കണ്ണൂര്‍ ദസറ:നാടൻപാട്ടിൽ ലയിച്ച് ഏഴാംദിനം; ചുവടുവെച്ച് ജനം
text_fieldsകണ്ണൂർ ദസറയിലെ സദസ്യർക്കിടയിൽ പ്രസീത ചാലക്കുടി നാടൻപാട്ട് പാടുന്നു
കണ്ണൂര്‍: ജനപ്രവാഹമായി കണ്ണൂർ കോർപറേഷൻ ഒരുക്കുന്ന കണ്ണൂർ ദസറയുടെ ഏഴാംദിനം. സംഗീതവും നൃത്തവും പാട്ടും ചിരിയും ഒരുപോലെ മേളിക്കുന്ന ദസറ വേദിയും സദസ്സും പ്രസീത ചാലക്കുടിയുടെ നാടൻ പാട്ടിന്റെ താളമേളങ്ങളുടെ ലഹരിയിലായിരുന്നു ശനിയാഴ്ച. പ്രസീതയും കൂടെയുള്ള 18 കലാകാരൻമാരും കലാഭവൻ മണിയുടെ ഉൾപ്പെടെ പ്രശസ്തമായ നാടൻ പാട്ടുകളുമായി രണ്ടര മണിക്കൂറിൽ അധികം അരങ്ങിൽ നിറഞ്ഞുനിന്നപ്പോൾ സദസ്സിനും ഹരം പിടിച്ചു.
പ്രസീതയുടെ പാട്ടിനൊപ്പം താളം പിടിച്ചും നൃത്തം ചെയ്തും സദസ്യരും ഒപ്പം ചേർന്നപ്പോൾ പ്രസീത ചാലക്കുടി നയിച്ച ‘പതി ഫോക് ബാന്‍ഡ്’ ശ്രദ്ധേയമായി. സാംസ്കാരിക പരിപാടി രാമചന്ദ്രൻ കടന്നപ്പള്ളി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സംവിധായകനും നടനുമായ മേജർ രവി, ബാലസാഹിത്യകാരന്‍ പി.ഐ. ശങ്കരനാരായണന് എന്നിവർ മുഖ്യാതിഥികളായി.
1967ൽ കണ്ണൂർ നഗര സഭയുടെ ശതാബ്ദിക്കായി ഇറക്കിയ സ്മരണികയുടെ പകർപ്പ് പി.ഐ. ശങ്കരനാരായണൻ മേയർ അഡ്വ. ടി.ഒ. മോഹനന് കൈമാറിയത് പഴയ സ്മരണകൾ ഉണർത്തുന്നതായി.കോർപറേഷന് സ്ഥിരംസമിതി ചെയര്പേഴ്സൻ ഷാഹിന മൊയ്തീന് അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ പി.കെ. സാജേഷ് കുമാര്‍, കെ. പ്രദീപന്, കോർപറേഷന് പ്ലാന്‍ കോഓഡിനേറ്റര്‍ പി.പി. കൃഷ്ണന്, വിവിധ സംഘടനാ പ്രതിനിധികളായ പി.സി. അശോകന്, എം. ഉണ്ണികൃഷ്ണന്, അസ്ലം പിലാക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു. യൂനിവേഴ്സിറ്റി കലാതിലകം ശ്രീഗംഗ എന്‍.കെ. അവതരിപ്പിച്ച കുച്ചിപ്പുടി, കീഴ്പ്പള്ളി മാതൃവേദി അവതരിപ്പിച്ച മാര്‍ഗ്ഗം കളി, കണ്ണൂര്‍ സംഗീത കലാക്ഷേത്രം വിദ്യാർഥികള്‍ അവതരിപ്പിച്ച നൃത്തസന്ധ്യ എന്നിവയും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

