കണ്ണൂരിൽ നിയന്ത്രണം കടുപ്പിക്കും
text_fieldsകണ്ണൂര്‍: പതിനാലുകാരന് കോവിഡ് ബാധിച്ചതിെൻറ ഉറവിടം കണ്ടെത്താനാകാത്തതും സമ്പര്‍ക്ക രോഗികളുടെ എണ്ണം വര്‍ധിക്കുന്നതും കാരണം നഗരത്തിലെ നിയന്ത്രണം കടുപ്പിച്ച് പൊലീസ്. കഴിഞ്ഞ ദിവസം സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റിവ് കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ കണ്ണൂര്‍ കോര്‍പറേഷനിലെ മൂന്നു ഡിവിഷനുകളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു.
കാനത്തൂര്‍, താളിക്കാവ്, പയ്യാമ്പലം ഡിവിഷനുകളാണ് കണ്ടെയ്ൻമെൻറ് സോണുകളായി ജില്ല കലക്ടര്‍ പ്രഖ്യാപിച്ചിരുന്നത്. കണ്ണൂര്‍ നഗരത്തോട് ചേര്‍ന്നുകിടക്കുന്ന പ്രദേശങ്ങളാണ് ഈ വാര്‍ഡുകളില്‍ ഉള്‍പ്പെട്ടിരുന്നത്. ഇതേത്തുടര്‍ന്ന് കണ്ണൂര്‍ നഗരം പൂർണമായി അടച്ചിടണമെന്ന നിലപാടായിരുന്നു ജില്ല പൊലീസ് സ്വീകരിച്ചിരുന്നത്. എന്നാല്‍, ജില്ല കലക്ടര്‍ മൂന്നു ഡിവിഷനുകളെ മാത്രമാണ് കണ്ടെയ്ൻമെൻറ് സോണുകളാക്കിയത്.
ഈ നിയന്ത്രണം വ്യാഴാഴ്ച ഉച്ചക്കുശേഷം രണ്ടുമണി മുതല്‍ നിലവില്‍വന്നു. എന്നാല്‍, വ്യാഴാഴ്ച രാവിലെ മുതല്‍ നാടിെൻറ പലഭാഗത്തുനിന്നും ജനങ്ങള്‍ കണ്ണൂര്‍ നഗരത്തിലേക്ക് ഒഴുകിയതോടെ പൊലീസ് സജീവമായി രംഗത്തിറങ്ങി. വൈകാതെ തന്നെ കണ്ണൂര്‍ ഡിവൈ.എസ്.പി പി.പി. സദാനന്ദെൻറ നേതൃത്വത്തില്‍ നഗരത്തിെൻറ നിയന്ത്രണം പൊലീസ് ഏറ്റെടുത്തു. തുടര്‍ന്ന് നഗരത്തിലെ കടകളൊക്കെ പൊലീസ് അടപ്പിച്ചു. അത്യാവശ്യത്തിന് വന്ന വാഹനങ്ങളെയും ബസുകളെയും മാത്രമേ യാത്ര തുടരാന്‍ അനുവദിച്ചുള്ളു. അല്ലാത്തവ തിരിച്ചയച്ചു. കണ്ടെയ്മെൻറ് മേഖലയില്‍ മെഡിക്കല്‍ േഷാപ്പുകള്‍ തുറക്കുന്നതിനും നിയന്ത്രണം വരുത്തിയിട്ടുണ്ട്. ഒരുദിവസം ഒരു മെഡിക്കല്‍ ഷോപ്പ് മാത്രമാണ് തുറക്കാന്‍ അനുവദിക്കുക. സര്‍ക്കാര്‍ ഓഫിസുകള്‍ ഉള്‍പ്പെടെ പൊലീസ് അടപ്പിച്ചു. കണ്ണൂര്‍ നഗരവുമായി ബന്ധപ്പെടുന്ന 20 ചെറു റോഡുകള്‍ നിയന്ത്രണത്തിെൻറ ഭാഗമായി പൊലീസ് അടച്ചു. ദേശീയ പാതയിലൂടെ മാത്രമേ ഗതാഗതം അനുവദിക്കുന്നുള്ളു. നഗരം മുഴുവൻ കണ്ടെയ്ൻമെൻറ് സോണാക്കണമെന്നാണ് പൊലീസ് നിലപാട്.
