
കെ-റെയിൽ പദ്ധതി: മുഖ്യമന്ത്രി നടത്തുന്നത് നുണ പ്രചാരണം –പി.കെ. കൃഷ്ണദാസ്
text_fieldsകണ്ണൂര്‍: കെ-റെയിലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തുന്ന നുണപ്രചാരണം അവസാനിപ്പിക്കണമെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതിയംഗവും റെയില്‍വേ പാസഞ്ചേഴ്സ് അമിനിറ്റീസ് കമ്മിറ്റി ചെയര്‍മാനുമായ പി.കെ. കൃഷ്ണദാസ്. കണ്ണൂരില്‍ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ -റെയിലുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാറോ റെയില്‍വേ മന്ത്രാലയമോ ഒരു ഉറപ്പും സംസ്ഥാനത്തിന് ഇതുവരെ നല്‍കിയിട്ടില്ല.
എന്നാല്‍, മുഖ്യമന്ത്രി പറയുന്നത് കെ -റെയില്‍ തുടങ്ങാന്‍ ആവശ്യമായ ചില അനുമതികള്‍ റെയില്‍വേ മന്ത്രാലയവും കേന്ദ്രസര്‍ക്കാറും നല്‍കിയിട്ടുണ്ടെന്നാണ്. ഇത് തികച്ചും അടിസ്ഥാന രഹിതമാണ്. കേരളത്തില്‍ കുടിയിറക്കപ്പെടുന്ന ലക്ഷക്കണക്കിന് കുടുംബങ്ങള്‍ ഇപ്പോള്‍ പ്രക്ഷോഭത്തിലാണ്. ഈ പ്രക്ഷോഭം സംസ്ഥാന സര്‍ക്കാറിനെതിരായാണ് ഉയര്‍ന്നുവരുന്നത്. അതുകൊണ്ട് ജനങ്ങളുടെ പ്രതിഷേധത്തില്‍നിന്ന് രക്ഷപ്പെടാനും കേന്ദ്രസര്‍ക്കാറിനെ കൂട്ടുപ്രതിയാക്കാനുമുള്ള നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്.
കുടിയിറക്കപ്പെടുന്ന ലക്ഷക്കണക്കിനാളുകളുടെ ആശങ്ക കണ്ടില്ലെന്ന് നടിക്കാന്‍ കേന്ദ്രത്തിനാവില്ല. ഇത്രയും സാമ്പത്തിക ബാധ്യതയേറ്റെടുത്ത് അത്യാവശ്യമായി നടപ്പാക്കേണ്ട പദ്ധതിയല്ല കെ -റെയില്‍ എന്ന ബി.ജെ.പി നിലപാട് കേന്ദ്ര സര്‍ക്കാറിനെ അറിയിച്ചിട്ടുണ്ട്. കോവിഡ് സാഹചര്യത്തില്‍ എല്ലാ പാസഞ്ചര്‍ ട്രെയിനുകളും നിര്‍ത്തലാക്കിയിരുന്നു.
എന്നാല്‍, ഇപ്പോള്‍ കേരളമൊഴികെ മറ്റെല്ലാ സംസ്ഥാനങ്ങളിലും പാസഞ്ചര്‍ ട്രെയിനുകള്‍ പുനരാരംഭിച്ചു. മറ്റ് സംസ്ഥാനങ്ങളില്‍ ടി.പി.ആര് കുറഞ്ഞു. എന്നാല്‍, കേരളത്തില്‍ കോവിഡ് രോഗികള്‍ വർധിച്ചുവരുകയാണ്. സംസ്ഥാന സര്‍ക്കാര്‍ കോവിഡ് പ്രോട്ടോകോള്‍ ശക്തമായി നടപ്പാക്കുന്ന സാഹചര്യത്തില്‍ റിസര്‍വേഷന്‍ സംവിധാനത്തില്‍ക്കൂടി മാത്രമേ ട്രെയിന്‍ യാത്ര സാധ്യമാവുകയുള്ളു. കോവിഡ് രോഗികളുടെ എണ്ണം കുറയുന്ന സാഹചര്യത്തില്‍ പാസഞ്ചര്‍ ട്രെയിനുകള്‍ ആരംഭിക്കും -അദ്ദേഹം പറഞ്ഞു.