കെ. സുധാകരെൻറ ശ്രമം ആരോപണങ്ങളിൽനിന്ന് ജനശ്രദ്ധ തിരിക്കാൻ –എം.വി. ജയരാജന്
text_fieldsകണ്ണൂർ: നിയമസഭ തെരഞ്ഞെടുപ്പില്‍നിന്ന് ഒരുപാഠവും കോണ്‍ഗ്രസ് പഠിച്ചില്ലെന്നതിെൻറ തെളിവാണ് ഡി.വൈ.എഫ്.ഐക്കും സന്നദ്ധ സംഘടനയായ ഐ.ആർ.പി.സിക്കും എതിരായ കെ. സുധാകരന് എം.പിയുടെ പഴിപറച്ചിലെന്ന് സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജന് പ്രസ്താവനയില്‍ പറഞ്ഞു.
കെ.പി.സി.സി എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം മമ്പറം ദിവാകരന് പരസ്യമായി ഉന്നയിച്ച ആരോപണങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനാണ് സുധാകരെൻറ ശ്രമം. ദിവാകരന് ഉന്നയിച്ച കാര്യങ്ങള്‍ക്ക് കോണ്‍ഗ്രസ് അണികളെയും ജനങ്ങളെയും ബോധ്യപ്പെടുത്തുന്ന മറുപടി സുധാകരനില്‍ നിന്നുണ്ടായിട്ടില്ല.
ഡി.സി.സി ഓഫിസ് പണിയുന്നതിനും ചിറക്കല്‍ രാജാസ് സ്കൂള്‍ വിലകൊടുത്ത് വാങ്ങുന്നതിനും പ്രവാസികളില്‍ നിന്നടക്കം പിരിച്ചെടുത്ത കോടികള്‍ എവിടെയെന്നാണ് ദിവാകരെൻറ ചോദ്യം. ഡി.സി.സി ഓഫിസ് പണി പൂര്‍ത്തിയാക്കുകയോ സ്കൂള്‍ വാങ്ങുകയോ ചെയ്തിട്ടില്ല.
ഡി.സി.സി എക്സിക്യൂട്ടിവ് അംഗമായ ഒട്ടോറിക്ഷ തൊഴിലാളി പുഷ്പരാജിെൻറ കാല് തല്ലിയൊടിക്കാനും ഒട്ടോ കത്തിക്കാനും നേതൃത്വം നല്‍കിയത് സുധാകരനാണെന്നും ദിവാകരന് പറഞ്ഞിട്ടുണ്ട്. ഇതിനൊന്നും മറുപടി നല്കാന് സുധാകരന് കഴിഞ്ഞിട്ടില്ല. സ്വന്തം കാലിലെ മന്ത് മറച്ചുപിടിക്കാന്‍ മന്തില്ലാത്തവരെ കുറ്റപ്പെടുത്തുന്ന സുധാകരെൻറ നിലപാട് പരിഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു.

