കണ്ണൂർ കോർപറേഷൻ വികസന സെമിനാർ; എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കാൻ 70 കോടിയുടെ പദ്ധതി
text_fieldsകണ്ണൂർ: എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കാനൊരുങ്ങി കണ്ണൂർ കോർപറേഷൻ. ഇതിനായി 70 കോടി രൂപയുടെ പദ്ധതികളാണ് ആവിഷ്കരിക്കുക. വാർഷിക പദ്ധതിയുടെ ഭാഗമായുള്ള വികസന സെമിനാറിൽ പദ്ധതി നിർദേശം അവതരിപ്പിച്ചു.
റോഡുകളുടെ അറ്റകുറ്റപ്പണികൾക്കായി 8.76 കോടി രൂപയും മെയിന്റനൻസ് ഗ്രാന്റ് നോൺ റോഡ് വിഭാഗത്തിൽ 3.32 കോടിയുടെയും പദ്ധതികൾ ആവിഷ്കരിക്കും. പ്ലാൻ ഫണ്ട് ജനറൽ വിഭാഗത്തിൽ 40.63 കോടിയുടെയും പട്ടികജാതി വിഭാഗത്തിനായി 3.68 കോടിയുടെയും പട്ടികവർഗ വിഭാഗ മേഖലയിലെ പദ്ധതികൾക്കായി 35 ലക്ഷം രൂപയുടെയും പദ്ധതികളാണ് തയാറാക്കുന്നത്. ധനകാര്യ കമീഷൻ ഗ്രാൻറ് ഇനത്തിൽ 36 കോടിയും വകയിരുത്തിയിട്ടുണ്ട്. ഇതോടൊപ്പം തനത് ഫണ്ടിൽനിന്ന് പദ്ധതികൾക്ക് ആവശ്യമായ തുകയും വകയിരുത്തും. വൈദ്യുതി ലൈൻ വലിച്ച സ്ഥലങ്ങളിൽ പുതിയ തെരുവ് വിളക്കുകൾ സ്ഥാപിക്കുന്നതിന് 50 ലക്ഷം രൂപയുടെ പദ്ധതിയുണ്ട്. മാലിന്യ സംസ്കരണത്തിന് അഞ്ച് കോടിയുടെ പദ്ധതിയും ഭൂരഹിത ഭവനരഹിതർക്ക് ഭൂമി വാങ്ങുന്നതിന് രണ്ടുകോടിയും ഉൾപ്പെടുത്തും.
സെമിനാർ മേയർ ടി.ഒ. മോഹനൻ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയർ കെ. ഷബീന അധ്യക്ഷത വഹിച്ചു. തദ്ദേശ സ്ഥാപനങ്ങൾക്ക് അനുവദിക്കുന്ന പദ്ധതി വിഹിതത്തിൽ വർഷാവർഷം സർക്കാർ കുറവുവരുത്തുന്നത് വികസന പ്രവർത്തനങ്ങളുടെ സ്തംഭനത്തിന് കാരണമാകുന്നുവെന്ന് മേയർ പറഞ്ഞു. അനുവദിച്ചെന്നുപറയുന്ന ഫണ്ടുകൾ പോലും സാമ്പത്തിക വർഷം കഴിഞ്ഞ് ലഭിക്കുകയും അത് യഥാസമയം ചെലവഴിച്ചിട്ടില്ലെന്ന കാരണം പറഞ്ഞ് വീണ്ടും ഫണ്ടുകളിൽ കുറവ് വരുത്തുകയും ചെയ്യുന്ന വൈരുധ്യമാണ് സർക്കാർ നടത്തുന്നത്. വികസന പ്രവർത്തനങ്ങൾ നടത്തുന്നതിന് തനത് ഫണ്ടുകളെ ആശ്രയിക്കേണ്ട അവസ്ഥയിലായതിനാൽ തദ്ദേശ സ്ഥാപനങ്ങളുടെ വികസന പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ടെന്നും മേയർ പറഞ്ഞു.
വികസന സ്ഥിരം സമിതി ചെയർമാൻ പി.കെ. രാഗേഷ് പദ്ധതി അവതരണം നടത്തി. പി. ഷമീമ, എം.പി. രാജേഷ്, പി. ഇന്ദിര, സിയാദ് തങ്ങൾ, ഷാഹിന മൊയ്തീൻ, സുരേഷ് ബാബു എളയാവൂർ, മുസ്ലിഹ് മഠത്തിൽ, വി.കെ. ഷൈജു, സി.കെ. വിനോദ് തുടങ്ങിയവർ സംസാരിച്ചു.