കടവത്തൂർ പുഴ: അപകടം പതിയിരിക്കുന്ന ആറ്റുപുറം എ.സി കെട്ട്
text_fieldsകടവത്തൂർ പുഴയിലെ ആറ്റുപുറം ഭാഗത്തെ എ.സി കെട്ട്
പാനൂർ: കടവത്തൂർ പുഴയിലെ ആറ്റുപുറം എ.സി കെട്ട് എന്നറിയപ്പെടുന്ന ഭാഗം അപകടമേഖലയായി. കഴിഞ്ഞദിവസം കുളിക്കാൻ ഇറങ്ങിയ മുബഷീറിെൻറ മുങ്ങിമരണമാണ് ഒടുവിലത്തെ ദുരന്തം. ബന്ധുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽപ്പെടുകയായിരുന്നു.
ഏറെ നേരത്തെ തിരച്ചിലിനൊടുവിലാണ് മൃതദേഹം പുറത്തെടുത്തത്്. വെള്ളം തടഞ്ഞുനിർത്താൻ നിർമിച്ച അണക്കെട്ടിന് മുകളിലൂടെ താഴേക്ക് പതിക്കുന്ന ഇവിടത്തെ കാഴ്ച മനോഹരമാണ്.
ഇതിെൻറ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെയാണ് ഇവിടെ ദിവസേന വിദ്യാർഥികൾ ഉൾപ്പെടെ നിരവധിപേർ കുളിക്കാനെത്തുന്നത്. എന്നാൽ, നന്നായി നീന്തൽ വശമുള്ളവർപോലും ഒഴുക്കിൽപെടാൻ സാധ്യതയുള്ള അപകട മേഖലയാണിതെന്ന് പരിസരവാസികൾ പറയുന്നു.
ഇതേ സ്ഥലത്ത് കഴിഞ്ഞ മാസം പുഴയിൽ ഒഴുക്കിൽപെട്ട യുവാവിനെ പരിസരവാസികൾ രക്ഷപ്പെടുത്തിയിരുന്നു.
തുടർന്ന് ഇവിടെ കുളിക്കാൻ ഇറങ്ങുന്നത് അപകടമാണെന്ന് ബോർഡ് വെച്ചിട്ടുണ്ട്. എന്നാൽ, ഒരു സുരക്ഷാ മുൻകരുതലുമില്ലാതെയാണ് വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ ഇവിടെ കുളിക്കാനിറങ്ങുന്നത്.
ഇന്നലെയുണ്ടായ അപകടത്തിനുശേഷം പാനൂർ നഗരസഭ, തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി. പരിസരത്ത് അപകടം സംഭവിക്കാതിരിക്കാനാവശ്യമായ നടപടി ഉടൻ സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.