കെ. സുധാകരൻ എം.പി ടി. പത്മനാഭനെയും വാണിദാസ് എളയാവൂരിനെയും സന്ദർശിച്ചു
text_fieldsകെ.പി.സി.സി പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ട കെ. സുധാകരന് കഥാകൃത്ത് ടി. പത്മനാഭനെ കണ്ണൂരിലെ വീട്ടിലെത്തി സന്ദര്‍ശിച്ചപ്പോള്‍
കണ്ണൂർ: നിയുക്ത കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ എം.പി, ടി. പത്മനാഭനെയും വാണിദാസ് എളയാവൂരിനെയും സന്ദർശിച്ച് അനുഗ്രഹം തേടി.
കെ.പി.സി.സി പ്രസിഡൻറ് സ്ഥാനം ഏറ്റെടുക്കുംമുമ്പ് സാഹിത്യ–സാംസ്കാരിക രംഗത്തെ പ്രമുഖരെ കണ്ട് അനുഗ്രഹങ്ങൾ തേടുന്നതിെൻറ ഭാഗമായാണ് അദ്ദേഹം ഇവരുടെ വീടുകൾ സന്ദർശിച്ചത്. വെല്ലുവിളികളെ അതിജീവിക്കാന്‍ കഴിയട്ടെയെന്ന് കഥാകൃത്ത് ടി. പത്മനാഭന് ആശംസ നേർന്നു. ശനിയാഴ്ച ഉച്ചയോടെയാണ് കെ. സുധാകരന്, ടി. പത്മനാഭെൻറ പള്ളിക്കുന്ന് രാജേന്ദ്ര നഗറിലുള്ള വസതിയിലെത്തിയത്. അരമണിക്കൂറിലധികം ആശയവിനിമയം നടത്തി.
തുടർന്ന് അദ്ദേഹം എഴുത്തുകാരൻ വാണിദാസ് എളയാവൂരിെൻറ കൃഷ്ണപുരം വീട്ടിൽ അനുഗ്രഹം തേടിയെത്തി. തനിക്കുള്ള വലിയ അംഗീകാരമാണ് നിയുക്ത കെ.പി.സി.സി പ്രസിഡൻറിെൻറ സന്ദർശനമെന്നും ജയിക്കുക, ഭരിക്കുക എന്ന ഉപദേശമാണ് നൽകാനുള്ളതെന്നും വാണിദാസ് എളയാവൂർ കെ. സുധാകരൻ എം.പിയോട് പറഞ്ഞു.
ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി, കെ.പി.സി.സി ജനറല്‍ സെക്രട്ടറി മാര്ട്ടിന് ജോര്‍ജ്, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ സുരേഷ് ബാബു എളയാവൂർ, പി. മാധവൻ മാസ്റ്റർ തുടങ്ങിയവരും നിയുക്ത പ്രസിഡൻറിനൊപ്പം ഉണ്ടായിരുന്നു.