എം.ജി റോഡ് ജങ്ഷനിൽ അപകടക്കെണിയായ ഡിവൈഡറിൽ തട്ടിക്കൂട്ട് പരിഹാരം
text_fieldsതലശ്ശേരി പഴയ ബസ് സ്റ്റാൻഡ് എം.ജി റോഡ് ട്രാഫിക്ക് വലയിലെ ഡിവൈഡർ
തലശ്ശേരി: പഴയ ബസ് സ്റ്റാൻഡ് എം.ജി റോഡ് ജങ്ഷനിൽ വാഹനങ്ങൾക്ക് അപകടക്കെണിയായി മാറിയ ഡിവൈഡറിൽ താൽകാലിക സംവിധാനമൊരുക്കി അധികൃതർ തടിയൂരി. പലതവണ വാഹനമിടിച്ച് രണ്ട് ഭാഗവും തകർന്ന ഡിവൈഡറിൽ ട്രാഫിക് കോണും റിഫ്ലക്റ്റീവ് ഹസാർഡ് വാണിങ് സ്റ്റിക്കറും സ്ഥാപിച്ച് താൽകാലിക പരിഹാരമൊരുക്കുകയായിരുന്നു.
ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെ കണ്ണൂർ ഭാഗത്ത് നിന്നെത്തിയ കാർ ഡിവൈഡറിലേക്ക് പാഞ്ഞുകയറിയതാണ് ഒടുവിലുണ്ടായ അപകടം. കാറിലുണ്ടായിരുന്ന കുടുംബം തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം തകർന്നതിന് പുറമെ ഡിവൈഡറിനും കാര്യമായ കേടുപാടുണ്ടായി.
ഒരാഴ്ചക്കുള്ളിൽ ഡിവൈഡറിൽ നടക്കുന്ന മൂന്നാമത്തെ അപകടമായിരുന്നു ഇത്. എം.ജി റോഡ് നവീകരണത്തിനിടയിൽ നിരന്തരം അപകടമുണ്ടാക്കിയ കോൺക്രീറ്റിലുള്ള പഴയ ഡിവൈഡർ പൊളിച്ചാണ് അതേ സ്ഥലത്ത് ഡിവൈഡർ പുനർനിർമിച്ചത്. ഊരാളുങ്കൽ സൊസൈറ്റിയാണ് നിർമാണം നടത്തിയത്. എന്നാൽ, ഡിവൈഡറിൽ റിഫ്ലക്ടർ സ്ഥാപിക്കാതിരുന്നത് പതിവായി അപകടത്തിനിടയാക്കി. ഡിവൈഡറിൽ പാഞ്ഞുകയറി ചെറുതും വലുതുമായ നിരവധി വാഹനങ്ങൾ അപകടത്തിൽപ്പെട്ടിട്ടുണ്ട്. തലശ്ശേരി - കണ്ണൂർ ദേശീയപാതയിലെ പ്രധാന കവലയാണിത്. ദീർഘദൂര ബസുകൾ ഉൾപ്പെടെ നിർത്തി യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും ഡിവൈഡർ പരിസരത്താണ്. വാഹനങ്ങൾ അടുത്തെത്തുമ്പോൾ മാത്രമേ ഡിവൈഡർ ശ്രദ്ധയിൽപ്പെടുന്നുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

