കണ്ണൂർ വിമാനത്താവളം; യാത്രക്കാർ കുത്തനെ കുറയുന്നു
text_fieldsമട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ കുറവ്. എയർപോർട്ട് അതോറിറ്റിയുടെ കണക്ക് പ്രകാരം സെപ്റ്റംബറിൽ മുൻമാസത്തേക്കാൾ 19,133 പേരുടെ കുറവാണുണ്ടായത്. അന്താരാഷ്ട്ര യാത്രക്കാരിൽ 15,946 പേരുടെയും ആഭ്യന്തര യാത്രക്കാരിൽ 3187 പേരുടെയും കുറവാണുണ്ടായത്. അതേ സമയം കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഉണ്ടായിരുന്നതിനേക്കാൾ 11,556 യാത്രക്കാർ വർധിച്ചിട്ടുണ്ട്.
സെപ്റ്റംബറിൽ 89750 അന്താരാഷ്ട്ര യാത്രക്കാരാണ് കണ്ണൂർ വിമാനത്താവളം വഴി യാത്ര ചെയ്തത്. ആഗസ്റ്റ്, ജൂലൈ മാസങ്ങളിൽ അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണം ഒരു ലക്ഷം കടന്നിരുന്നു. ഓഗസ്റ്റിൽ 1,43,760 പേരും ജൂലായിൽ 1,07,061 പേരുമാണ് കണ്ണൂർ വഴി വിദേശത്തേക്ക് യാത്ര ചെയ്തത്. ആഗസ്റ്റിൽ 676 അന്തരാഷ്ട്ര സർവിസുകൾ നടത്തിയിരുന്നത് സെപ്റ്റംബറിൽ 637 ആയി കുറഞ്ഞു. ഇൻഡിഗോ മസ്ക്കത്ത്, ദമ്മാം എന്നിവിടങ്ങളിലേക്കുള്ള സർവിസുകൾ നിർത്തിയതാണ് സെപ്റ്റംബറിൽ യാത്രക്കാർ കുറയാനിടയാക്കിയത്. എയർ ഇന്ത്യ എക്സ്പ്രസും ദമ്മാം സർവിസ് നിർത്തിയിരുന്നു.
ശൈത്യകാല ഷെഡ്യൂളിൽ എയർഇന്ത്യ എക്സ്പ്രസ് കണ്ണൂരിൽ നിന്നുള്ള സർവിസുകൾ വെട്ടിക്കുറച്ചത് വരും മാസങ്ങളിലും യാത്രക്കാരുടെ എണ്ണം കുറയാനിടയാക്കും. ആഴ്ചയിൽ 42 സർവീസുകളുടെ കുറവാണുണ്ടായത്. കുവൈത്ത്, ദമ്മാം, ബഹ്റൈൻ, ജിദ്ദ എന്നിവിടങ്ങളിലേക്ക് കണ്ണൂരിൽനിന്ന് നേരിട്ടുള്ള സർവിസുകളില്ല. സർവിസ് ക്രമീകരണത്തിന്റെ ഭാഗമായാണ് ലാഭകരമല്ലാത്ത റൂട്ടുകളിൽ സർവിസ് കുറച്ചത്. ഇൻഡിഗോയും ഏതാനും സർവിസുകൾ കുറച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