വന്‍തോതിലാണ് ആളുകള്‍ വ്യാഴാഴ്ച നഗരത്തിലെത്തിയത്. ഇതേത്തുടര്‍ന്ന് തെക്കീ ബസാര്‍, സ്റ്റേഡിയം ഭാഗങ്ങള്‍ എന്നിവിടങ്ങളിലും പൊലീസ് നിയന്ത്രണം ഏര്‍പ്പെടുത്തി. സമ്പര്‍ക്ക രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ അതിജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ കൈവിടുമെന്ന സ്ഥിതിയാണ് നഗരത്തിലുള്ളത്. അതിനിടെ പൊലീസിെൻറ കടുത്ത നിയന്ത്രണത്തിൽ നഗരത്തിലെ വ്യാപാരി -വ്യവസായി സമൂഹത്തിന് അതൃപ്തിയുണ്ട്. മുന്നൊരുക്കമില്ലാത്ത മിന്നൽ ലോക്ഡൗൺ നടപ്പാക്കുന്നതിലാണ് ഇവർക്ക് അസംതൃപ്തിയുള്ളത്.അതേസമയം മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ അറിയിച്ചത്, കോവിഡ് രോഗിയുടെ വീടിനുചുറ്റും വരുന്ന പ്രദേശങ്ങളിൽ മാത്രം നിയന്ത്രണം ഏർപ്പെടുത്തിയാൽ മതിയെന്നാണ്. അതിന് വിരുദ്ധമാണ് കണ്ണൂരിൽ പൊലീസ് ഏർപ്പെടുത്തിയ നിയന്ത്രണമെന്ന ആരോപണം ഉയർന്നിട്ടുണ്ട്. നേരത്തെ ജില്ല മുഴുവനാണ് ലോക്ഡൗൺ ആക്കിയത്. പിന്നീട്, രോഗം ബാധിക്കുന്നവരുടെ തദ്ദേശ സ്ഥാപനങ്ങൾ മാത്രമാക്കിയും തുടർന്ന് തദ്ദേശ സ്ഥാപനങ്ങളിലെ കോവിഡ് ബാധിതെൻറ വാർഡിലുമാക്കി നിയന്ത്രണം ചുരുക്കി. ഇതിെൻറ അടിസ്ഥാനത്തിലാണ് പൊലീസ് ശിപാർശ ചെയ്തിട്ടും കണ്ണൂർ കോർപറേഷനിൽ മൂന്നു വാർഡുകളിൽ മാത്രമായി നിയന്ത്രണം പ്രഖ്യാപിച്ചത്. പക്ഷേ, ഇതിനു വിരുദ്ധമായാണ് കണ്ണൂരിൽ പൊലീസ് ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. പുതിയ സാഹചര്യത്തിൽ നിയന്ത്രണം കടുപ്പിക്കുകയല്ലാതെ മറ്റു വഴികളില്ലെന്ന നിലപാടാണ് ജില്ല പൊലീസിേൻറത്.
നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ട സാഹചര്യമാണുള്ളതെന്ന് ജില്ല പൊലീസ് മേധാവി യതീഷ് ചന്ദ്ര പറഞ്ഞു. കണ്ണൂര്‍ നഗരത്തില്‍ കോവിഡ് രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നവരുടെ എണ്ണം കൂടുന്നുണ്ടെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കടകമ്പോളങ്ങള്‍ അടച്ചിടണം. ആളുകള്‍ നഗരത്തില്‍ എത്തുന്നത് നിയന്ത്രിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
