കക്കാട് തെരുവ് നായ് ആക്രമണം; ഏഴുപേര്‍ക്ക് കടിയേറ്റു
text_fieldsകണ്ണൂര്‍: കോര്‍പറേഷന്‍ പരിധിയില്‍ അറുതിയില്ലാതെ തെരുവുനായ് ആക്രമണം തുടരുന്നു. കക്കാട് ശനിയാഴ്ച ഏഴുപേര്‍ക്കാണ് കടിയേറ്റത്. ശാദുലിപ്പള്ളി, അരൂം എന്നിവിടങ്ങളിലാണ് തെരുവുനായ് ആക്രമണമുണ്ടായത്. വി.സി. മുഹമ്മദ് (10), ബുഷ്‌റ (45), അഫ്‌സല്‍ (48) മന്‍സൂര്‍ (48), ആസീമ (65), ഫാത്തിബി കണിയാങ്കണ്ടി (80), റെസ്മിയ എന്നിവരെയാണ് തെരുവ് നായ് ആക്രമിച്ചത്. പത്തുവയസുകാരൻ വി.സി. മുഹമ്മദിന്റെ കൈവിരലുകള്‍ നായ് കടിച്ചുപറിച്ചു. മുഹമ്മദ് കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ ചികിത്സ തേടി. അരൂം ഭാഗത്തേക്ക് കളിക്കാന്‍ പോകുന്നതിനിടെയാണ് മുഹമ്മദിന് കടിയേറ്റത്. ആസീമ, ഫാത്തിബി എന്നിവരെ വീടിനുള്ളില്‍ കയറിയാണ് നായ് കടിച്ചത്. വീട്ടുമുറ്റത്ത് നില്‍ക്കുന്നതിനിടെയാണ് ബുഷ്‌റക്ക് കടിയേറ്റത്. രക്ഷിക്കാനെത്തിയ ഭര്‍ത്താവ് അഫ്‌സലിനും കടിയേറ്റു. പരിക്കേറ്റവര്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.
ഏഴുപേരെയും കടിച്ചത് ഒരുനായ് തന്നെയാണ്. ഈ നായെ പ്രദേശത്ത് ചത്ത നിലയില്‍ കണ്ടെത്തി. പ്രദേശത്ത് തെരുവുനായ് ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറഞ്ഞു. തെരുവുനായ്ക്കളെ പേടിച്ച് രക്ഷിതാക്കളോടൊപ്പമാണ് കുട്ടികള്‍ സ്‌കൂളിലേക്ക് പോകുന്നത്. തെരുവുനായ് ശല്യത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ കോര്‍പറേഷനെ നിരവധി തവണ സമീപിച്ചെങ്കിലും നടപടി ഉണ്ടായില്ല.
മാസങ്ങള്‍ക്ക് മുമ്പ് പയ്യാമ്പലത്ത് വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന തമിഴ്നാട് സ്വദേശികളുടെ മകന്‍ ഹരിത്ത് തെരുവനായ് ആക്രമണത്തിന് ഇരയായി പേവിഷ ബാധയേറ്റ് ചികിത്സയിലിലിരിക്കെ മരിച്ചിരുന്നു. കോര്‍പറേഷന്‍ അനാസ്ഥയ്ക്കെതിരെ അന്ന് വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. പ്രതിഷേധം കടുത്തതോടെ അലഞ്ഞുതിരിയുന്ന നായ്ക്കളെ പിടികൂടി ഷെല്‍ട്ടറില്‍ അടുക്കുമെന്നും ഇതിനായി പ്രത്യേകം സ്ഥലം കണ്ടെത്തി ഷെല്‍ട്ടര്‍ സ്ഥാപിക്കുമെന്നും കേര്‍പറേഷന്‍ അധികൃതര്‍ പറഞ്ഞിരുന്നു. എന്നാല്‍ പ്രഖ്യാപനം പാഴ്വാക്കായി.
കണ്ണൂര്‍ നഗരത്തില്‍ പാറക്കണ്ടി, എസ്.എന്‍ പാര്‍ക്ക്, താളിക്കാവ്, താവക്കര, തളാപ്പ്, യോഗശാല റോഡ്, കണ്ണൂര്‍ പഴയ ബസ് സ്റ്റാന്‍ഡ്, പാമ്പന്‍ മാധവന്‍ റോഡ് എന്നിവിടങ്ങളില്‍ തെരുവുനായ് ശല്യം രൂക്ഷമാണ്. രാത്രികാലങ്ങളില്‍ ഇരുചക്ര വാഹനങ്ങളില്‍ പോകുന്നവരെ ഇവ പിന്തുടര്‍ന്ന് കടിക്കുന്നതും നിത്യസംഭവമാണ്. തെരുവുനായ് ശല്യം തുടര്‍ക്കഥയാവുമ്പോഴും പ്രശ്ന പരിഹാരത്തിന് നടപടി കൈകൊള്ളാതെ കോര്‍പറേഷന്‍ അധികൃതർ മൗനം തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

