കണ്ണൂർ വീണ്ടും എം.ഡി.എം.എ കേന്ദ്രമാകുന്നു; എടക്കാട് ടൗൺ മിനി ഹബ്ബായി മാറുന്നതായി പൊലീസ്
text_fieldsകണ്ണൂർ: ഒരിടവേളക്കുശേഷം കണ്ണൂർ വീണ്ടും മാരക മയക്കുമരുന്നായ എം.ഡി.എം.എയുടെ കേന്ദ്രമാകുന്നു. വ്യാഴാഴ്ച പുലർച്ച എടക്കാട് പൊലീസ് നടത്തിയ വാഹന പരിശോധനക്കിടെ നടാല്‍ സ്വദേശി സാനിദിനെ 17 ഗ്രാം എം.ഡി.എം.എയുമായി പിടികൂടിയതാണ് ഒടുവിലത്തെ സംഭവം. കഴിഞ്ഞദിവസവും കണ്ണൂരില്‍ എം.ഡി.എം.എയുമായി ഒരാള്‍ അറസ്റ്റിലായിരുന്നു. ഒരാഴ്ചക്കിടെ ആറുപേരാണ് നഗരത്തിൽ എം.ഡി.എം.എയുമായി പിടിയിലാവുന്നത്. കഴിഞ്ഞ മാർച്ചിലാണ് പൊലീസിനെ ഞെട്ടിച്ചുകൊണ്ട് സംസ്ഥാനത്തെതന്നെ ഏറ്റവും വലിയ എം.ഡി.എം.എ വേട്ട കണ്ണൂരിൽ നടന്നത്. എടക്കാട് സ്വദേശികളായ ദമ്പതികൾ പിടിയിലായതോടെയാണ് കണ്ണൂർ കേന്ദ്രീകരിച്ച് നടക്കുന്ന മയക്കുമരുന്ന് കടത്തിന്റെയും വിതരണത്തിന്റെയും ചുരുളഴിഞ്ഞത്. ഇതേത്തുടർന്ന് സിറ്റി പൊലീസ് മേധാവി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് മയക്കുമരുന്ന് കണ്ണികളെ വലയിലാക്കിയിരുന്നു. മലബാറിലെ മൊത്തവിതരണക്കാരനും കേസിലെ മുഖ്യപ്രതിയുമായ തെക്കിബസാർ സ്വദേശി നിസാം അബ്ദുൽ ഗഫൂർ പിടിയിലായതോടെ എം.ഡി.എം.എ വരവ് ഏറക്കുറെ നിലച്ചമട്ടിലായിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസങ്ങളിൽ എം.ഡി.എം.എ വേട്ട വീണ്ടും തുടങ്ങിയിട്ടുണ്ട്. ചെറുസംഘങ്ങളാണ് സംഭവങ്ങൾക്ക് പിന്നിലെന്നാണ് വിവരം.
എടക്കാട് ടൗൺ മയക്കുമരുന്ന് മിനി ഹബ്ബായി മാറുന്നതായാണ് പൊലീസിന്റെ കണ്ടെത്തൽ. വ്യാഴാഴ്ച പിടിയിലായ സാനിദിൽനിന്ന് എം.ഡി.എം.എ തൂക്കി നൽകാനുപയോഗിച്ച ത്രാസും കണ്ടെത്തിയിരുന്നു. വിൽപനക്കായി ശ്രമിക്കുന്നതിനിടയിലാണ് ഇയാൾ പിടിയിലായത്. നേരത്തെ പിടിയിലായ എടക്കാട് സ്വദേശികളായ ദമ്പതികൾ അഫ്സലുമായും ബൾകീസിമായും സാനിദിന് ബന്ധമില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. ബംഗളൂരുവിൽനിന്നാണ് വില്‍പനക്കായി മയക്കുമരുന്ന് എത്തിച്ചതെന്നാണ് വിവരം. ആവശ്യക്കാർക്ക് ബൈക്കിൽ എത്തിച്ചുകൊടുക്കുന്നതാണ് രീതി.
നേരത്തെ അഫ്സലും ബൾകീസും മയക്കുമരുന്നിന്റെ ചിത്രങ്ങളും ലൊക്കേഷനും അയച്ചുകൊടുത്തശേഷം ആവശ്യക്കാർ നേരിട്ടെത്തി പൊതിയെടുത്തുപോകുന്ന രീതിയായിരുന്നു ഉപയോഗിച്ചിരുന്നത്. മാസങ്ങൾക്കുമുമ്പ് എടക്കാട്ട് റോഡരികിൽ മാരക മയക്കുമരുന്ന് പൊതികൾ കണ്ടെത്തിയതിനുപിന്നിലും തങ്ങളാണെന്ന് ദമ്പതികൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചിരുന്നു.
സൂക്ഷിക്കാൻ എളുപ്പമായതിനാൽ പുതുതലമുറ രാസമയക്കുമരുന്നുകളുടെ പിന്നാലെ
തിങ്കളാഴ്ച നഗരത്തിൽ എം.ഡി.എം.എ ഉപയോഗിച്ചുകൊണ്ടിരിക്കെയാണ് യോഗശാല റോഡിൽനിന്ന് നാല് യുവാക്കൾ പിടിയിലായത്. എളുപ്പത്തിൽ കണ്ടെത്താനും നശിപ്പിക്കാനും ആകില്ലെന്നതും സൂക്ഷിക്കാൻ എളുപ്പമായതിനാലുമാണ് പുതുതലമുറ മാരക രാസമയക്കുമരുന്നുകളുടെ പിന്നാലെ പോകുന്നത്. വീണ്ടും തലപൊക്കിയ മയക്കുമരുന്ന് സംഘങ്ങളെ നിയമത്തിനുമുന്നിൽ കൊണ്ടുവരാനാണ് സിറ്റി പൊലീസിന്റെ ശ്രമം.