കണ്ണൂർ കോർപറേഷൻ; എൻജിനീയറിങ് വിഭാഗത്തിൽ വിജിലൻസ് പരിശോധന; ഗുരുതരക്രമക്കേടുകൾ
text_fieldsവിജിലൻസ് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിൽ കണ്ണൂർ കോർപറേഷൻ എടക്കാട് സോണൽ ഓഫിസിൽ നടത്തിയ പരിശോധന
കണ്ണൂർ: കോർപറേഷൻ എൻജിനീയറിങ് വിഭാഗത്തിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ ചില കരാറുകാരും ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളി അടക്കം ഗുരുതര ക്രമക്കേട് കണ്ടെത്തി. കണ്ണൂർ വിജിലൻസ് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിൽ കോർപറേഷൻ എടക്കാട് സോണൽ ഓഫിസിൽ നടത്തിയ പരിശോധനയിലാണ് പദ്ധതി നിർവഹണ പ്രവർത്തനങ്ങളിലെ ക്രമക്കേടുകൾ കണ്ടെത്തിയത്.
ജനുവരി മുതൽ ജൂലൈവരെ കാലയളവിൽ ഓവർസിയറായ ഉദ്യോഗസ്ഥ അസി. എൻജിനീയറുടെ അധിക ചുമതല വഹിച്ച സമയത്ത് ക്രമക്കേടുകൾ നടത്തിയതായി കണ്ടെത്തി. ടെൻഡർ ചെയ്യാതെ ചെയ്തതായി കാണിച്ച് കരാറുകാരുമായി പ്രവൃത്തി നടത്തുന്നതിന് ഉടമ്പടിവെച്ചു. വിവിധ പ്രവൃത്തികൾ ആരംഭിക്കുകയും ചെയ്തതായി കണ്ടെത്തി. ടെൻഡർ തുറക്കുന്ന തീയതി പ്രഖ്യാപിച്ച് പ്രസ്തുത ദിവസം ടെൻഡർ ലഭിക്കാത്തതായി കാണിച്ചാണ് തട്ടിപ്പ്. തുടർന്നുള്ള ദിവസങ്ങളിൽ ഒരാൾ മാത്രം ടെൻഡർ നൽകിയതായി കാണിച്ച് എസ്റ്റിമേറ്റ് നിരക്കിനേക്കാൾ കൂടിയ തുകയിൽ ടെൻഡർ ഉറപ്പിച്ചതായും കണ്ടെത്തി. കോർപറേഷന് വൻ സാമ്പത്തിക നഷ്ടമാണ് ഇതുവഴി ഉണ്ടായത്. രണ്ടുമാസംമുമ്പ് വിജിലൻസ് നടത്തിയ പരിശോധനയിലും കരാറുകാരിൽനിന്ന് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയതായി കണ്ടെത്തിയിരുന്നു.ആരോപണ വിധേയയായ ഉദ്യോഗസ്ഥ നിരവധി കോൺട്രാക്റ്റർമാരിൽനിന്ന് ഗൂഗ്ൾ പേ വഴി നിരവധി തവണ പണം കൈപ്പറ്റിയതായി കണ്ടെത്തിയിരുന്നു.ഇതിൽ കേസ് രജിസ്റ്റർ ചെയ്യാൻ അനുമതിക്കായി സർക്കാറിലേക്ക് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്ന സമയത്താണ് വീണ്ടും ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയത്.എസ്.ഐ പി.പി. നിജേഷ്, എ.എസ്.ഐ ജയശ്രീ, സീനിയർ സി.പി.ഒ ഹൈറേഷ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

