കണ്ണൂർ വിമാനത്താവളം റോഡ്: പാനൂർ ടൗണിൽ ബദൽ നിർദേശം
text_fieldsബദലായി നിർദേശിക്കപ്പെട്ട ബൈപാസ് റോഡ്
പാനൂർ: നിർദിഷ്ട കുറ്റ്യാടി-കണ്ണൂർ വിമാനത്താവളം റോഡ് നിർമിച്ച് വഴിയാധാരമാകുന്ന കച്ചവടക്കാരെ സംരക്ഷിക്കാൻ ബദൽ നിർദേശം. റോഡ് പാനൂർ ടൗണിലൂടെ കടന്നുപോകുമ്പോൾ നാനൂറോളം കടമുറികളും നിരവധി വീടുകളും സ്കൂളുകളും ആരാധനാലയങ്ങളും ഇല്ലാതാവുകയാണ്.
പാനൂർ ടൗണിലെ 99 ശതമാനം വ്യാപാരികളും വാടക കച്ചീട്ട് അനുസരിച്ച് കച്ചവടം നടത്തുന്നവരാണ്.
വ്യാപാരികളും ഇതിനെ ആശ്രയിച്ചിരിക്കുന്ന ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും അടങ്ങുന്ന നാലായിരത്തോളം പേരാണ് ഇതുമൂലം വഴിയാധാരമാകുന്നത്. നിർദിഷ്ട റൂട്ടിനുപകരം പൂക്കോം-കാട്ടിമുക്കിൽനിന്ന് ആരംഭിച്ച് പാനൂർ ഗുരുസന്നിധിക്ക് സമീപം അവസാനിക്കുന്ന ഒരു ബൈപാസ് നിർമിക്കുകയാണെങ്കിൽ വഴിയാധാരമാകുന്ന കച്ചവടക്കാരെ സംരക്ഷിക്കാൻ കഴിയുമെന്നാണ് വ്യാപാരി വ്യവസായി സമിതിയുടെ നിർദേശം.
കൂടുതൽ വീടുകളോ കെട്ടിടങ്ങളോ കൃഷിയിടങ്ങളോ ഇല്ലാത്ത മേഖലയിലൂടെയാണ് ഈ ബൈപാസ് കടന്നുപോകുക. പ്രാഥമിക പരിശോധനയിൽ ഇരുപതിൽ കുറഞ്ഞ വീടുകൾ മാത്രമാണ് ഇവിടെ നഷ്ടമാകുന്നത്.
നേരത്തെ ജലപാതക്ക് വേണ്ടി നിർദേശിക്കപ്പെട്ട റൂട്ടായിരുന്നു ഇത്. ആ ഘട്ടത്തിൽ ഭൂരിഭാഗം ഭൂവുടമകളും ഭൂമി വിട്ടുകൊടുക്കുന്നതിന് സമ്മതമായിരുന്നു. എല്ലാ രാഷ്ട്രീയ പാർട്ടികളും ബൈപാസ് നടപ്പാകുന്നതിന് അനുകൂലമായ സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. ആയതിനാൽ പാനൂർ ടൗണിനെ ഒഴിവാക്കി ബൈപാസ് റോഡ് നിർമിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരണമെന്നാണ് വ്യാപാരി വ്യവസായി സമിതി പാനൂർ യൂനിറ്റിന്റെ ആവശ്യം.
അതേസമയം, നിർദിഷ്ട കുറ്റ്യാടി -കണ്ണൂർ വിമാനത്താവളം റോഡിന്റെ അലൈമെൻറ് പരിശോധിക്കാൻ പാനൂർ പി.ആർ.എം സ്കൂൾ ഇ-ലേണിങ് ഹാളിൽ യോഗം ചേർന്നു. കെ.പി. മോഹനൻ എം.എൽ.എ വിളിച്ചുചേർത്ത യോഗത്തിൽ കേരള റോഡ് ഫണ്ട് ബോർഡ് അധികൃതർ, ഏജൻസി ഇൻഫറസ്റ്റക്ചർ ഡെവലപ്മെന്റ് കോഓപറേഷൻ കർണാടക എന്നിവർ പദ്ധതി വിശദീകരിച്ചു.
രാഷ്ട്രീയപാർട്ടി നേതാക്കൾ, വ്യാപാരി സംഘടനകളുടെ നേതാക്കൾ, റോഡ് കടന്നുപോകുന്ന ഭാഗങ്ങളിലെ ജനപ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
കൂത്തുപറമ്പ് നഗരസഭാധ്യക്ഷ കെ. സുജാത, പാനൂർ നഗരസഭ ചെയർമാൻ വി. നാസർ, പാട്യം പഞ്ചായത്ത് പ്രസിഡൻറ് എൻ.വി. ഷിനിജ, കെ.ആർ.എഫ്.ബി എക്സിക്യൂട്ടിവ് എൻജിനീയർ കെ. പ്രജിത്ത് കുമാർ എന്നിവർ സംസാരിച്ചു. ജനപ്രതിനിധികളും നാട്ടുകാരും രാഷ്ട്രീയനേതാക്കളും ചർച്ചയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

