ജെൻസിയുടെ മനസ്സറിയാൻ ‘കളം’; ഇന്ററാക്ടിവ് പ്ലാറ്റ്ഫോമിന് തുടക്കം
text_fieldsജില്ല ഭരണകൂടം ആവിഷ്കരിച്ച ‘കളം’ പരിപാടിയുടെ ഭാഗമായി വിദ്യാർഥികളുമായി സംസാരിക്കുന്ന കലക്ടർ പി. വിഷ്ണുരാജ്. അസി. കലക്ടർ എസ്. സ്വാതി സമീപം
കണ്ണൂർ: പുതുതലമുറയുടെ ആശയങ്ങൾ ഉൾക്കൊണ്ട് ഭരണനിർവഹണം നടത്താനായി ജില്ല ഭരണകൂടവും ജില്ലയിലെ വിദ്യാർഥികളും തമ്മിൽ പരസ്പര ആശയവിനിമയത്തിനായി ആവിഷ്കരിച്ച ‘കളം’ ഇൻററാക്ടിവ് പ്ലാറ്റ്ഫോമിന് തുടക്കമായി. കലക്ടർ പി. വിഷ്ണുരാജിന്റെ നേതൃത്വത്തിലുള്ള പദ്ധതിയുടെ നടത്തിപ്പിന് അസി. കലക്ടർ എസ്. സ്വാതി പിന്തുണ നൽകുന്നുണ്ട്.
നിരന്തര ആശയവിനിമയത്തിലൂടെ വിദ്യാർഥികളിൽ ആത്മവിശ്വാസം വളർത്തുക, അവരിൽനിന്ന് ഏറ്റവും പുതിയ ആശയങ്ങൾ സ്വീകരിക്കുക എന്നിവയാണിതിന്റെ ലക്ഷ്യം. ഒപ്പം ലഹരി ഉപയോഗം, ലൈംഗികാതിക്രമങ്ങൾ, ഫോൺ അഡിക്ഷൻ തുടങ്ങിയ പ്രശ്നങ്ങളെക്കുറിച്ച് വിദ്യാർഥികളിൽ അവബോധം സൃഷ്ടിക്കാനും ലക്ഷ്യമിടുന്നുണ്ട്.
ഇതിന്റെ ഭാഗമായി വിവിധ വിദ്യാലയങ്ങളിലെ വിദ്യാർഥികളുമായി കലക്ടർ സംവദിക്കും. പദ്ധതിയുടെ തുടക്കമായി കണ്ണൂർ ഗവ. ടൗൺ സ്കൂൾ, മട്ടന്നൂർ ശ്രീശങ്കര വിദ്യാപീഠം എന്നിവിടങ്ങളിൽനിന്നുള്ള വിദ്യാർഥികൾ ബുധനാഴ്ച കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ എത്തി. കുട്ടികളുടെ സൃഷ്ടിപരമായ ചിന്തകളും ആശയവിനിമയ കഴിവുകളും വളർത്തുന്നതിനായി വിവിധ കളികളും പ്രവർത്തനങ്ങളും പരിചയപ്പെടുത്തി. ചിത്രങ്ങളടങ്ങിയ പേപ്പറുകൾ നൽകി അവ അടിസ്ഥാനമാക്കി കഥകൾ രൂപപ്പെടുത്താൻ കുട്ടികളെ പ്രോത്സാഹിപ്പിച്ചതും പരിപാടിയുടെ പ്രത്യേകതയായി.
വിദ്യാർഥികൾക്കും കുട്ടികൾക്കും സഹായവും പരിഹാരവും ലഭ്യമാക്കുന്നതിനായി വിവിധ ഹെൽപ് ലൈൻ സേവനങ്ങളെയും പിന്തുണ സംവിധാനങ്ങളെയും പരിപാടിയിൽ പരിചയപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

