന് ഗുരുതര പരിക്കേറ്റു. തിങ്കളാഴ്ച വൈകീട്ട് പാഠപുസ്തക വിതരണ ഡിപ്പോയിലെത്തിയ അങ്ങാടിക്കടവ് സേക്രഡ് ഹാർട്ട് ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപകൻ എം.എം. ബെന്നിയുടെ തലയിൽ മൂലയോടുകളാണ് പതിച്ചത്. ആർ.ഡി.ഡിയെ കാണാനെത്തിയപ്പോൾ പെയ്ത കനത്തെ മഴയിൽനിന്ന് രക്ഷനേടാൻ ബുക്ക് ഡിപ്പോയിൽ കയറിനിന്നതായിരുന്നു.
തലപൊട്ടി വസ്ത്രം നിറയെ ചോരയിൽ കുളിച്ചുനിന്ന ബെന്നിയെ അധ്യാപകർ ആശുപത്രിയിലെത്തിയിലെത്തിച്ചു. തലയിൽ 11 തുന്നിക്കെട്ടലുണ്ട്.
കുട്ടികളുടെ പാഠപുസ്തകങ്ങൾ സൂക്ഷിക്കുന്ന കെട്ടിടത്തിന് 80 വർഷത്തിലേറെ പഴക്കമുണ്ട്. 1944ൽ നിർമിച്ച സ്കൂൾ കെട്ടിടം ബുക്ക് ഡിപ്പോക്ക് കൈമാറുകയായിരുന്നു.
കോർപറേഷന്റെ കീഴിലാണ് പുസ്തക വിതരണ ഡിപ്പോയുടെ കെട്ടിടം പ്രവർത്തിക്കുന്നത്. കെട്ടിടം നവീകരിക്കണമെന്നാവശ്യപ്പെട്ട് ജീവനക്കാർ നിരവധി തവണ അപേക്ഷ നൽകിയെങ്കിലും ഫിറ്റ്നസ് ഇല്ലാത്തതിനാൽ ഫണ്ട് അനുവദിക്കാനാവില്ലെന്ന മറുപടിയാണ് ലഭിച്ചത്.
മഴ നനഞ്ഞ് ചുമരുകളെല്ലാം ജീർണിച്ചിട്ടുണ്ട്. ജനലുകൾ തുരുമ്പെടുത്ത് വീണു. എലിയുടേയും ഇഴജന്തുക്കളുടെ ശല്യം വേറെയും. വയറിങ് ശരിയല്ലാത്തതിനാൽ ഇരുട്ട് മുറിയിലാണ് ജീവനക്കാർ പണിയെടുക്കുന്നത്. ഒന്നാംഘട്ടം പാഠപുസ്തകങ്ങൾ വിതരണം ചെയ്തത് ഈയിടക്കാണ്. അൺ എയ്ഡഡ് സ്കൂളുകളുടെ കുറച്ച് പുസ്തകങ്ങൾ മാത്രമാണ് ഇപ്പോൾ ഡിപ്പോയിലുള്ളത്. ഈ മാസം അവസാനം രണ്ടാം വോളിയത്തിന്റെ വിതരണം നടക്കും. ജൂലൈയിലും ആഗസ്റ്റിലും മഴ കനക്കുമെന്നുറപ്പാണ്.
കെട്ടിടം നവീകരിച്ചില്ലെങ്കിൽ പുസ്തകങ്ങൾ നനഞ്ഞ് നശിക്കുന്ന സ്ഥിതിയാവും. കോർപറേഷൻ, കെട്ടിടത്തിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാത്തതാണ് ബുക്ക് ഡിപ്പോയുടെ നവീകരണത്തിന് തടസ്സമായി നിക്കുന്നതെന്നാണ് വിദ്യാഭ്യാസ വകുപ്പ് അധികൃതർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

