കടന്നപ്പള്ളി സംസ്കരണ പ്ലാന്റ്; പ്രതിഷേധവുമായി നാട്ടുകാർ
text_fieldsപയ്യന്നൂർ: കടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചായത്തിൽ കണ്ണൂർ ഗവ.മെഡിക്കൽ കോളജ് പരിസരത്ത് മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി സാനിറ്ററി മാലിന്യ സംസ്കരണത്തിന് ഡബിൾ ചേംബർ ഇൻസിനറേറ്റർ സ്ഥാപിക്കുന്നതിനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം വ്യാപകം.
ജില്ലയിലെ പ്രധാനപ്പെട്ട ആതുരാലയവും ജനവാസവുമുള്ള സ്ഥലത്തെ മാലിന്യ സംസ്കരണ പദ്ധതി അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാർ.മെഡിക്കൽ കോളജ് കോമ്പൗണ്ടിനോട് ചേർന്ന് ഔഷധിയുടെ സ്ഥലത്താണ് മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കുന്നത്.
രണ്ട് മെഡിക്കൽ കോളജുകളും അനുബന്ധ ആശുപത്രികളും ഹോസ്റ്റലുകളും സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ജില്ലയിലെ മാലിന്യങ്ങളെല്ലാം കൊണ്ടുവന്ന് തള്ളാൻ പറ്റിയ ഇടമാക്കാൻ അനുവദിക്കരുതെന്നാണ് നാട്ടുകാർ പറയുന്നത്. കടന്നപ്പള്ളി തോട്ടിലേക്കുള്ള നീർച്ചാലുകളുടെ ഈ പ്രഭവകേന്ദ്രത്തിൽ തന്നെയാണ് മാലിന്യം സംസ്കരണ പദ്ധതി കൊണ്ടുവരുന്നതും പ്രതിഷേധം വർദ്ധിപ്പിക്കുന്നു.അതേ സമയം പദ്ധതി സംബന്ധിച്ച് പൊതുജനങ്ങളുടെ ആശങ്കയകറ്റാൻ പ്രത്യേക യോഗം വിളിച്ച് ചേർക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.
ജില്ല കലക്ടർ പി. വിഷ്ണുരാജിന്റെ നേതൃത്വത്തിൽ ചേർന്ന സർവകക്ഷി യോഗത്തിലാണ് ഈ തീരുമാനം. തദ്ദേശ വകുപ്പിന് ലഭിച്ച 50 സെന്റ് ഭൂമിയിലാണ് അത്യാധുനിക സംവിധാനങ്ങളോടെ ക്ലീൻ കേരള കമ്പനിയുടെ നേതൃത്വത്തിൽ ഡബിൾ ചേംബർ ഇൻസിനറേറ്റർ സ്ഥാപിക്കുന്നത്. പദ്ധതി സംബന്ധിച്ച് പൊതുജനങ്ങൾക്കുള്ള ആശങ്കയകറ്റാൻ ഭരണകൂടം ഇടപെടണമെന്ന് യോഗത്തിൽ പങ്കെടുത്ത രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ആവശ്യപ്പെട്ടു. പദ്ധതി സംബന്ധിച്ച് ക്ലീൻ കേരള കമ്പനി പ്രതിനിധി ഫൗസിയ ജലാലുദ്ധീൻ വിശദീകരിച്ചു. മെഡിക്കൽ കോളജിലെ സീവേജ് പ്ലാന്റ് പൊട്ടിയൊലിക്കുന്നത് പലരും ചൂണ്ടിക്കാട്ടി. എന്നാൽ, ഈ പ്രശ്നവും സാനിറ്ററി മാലിന്യ സംസ്കരണ പദ്ധതിയും തമ്മിൽ കൂട്ടിക്കുഴയ്ക്കരുതെന്നും ഇരു പ്രശ്നങ്ങളിലും ജില്ല ഭരണകൂടത്തിന്റെ ഇടപെടൽ ഉണ്ടാകുമെന്നും ജില്ല കലക്ടർ പി. വിഷ്ണുരാജ് ഉറപ്പ് നൽകി.
സീവേജ് പ്ലാന്റുമായി ബന്ധപ്പെട്ട പ്രശ്നം പ്രത്യേകമായി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. അസിസ്റ്റന്റ് കലക്ടർ എസ്. സ്വാതി, കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി ചന്ദ്രൻ, വൈസ് പ്രസിഡന്റ് വി.എ കോമളവല്ലി, സ്ഥിരം സമിതി ചെയർമാൻ ടി.വി മോഹനൻ, തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടർ പി.എം ധനീഷ് രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

