കണ്ണൂരിൽ അഭിമാന കോർപറേഷൻ നിലനിർത്താൻ യു.ഡി.എഫ്
text_fieldsകണ്ണൂർ: സംസ്ഥാനത്ത് യു.ഡി.എഫ് ഭരിക്കുന്ന ഏക കോർപറേഷനാണ് കണ്ണൂർ. അത് നിലനിർത്താനുള്ള ശ്രമത്തിലാണ് കോൺഗ്രസും മുസ്ലിം ലീഗും. ഒരിക്കൽ കൂടെയുണ്ടായിരുന്ന കോർപറേഷൻ തിരിച്ചുപിടിക്കാനാണ് എൽ.ഡി.എഫ് ശ്രമം. നഗരത്തിലെ വികസന പ്രവർത്തനങ്ങൾ ഉയർത്തികാട്ടിയാണ് യു.ഡി.എഫ് പ്രചരണം. വികസന പ്രവർത്തനങ്ങളിലെ മെല്ലെപ്പോക്കും ക്രമക്കേടും എൽ.ഡി.എഫ് ആയുധമാക്കുമ്പോൾ സംസ്ഥാന സർക്കാർ യു.ഡി.എഫ് ഭരിക്കുന്ന കോർപറേഷനോട് കാണിക്കുന്ന വേർതിരിവും ഫണ്ട് വിതരണത്തിലെ അപര്യാപ്തതയും മറുപടിയായി ഉയർത്തുന്നു.
പ്രചാരണത്തിൽ വ്യക്തമായ മേൽക്കൈ നേടിയാണ് യു.ഡി.എഫ് മുന്നോട്ട് പോകുന്നത്. നഗരത്തിലെ പരമ്പരാഗത കോൺഗ്രസ്, ലീഗ് കോട്ടകൾ തുണക്കുമെന്നതാണ് അവരുടെ ആത്മവിശ്വാസം. പയ്യാമ്പലത്ത് കോൺഗ്രസിനും വാരത്തും ആദികടലായിലും ലീഗിനും വിമത സ്ഥാനാർഥികൾ വെല്ലുവിളി ഉയർത്തുന്നുണ്ട്.
മൾട്ടിലെവൽ കാർ പാർക്കിങ്, മഞ്ചപ്പാലം മലിനജല ട്രീറ്റ്മെന്റ് പ്ലാന്റ്, ജവഹർ സ്റ്റേഡിയം നവീകരണം തുടങ്ങിയ വികസന പ്രവർത്തനങ്ങൾ ഉയർത്തികാട്ടി വികസന പത്രിക വോട്ടർമാരിലേക്ക് എത്തിച്ചാണ് വലത് പ്രചരണം. ഭരണത്തിലെത്തുകയാണെങ്കിൽ കണ്ണൂർ നഗരത്തിന്റെ സമഗ്ര പുരോഗതി ലക്ഷ്യമിട്ടുള്ള ഹൈടെക് പദ്ധതികൾ അവതരിപ്പിച്ചാണ് എൽ.ഡി.എഫ് പ്രകടന പത്രിക. ചേലോറയിൽ മാലിന്യനീക്കം, പടന്നപ്പാലം മാലിന്യപ്ലാന്റിന്റെ അശാസ്ത്രീയ നിർമാണം തുടങ്ങിയ ചർച്ചകൾ യു.ഡി.എഫിനെ വെട്ടിലാക്കുന്നുണ്ട്.
കണ്ണൂർ നഗരസഭയോട് പള്ളിക്കുന്ന്, പുഴാതി, എളയാവൂർ, എടക്കാട്, ചേലോറ എന്നീ പഞ്ചായത്തുകളും ചേർത്താണ് 2015ൽ കോർപറേഷൻ നിലവിൽവന്നത്. ആദ്യ തെരഞ്ഞെടുപ്പിൽ യു.ഡി.എഫും എൽ.ഡി.എഫും 27 സീറ്റുകൾ വീതം നേടി. കോൺഗ്രസ് വിമതൻ പി.കെ. രാഗേഷ് എൽ.ഡി.എഫിന് പിന്തുണ നൽകിയതോടെ കോർപറേഷൻ ഇടത്തേക്ക്.
എന്നാൽ, ഭരണസമിതി കാലാവധി പൂർത്തിയാക്കാനിരിക്കെ അവസാന വർഷം പി.കെ. രാഗേഷ് വീണ്ടും യു.ഡി.എഫിനൊപ്പമെത്തി. അതോടെ ഭരണം യു.ഡി.എഫിന്. 2020ൽ നടന്ന തെരഞ്ഞെടുപ്പിൽ 55 ഡിവിഷനുകളിൽ 35 സീറ്റുകൾ നേടി യു.ഡി.എഫ് വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തി. യു.ഡി.എഫും എൽ.ഡി.എഫും തമ്മിലാണ് പ്രധാന മത്സരം. പി.കെ. രാഗേഷിന് സ്ഥിരം സമിതി അധ്യക്ഷ സ്ഥാനമടക്കം നൽകിയെങ്കിലും പിന്നീട് കോൺഗ്രസുമായി അകന്നു. നിലവിൽ ഐക്യജനാധിപത്യ സംരക്ഷണ സമിതി രൂപവത്കരിച്ച് ഇരുമുന്നണികൾക്കും വെല്ലുവിളിയായി സ്ഥാനാർഥികളുമായി രാഗേഷ് വിഭാഗം മത്സരരംഗത്തുണ്ട്.
പള്ളിക്കുന്ന് ഡിവിഷനിൽ വിജയിച്ച ബി.ജെ.പി പയ്യാമ്പലം, ടെമ്പിൾ ഡിവിഷനുകളിലും നിർണായക ശക്തിയാണ്. ആയിക്കര, അറക്കൽ, കസാനകോട്ട ഡിവിഷനുകളിൽ എസ്.ഡി.പി.ഐയും ശക്തമാണ്. 10 ലേറെ വാർഡുകളിലെങ്കിലും അതിശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. താണയിൽ വെൽഫയർ പാർട്ടിയും നിർണായക ശക്തിയാണ്.
പല വാർഡുകളിലെ ചെറുകക്ഷികളുടെയും വിമതന്മാരുടെയും സാന്നിധ്യം നിർണായകമാവും. 19,30,63 വോട്ടർമാരാണ് കോർപറേഷനിൽ ഉള്ളത്. 208 സ്ഥാനാർഥികൾ മത്സരരംഗത്തുണ്ട്. നിലവിലെ കക്ഷിനില: യു.ഡി.എഫ്: കോൺഗ്രസ്-20, മുസ്ലിം ലീഗ്-14, സ്വത-ഒന്ന്.എൽ.ഡി.എഫ്: സി.പി.എം 17, സി.പി.ഐ-രണ്ട്. എൻ.ഡി.എ: ബി.ജെ.പി-ഒന്ന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

