ഒമ്പതു വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; കണ്ണൂര്‍ വിമാനത്താവള ഭൂമി ഏറ്റെടുക്കലിന് 200 കോടി അനുവദിച്ചു
text_fieldsമട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവള ഭൂമി ഏറ്റെടുക്കലിന് നഷ്ടപരിഹാരം നൽകുന്നതിനായി 200 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. ഒമ്പതു വര്‍ഷത്തെ ജനങ്ങളുടെ കാത്തിരിപ്പിന് ഇതോടെ വിരാമമാകും. കെ.കെ. ശൈലജ എം.എല്‍.എയുടെ ഇടപെടലിലാണ് സർക്കാർ തീരുമാനം.കണ്ണൂര്‍ വിമാനത്താവളം റണ്‍വേ വികസനവുമായി ബന്ധപ്പെട്ട് കൊതേരി മേഖലയില്‍ 19.73 ഹെക്ടര്‍ ഭൂമിയേറ്റെടുക്കുന്നതിന് നടപടികള്‍ ആരംഭിച്ചിട്ട് വര്‍ഷങ്ങളായി.
അക്വിസിഷന്‍ നടപടികള്‍ പൂര്‍ത്തിയായിരുന്നെങ്കിലും ഭൂവുടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നത് വിവിധ കാരണങ്ങളാല്‍ നീളുകയായിരുന്നു. നഷ്ടപരിഹാരം നല്കുന്ന നടപടികള്‍ പൂര്‍ത്തിയാക്കാതിരുന്നതിനാല്‍ ജനങ്ങള്‍ വലിയ പ്രയാസമാണ് നേരിട്ടുകൊണ്ടിരുന്നത്. വര്‍ഷങ്ങളായി ഭൂമിയുടെ രേഖകള്‍ സര്‍ക്കാറില്‍ സമര്‍പ്പിച്ച ഭൂവുടമകള്‍ ഭൂമിയില്‍ പ്രവേശിക്കാനോ വീടുകളുടെ അറ്റകുറ്റപ്പണികള്‍ നടത്താനോ സാധിക്കാതെ വലിയ പ്രയാസത്തിലായിരുന്നു. ഇത് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രദേശത്തുകാര്‍ നിരവധി തവണ സര്‍ക്കാറിന് നിവേദനം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ കിന്‍ഫ്ര വായ്പ ലഭ്യമാക്കി ഭൂമി ഏറ്റെടുക്കണമെന്നാണ് തീരുമാനമുണ്ടായത്.
എന്നാല്‍ ഇത്രയും വലിയ തുക വായ്പയായി ലഭ്യമാക്കാന്‍ കാലതാമസം നേരിട്ടതോടെ ഏറ്റെടുക്കല്‍ നടപടികള്‍ വീണ്ടും നീണ്ടു. ഇതോടെ പ്രതിഫലം നല്കി ജനങ്ങളെ മാറ്റിപാര്‍പ്പിക്കുന്നത് സാധിക്കാതെ വന്നു. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടന്‍ വിഷയം സ്ഥലം എം.എല്‍.എ എന്ന നിലയില്‍ കെ.കെ. ശൈലജ സര്‍ക്കാറിെൻറ ശ്രദ്ധയില്‍പെടുത്തുകയും ഇതേത്തുടര്‍ന്ന് ധനകാര്യ വകുപ്പ് നേരിട്ട് തുക കണ്ടെത്തി സ്ഥലം ഏറ്റെടുക്കുന്നതിന് മുഖ്യമന്ത്രി നിർദേശം നല്‍കുകയും ചെയ്തു. തുടര്‍ന്നാണ് ഭൂമി ഏറ്റെടുക്കുന്നതിനുള്ള തുക ധനവകുപ്പ് പ്രത്യേകമായി അനുവദിച്ചു നല്‍കിയത്.
ഇതോടെ ഒമ്പതു വര്‍ഷമായി പ്രദേശത്തെ തൊണ്ണൂറോളം കുടുംബങ്ങള്‍ നേരിട്ടുകൊണ്ടിരുന്ന പ്രശ്നത്തിനാണ് പരിഹാരമാവുന്നത്. കോവിഡ് പ്രതിസന്ധിയുടെ ഈ കാലത്തും ജനങ്ങളുടെ പ്രയാസങ്ങള്‍ മനസ്സിലാക്കിയാണ് തുക ലഭ്യമാക്കുന്ന നടപടികള്‍ സര്‍ക്കാര്‍ പൂര്‍ത്തീകരിച്ചതെന്ന് കെ.കെ. ശൈലജ എം.എല്‍.എ അറിയിച്ചു.